മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോള്‍ കാമുകി മറ്റൊരു വിവാഹത്തിന് ഒരുങ്ങി; യുവതിയെയും അമ്മയെയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, February 6, 2021

തമിഴ്നാട് : കൊറുക്കുപ്പേട്ടിൽ യുവാവ് കാമുകിയെയും അമ്മയെയും തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കൊറുക്കുപ്പേട്ട് സ്വദേശിയായ സതീഷ് ആണ് കാമുകി രജിതയെയും അമ്മയെയും കൊലപ്പെടുത്തിയത്. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

ഇന്നലെ പുലർച്ചെയാണ് രജിതയെയും അമ്മയെയും തീ കൊളുത്തി കൊലപ്പെടുത്തിയശേഷം സതീഷ് ആത്മഹത്യ ചെയ്‍തത്. പുലർച്ചെ വീട്ടിൽ നിന്ന് തീ ഉയരുന്നുവെന്ന നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് ഫയർഫോഴ്‌സ് എത്തുമ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

താൻ ചതിക്കപ്പെട്ടു എന്ന തരത്തിലുള്ള 33 പേജ് നീണ്ട സതീഷിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. കുറിപ്പ് പ്രകാരം രജിതയും സതീഷും എഴുവർഷമായി പ്രണയത്തിലായിരുന്നു. കോർപറേഷൻ ജീവനക്കാരനായിരുന്ന വെങ്കിടേശന്റെ മകളാണ് രജിത. വെങ്കിടേശന്റെ മരണത്തെത്തുടർന്നു കോർപറേഷനിൽ താൽക്കാലിക ജോലിയില്‍ രജിത പ്രവേശിച്ചു .

അടുത്തിടെ ജോലി സ്ഥിരപ്പെട്ടത്തിനെത്തുടർന്ന് മറ്റൊരു വിവാഹം ആലോചിച്ചെന്നാണ് സതീഷ് പറയുന്നത്. ഇതിൽ പ്രകോപിതനായ സതീഷ് അമ്മയെയും മകളെയും തീ വെച്ച് കൊല്ലുകയായിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

×