തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്‌സീന്‍ ഇന്ന് കേരളത്തിലെത്തും. വാക്‌സീനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും.
കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്‌സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്‌സിന്‍ എത്തിക്കുക.
കേന്ദ്ര സംഭരണ ശാലകളില്‍ നിന്ന് എത്തുന്ന കൊവിഷീല്‍ഡ് വാക്‌സീന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് സ്‌റ്റോറില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്‌സീന്‍ നല്‍കും.
എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്‌സീനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്‌സീന്‍ നല്‍കും. വാക്‌സീന്റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ സജ്ജമാക്കും.