Advertisment

അമ്പലത്തിനടുത്ത് പളളിയുടെ സെറ്റ് ഇടേണ്ട; ടൊവിനോ നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് അടിച്ച് തകര്‍ത്ത് രാഷ്ട്രീയ ബജ്‌റംഗ്ദള്‍,വിദ്വേഷ പ്രചാരണവും

author-image
ഫിലിം ഡസ്ക്
New Update

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ച് വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ കൂറ്റന്‍ സെറ്റാണ് വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ക്ഷേത്രത്തിന് മുന്നിലാണ് ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് ഇട്ടെന്ന് ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.

Advertisment

publive-image

സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് കേരളം ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍ ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ എന്നാണ് ഹരി പാലോട് പോസ്റ്റിൽ കുറിച്ചത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കാലടി മണപ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്പുവടികളുമായും രാഷ്ട്രീയ ബജ്‌റംഗ്ദള്‍ തകര്‍ത്തത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിര്‍മ്മാണം. ക്ഷേത്രം അധികൃതരില്‍ നിന്നും എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിര്‍മ്മാതാവ് അറിയിച്ചു. സിനിമയുടെ സെറ്റ് തകര്‍ത്ത് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം പേര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

tovino thomas lock down minnal murali
Advertisment