Advertisment

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലാണ് ഇത് നടക്കുന്നതെന്ന് ! ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളും, ഏറ്റവും വലിയ പാർപ്പിട സമുച്ചയവും, ഏറ്റവും വലിയ ഹോട്ടലും ഒക്കെ പണിത് കൂട്ടിയ ദുബായ് ഭരണാധികാരി ഇതുവരെ പറഞ്ഞിട്ടില്ല ഇങ്ങനൊന്നും ? ബീഹാറിലും ബംഗാളിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കാവശ്യമായ ബലിദാനമാണോ ഡല്‍ഹി കലാപം ? ദാസനും വിജയനും എഴുതുന്നു

New Update

publive-image

Advertisment

നമ്മുടെ നാട്ടിലെ സ്‌കൂൾടീച്ചർമാരുടെ മക്കൾക്ക് ഒരു പ്രത്യേകസ്വഭാവമാണ് , ഫ്രണ്ട്‌സ് എന്ന സിനിമയിലെ നായകനായ ജയറാമിന്റെ സ്വഭാവത്തോട് ഉപമിക്കാവുന്ന ഒരു പ്രത്യേക പിടിവാശി .

എല്ലാറ്റിലും അവർക്ക് ഒന്നാംസ്ഥാനം ലഭിക്കണം , അവർക്ക് വളണ്ടിയർ ബാഡ്ജ് കുത്തണം , അവർക്ക് സ്‌റ്റേജിൽ കയറി മറിയണം , മൈക്ക് ടെസ്റ്റിങ് നടത്തണം , ലൈബ്രറിയിൽ പുസ്തകം വന്നാൽ പുതിയ ബാലരമയും പൂമ്പാറ്റയും അമർചിത്ര കഥയും ആദ്യം അവർക്ക് ലഭിക്കണം , അങ്ങനെയങ്ങനെ എല്ലാറ്റിലും ഒന്നാം നമ്പർ ആകണം .

എന്നാലോ എല്ലാം ഓരോരോ തരത്തിൽ കടിഞ്ഞൂൽ പൊട്ടന്മാർ ആയിരിക്കും . കഴിവുള്ള കുട്ടികളെ ഒരു മൂലയ്ക്കിരുത്തി അവർ വിലസും . ഒരിക്കൽ സ്‌കൂൾ വാർഷികപരിപാടിക്കിടയിൽ വള്ളിയമ്മ ടീച്ചർ ഓടിവന്നിട്ട് പറഞ്ഞു : ''ഒന്നാം സ്ഥാനക്കാരന്റെ പേര് വിളിക്കുമ്പോൾ ഹെഡ്മാഷിന്റെ മകൻ സ്റ്റേജിൽ കയറി സമ്മാനം വാങ്ങിക്കും , എന്നിട്ട് അത് സ്റ്റേജിന്റെ പിറകിൽവെച്ച് തന്റെ കയ്യിൽ തരും എന്ന് ''. ഹെഡ്മാഷിന്റെ മകന് മൂന്നാം സ്ഥാനം ഇഷ്ടമല്ലാത്തതുകൊണ്ട് ടീച്ചറുടെ ഒത്താശ !!

publive-image

ഇതാണ് ഈയാഴ്ചയിലെ ട്രംപിന്റെ സ്വീകരണ വേദിയിൽവെച്ച് നമ്മുടെ പ്രധാനമന്ത്രി കാട്ടിക്കൂട്ടിയതെന്നു പറഞ്ഞാല്‍ ദോഷം പറയരുത് ! ഒരു യുപി സ്‌കൂൾ നാടകംപോലെയായിരുന്നു സ്റ്റേജിലും പ്രസംഗത്തിലുമൊക്കെ നമ്മൾ കണ്ടത് . യഥാർത്ഥ ഇന്ത്യയുടെ പ്രശ്നം ഇതാണോ ? ഇതാണോ ഇന്നത്തെ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ആവശ്യം ? ഇതാണോ വീട്ടമ്മമ്മാരുടെ ആവശ്യം ? ഇതാണോ സാധാരണക്കാരന്റെ ആവശ്യം ? അനുദിനം കൂപ്പുകുത്തുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രശ്നം ഇതാണോ? ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് പണം വാരിക്കോരി ചൊരിഞ്ഞാൽ ചന്ദ്രനിൽ വേണേലും ഇത്രേം ആളെയിറക്കി പരിപാടി കെങ്കേമമാക്കി തരും .

