1. തലശ്ശേരിയില്‍ രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതി പാറായി ബാബു ഇരിട്ടിയിൽ പിടിയിൽ. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരാണ് കൊല്ലപ്പെട്ടത്.
2. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്ന് ഗുര്‍ജര്‍ വിഭാഗത്തിന്റെ ഭീഷണി. സച്ചിന്‍ ചതിയനെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സച്ചിന്‍ പൈലറ്റ് രാജി വച്ചേക്കുമെന്നും അഭ്യൂഹം.
3. മംഗ്ലൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടന രംഗത്ത്. മംഗ്ലൂരു പൊലീസിന് സംഘടനയുടെ പേരിൽ സ്ഫോടനത്തിന്റെ അവകാശവാദം അറിയിച്ച് കൊണ്ട് കത്ത് ലഭിച്ചു. മംഗ്ലൂരു മഞ്ജുനാഥ ക്ഷേത്രത്തിലാണ് സ്ഫോടനം നടത്താൻ ഉദ്ദേശിച്ചിരുന്നതെന്ന് കത്തിൽ പറയുന്നു. ഈ സംഘടനയെ കുറിച്ചു കൂടുതൽ അറിയില്ലെന്ന് പൊലീസ്.
4. കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം. റോഡ് ഉപരോധിച്ച പുരുഷന്‍മാരെ അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു.
5. എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
6. തലശ്ശേരി ജനറൽ ആശുപതിയിൽ ചികിൽസ തേടിയ 17 വയസ്സുകാരൻ സുൽത്താന്‍റെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്ത് പൊലീസ്. തലശ്ശേരി ജനറൽ ആശുപതിയിലെ ഡോ. വിജു മോനെതിരെയാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തത്. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിയുടെ കൈയാണ് മുറിച്ചു മാറ്റേണ്ടി വന്നത്.
7. പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു താമസം.
8. ഖത്തര്‍ ലോകകപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ തോല്‍പിച്ചു. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബെല്‍ജിയം കാനഡയെയും പരാജയപെടുത്തി. ഉറുഗ്വ-ദക്ഷിണ കൊറിയ മത്സരം സമനിലയില്‍ കലാശിച്ചു. രാത്രി നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഘാനയെ തോല്‍പിച്ചു.
9. കോൺഗ്രസിന് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്ന് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികളോട് അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും വോട്ട് പാഴാക്കാതെ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും കെജ്‌രിവാള്‍.
10. എകെജി സെന്‍റർ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി. കോടതി മുൻകൂർ ജാമ്യം നവ്യക്ക് നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശ പ്രകാരമാണ് നവ്യ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.