ഇന്ത്യൻ നിരത്തുകളിൽ പുതിയ ടൊയോട്ട 14 സീറ്റർ എംപിവി ഹിയാസ് എത്തി

നാഷണല്‍ ഡസ്ക്
Wednesday, May 12, 2021

2021 മോഡൽ ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ് ഇന്ത്യയിൽ എത്തി. എന്നാൽ, ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ഹിയാസ് എംപിവി 55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടത്തിന് കമ്ബനി വാഹനത്തെ നിരത്തിലിറക്കിയിരുന്നു.

14 സീറ്റർ എംപിവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയെന്നാണ് സൂചന. മികച്ച സ്വീകാര്യതയുള്ള വെൽ‌ഫയറിനൊപ്പം തന്നെയാകും ഹിയാസും വിപണിയിൽ ഇടംപിടിക്കുക. 1967 മുതൽ ടൊയോട്ടയുടെ ജന്മനാടായ ജപ്പാനിൽ എംപിവി അരങ്ങുവാഴുന്നുണ്ട്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ എത്തുന്നത് 2004 അവസാനത്തോടെയാണ്. 2019-ൽ പുതിയ മോഡൽ എംപിവി ടൊയോട്ട അവതരിപ്പിച്ചു.

ഇന്ത്യയിൽ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനായിരിക്കും കമ്ബനി ഹിയാസിൽ വാഗ്‌ദാനം ചെയ്യുക. സിൽവർ, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ മാത്രമേ ടൊയോട്ട ഹിയാസിൽ ലഭ്യമാവുകയുള്ളൂ. റിപ്പോർട്ട് പ്രകാരം പൂർണമായും വിദേശത്ത് നിർമിച്ച്‌ ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ചിൽ 50 യൂണിറ്റുകളാകും ഉൾപ്പെടുക. 2.8 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാകും GL വേരിയന്റിൽ മാത്രം എത്തുന്ന എംപിവിക്ക് തുടിപ്പേകുക. ഇത് പരമാവധി 151 bhp കരുത്തിൽ 300 Nm ടോർക്കും ഉത്പാദിപ്പിക്കും. എഞ്ചിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, സിഡി, ഓക്സ്, യുഎസ്ബി എന്നിവയുള്ള 2-ഡിൻ ഓഡിയോ, ഓരോ വരിയിലും എയർ കണ്ടീഷനിംഗ് വെന്റുകൾ, സെമി-റെക്ലൈനിംഗ് സീറ്റുകൾ, ഇബിഡിയുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, പവർ സ്ലൈഡിംഗ് പിൻ ഡോറുകൾ തുടങ്ങിയവയെല്ലാം എംപിവിയിൽ നൽകിയിരിക്കുന്നു.

×