കൈനൂരില്‍ അഞ്ചു ലക്ഷം രൂപ നല്‍കി വാടകയ്ക്കെടുത്ത വീട് ബാങ്ക് ജപ്തി ചെയ്തു; വാടക തുക മടക്കിനല്‍കാതെ വീട്ടുടമ മുങ്ങി, അഞ്ചംഗ കുടുംബം പെരുവഴിയില്‍

New Update

തൃശൂര്‍: തൃശൂര്‍ കൈനൂരില്‍ അഞ്ചു ലക്ഷം രൂപ ഒറ്റയടിക്കു നല്‍കി വാടകയ്ക്കെടുത്ത വീട് ബാങ്ക് ജപ്തി ചെയ്തതോടെ വീട്ടുകാര്‍ പെരുവഴിയില്‍. വാടക തുക മടക്കിനല്‍കാതെ മുങ്ങിയ വീട്ടുടമയുടെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിമാസ വാടക നല്‍കേണ്ടതിനു പകരമാണ് അഞ്ചു ലക്ഷം ഒറ്റയടിക്കു നല്‍കിയത്.

Advertisment

publive-image

വീടൊഴിഞ്ഞു കൊടുക്കുമ്പോള്‍ ഈ അഞ്ചു ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നായിരുന്നു കരാര്‍. പക്ഷേ, വീടിന്റെ ആധാരം പണയപ്പെടുത്തി ഉടമ മുപ്പത്തിയഞ്ചു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടി തുടങ്ങി. അ‍ഞ്ചു ലക്ഷം രൂപ തിരിച്ചുവാങ്ങി വീടൊഴിയാന്‍ വാടകക്കാര്‍ പലതവണ ശ്രമിച്ചു. വീട്ടുടമയുടെ സഹോദരനായിരുന്നു പണം വാങ്ങി കരാര്‍ എഴുതിയത്.

പണം തിരിച്ചുനല്‍കാതെ കബളിപ്പിച്ചു. ഒല്ലൂര്‍ പൊലീസിന് വാടകക്കാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ്, ബാങ്ക് അധികൃതര്‍ പൊലീസ് അകമ്പടിയില്‍ വീടൊഴിപ്പിച്ചത്. മൂന്നു മക്കളും ഭാര്യയും അടങ്ങുന്നതായിരുന്നു മനോജിന്റെ കുടുംബം. വാടകവീട് എടുക്കാന്‍ ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയാണ് അഞ്ചു ലക്ഷം സ്വരൂപിച്ചത്.

Advertisment