ഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്കെതിരെ ഡല്‍ഹി പൊലീസ് നടപടികള്‍ ശക്തമാക്കി. ടൂള്‍കിറ്റ് രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ദിശ രവി ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ അംഗങ്ങളുമായി സൂം മീറ്റിങ്ങില്‍ പങ്കെടുത്തെന്ന ആരോപണം നിലനില്‍ക്കെ, ഈ മീറ്റിങ്ങിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് വീഡിയോ കോണ്‍റന്‍സിങ് പ്ലാറ്റ്ഫോമായ ' സൂം ' മിനെ സമീപിച്ചു.
ഖാലിസ്ഥാന്‍ അനുകൂല സംഘടനയുമായി ദിശ രവി സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 26 മുതല്‍ കര്‍ഷക സമരത്തിന് രാജ്യാന്തര പിന്തുണ കൂട്ടുന്നതിനുളള ചര്‍ച്ചകളും ടൂള്‍കിറ്റിന് അന്തിമ രൂപം നല്‍കിയതും ഈ സൂം മീറ്റിങ്ങിലായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.
ഇപ്പോള്‍ അറസ്റ്റിലായ ദിശ രവി, അഭിഭാഷകയായ നികിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശാന്തനു മുളുക് എന്നിവരാണ് ടൂള്‍ കിറ്റ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ടൂള്‍ കിറ്റ് കൈമാറിയതും ദിശ രവിയാണെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.