Advertisment

ട്വീറ്റ് ചെയ്ത് വെട്ടിലായി അനില്‍ ആന്റണി; ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ സംഘർഷം; അഭിമാനം സിറാജ്, സൂര്യ ! നയനക്കേസില്‍ കാണാതായ തൊണ്ടിമുതലുകള്‍ സ്‌റ്റേഷനില്‍ തന്നെ-ബുധനാഴ്ചയിലെ ടോപ് 10 വാര്‍ത്തകള്‍

New Update

publive-image

Advertisment

1. ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ സംഘർഷം. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിട്ടും വിദ്യാർഥികള്‍ സംഘടിച്ചെത്തിയതിനെ തുടർന്നാണ് പൊലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ചു വിദ്യാര്‍ഥികളെ കരുതല്‍ തടങ്കലിലാക്കി.

2. ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് വിവാദത്തിൽ ചാടിയ അനിൽ ആന്റണി പാർട്ടി പദവികളിൽനിന്ന് രാജിവച്ചു. കെപിസിസി ‍ഡിജിറ്റിൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്നു. ഈ രീതിയില്‍ പോയാല്‍ കോണ്‍ഗ്രസിന്റെ ഭാവി വിദൂരമാണെന്ന് അനില്‍.

3. യുവ സംവിധായിക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കാണാതായ തൊണ്ടിമുതലുകള്‍ കണ്ടെത്തി. നയന സൂര്യയുടെ മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റ്, തലയണ കവറുകള്‍, ചില വസ്ത്രങ്ങള്‍ എന്നിവയാണ് മ്യൂസിയം സ്‌റ്റേഷനില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിയില്‍നിന്ന് കണ്ടെടുത്തത്.

publive-image

4. കിഴക്കൻ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടുവെന്നു റിപ്പോർട്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണമായി തുടരുന്നതിനിടെ പുറത്തു വന്ന റിപ്പോർട്ട് ഗൗരവകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

5. 2022-ലെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സിയുടെ പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്. ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒന്നാമത്. ശുഭ്മാന്‍ ഗില്‍ ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ആറാമതെത്തി.

6. ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. എസ്. അനന്തഗോപന്‍. നാണയങ്ങള്‍ എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍.

7. നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. എസ് എച്ച് ഒ ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. പ്രതികളുടെ ചിത്രം ചോർത്തി നൽകിയ പോലീസുകാർക്കെതിരെയും നടപടിയുണ്ടാകും.

publive-image

8. പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്.

9. ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ ഈറോഡിന് അടുത്ത് സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി.  യാത്രാമധ്യേ കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു ശ്രീശ്രീ രവിശങ്കറും സംഘവും.

10. രഞ്ജി ട്രോഫിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ കേരളം പുതുച്ചേരിയെ 371 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേന, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, ഒരു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്.

Advertisment