മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ

New Update

publive-image

എകെജി സെന്‍ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Advertisment

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്. രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററിൽ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്നും ​കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്

Advertisment