അതിപ്പോൾ ഒരു പ്രധാനമന്ത്രിയുടെ കഴിവായി കാണുക പ്രയാസമാണ് . ഇന്ത്യയിൽ ആർക്കും ആളെകൂട്ടുവാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ആവശ്യമില്ല . കേവലം ഒരു അഭിസാരികയുടെ പേരിൽ ഒരു നിയമസഭാ മൊത്തം വളഞ്ഞ , അതിന്നായി ലക്ഷക്കണക്കിന് ആളുകൾ ഓടിയെത്തിയ നാട്ടിൽ ഒരു വിദേശ പ്രസിഡണ്ടിന്റെ സ്വീകരണത്തിന് ഇതൊന്നും പോരാ . ചുരുങ്ങിയത് ഒരു തൃശൂർ പൂരമെങ്കിലും എഴുന്നെള്ളിക്കണം . ഞങ്ങൾ കണ്ടതിൽ വെച്ചേറ്റവും വലിയ ഇവന്റുകളിൽ ഒന്ന് തൃശൂർ പൂരം തന്നെ . അതൊക്കെ കഴിഞ്ഞിട്ടേ ഒളിമ്പിക്‌സും ഫിഫയും ടുമോറോ ലാൻഡും ഒക്കേം വരൂ . തൃശൂർ പൂരം നടത്തിപ്പ് അത്ര എളുപ്പമല്ല എന്ന് ഊഹിക്കാവുന്നതേയുള്ളൂ !!!

publive-image

ഈനാംപേച്ചിക്ക് .... കൂട്ട് എന്നതുപോലെയായിരുന്നു അന്നവർ ആ സ്‌റ്റേജിൽ കിടന്നു കസർത്തു കാട്ടിക്കൂട്ടിയത് . ഇടുക്കി ഡാമും കൊങ്കൺ റെയിലും ബക്ര അണക്കെട്ടും ഒക്കെ പണിത ഇന്ത്യയുടെ പ്രധാനമന്ത്രി , ഇത്രയും വലിയ ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നു , അതും മൂന്നോ നാലോ തവണ , '' ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലാണ് ഇത് നടക്കുന്നത് എന്ന് ''.

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളും , ലോകത്തെ ഏറ്റവും വലിയ പാർപ്പിട സമുച്ചയവും , ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലും ഒക്കെ പണിത് കൂട്ടിയ കൊച്ചുദുബായുടെ ഭരണാധികാരി ഇതുവരെ പറഞ്ഞിട്ടില്ല ഇതൊന്നും . അതൊക്കെ മനസ്സിലാക്കേണ്ടവർ മനസിലാക്കിയാൽ മതി എന്നാണ് അദ്ദേഹത്തിന്റെ രീതികൾ . ഒരു പ്രധാനമന്ത്രി ഇത്രയും കോച്ചാവാൻ പാടില്ലായിരുന്നു !

നമ്മുടെ വളരെയടുത്ത സുഹൃത്തുക്കൾ വരെ ഇദ്ദേഹത്തിന്റെ തള്ളുകളിൽ ആകൃഷ്ടരായി അദ്ദേഹത്തിന് വോട്ടും ചെയ്ത് ഇപ്പോൾ ഒരു സ്ഥലക്കച്ചവടവമോ ഡീലുകളോ നടക്കാതെ ട്രൗസർ പൊട്ടിയിരിക്കുന്നുണ്ട് . അവർക്കിപ്പോഴും ഇദ്ദേഹം ദൈവപുത്രനാണ് . ഒരു നാൾ കേണൽ ഗദ്ദാഫിയുടെ പതനം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു കാരണം ആരും സന്തോഷവാന്മാരല്ല , എല്ലാവരും വിഷമത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് . അമിത പ്രതീക്ഷകൾ തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു . ആത്മഹത്യകളും വിഷാദരോഗങ്ങളും പെരുകുന്നു . ഇതൊന്നും ട്രംപ് വന്നാൽ അവസാനിക്കില്ലല്ലോ ?

publive-image

പൗരത്വ ബില്ലും കണക്കെടുപ്പും ഡിറ്റൻഷൻ ക്യാമ്പുകളും ഒക്കെ ജനങ്ങളെ പറ്റിക്കുവാൻ പ്രയോഗിക്കാം . ഇന്നിപ്പോൾ ചർച്ചകൾ ഷെഹീൻബാഗും ഭീം ആർമിയും ഡൽഹിയിലെ ആസൂത്രിത കലാപങ്ങളും ഒക്കെയാണ് . ഇതിന്നിടയിൽ എന്തൊക്കെ തരത്തിലുള്ള അഴിമതികൾ നടന്നു പോകുന്നു , കേരളത്തിലും കേന്ദ്രത്തിലും . എന്തൊക്കെ വിറ്റു തുലക്കുന്നു ? എന്തൊക്കെ ഡീലുകൾ അരങ്ങേറുന്നു ?

ലോകത്തിലെ ഏറ്റവും വലിയ ഡിഫൻസ് കമ്പനി അദാനിയുടെ പേരിൽ അലഹബാദിലേക്ക് വരുന്നു . ആരാണീ അദാനി ? മോദിജിക്ക്‌ പിറക്കാതെ പോയ പുന്നാര മകൻ . മോഡിയും ഷായും ദിനേനെ പത്തുപ്രാവശ്യം തെറി വിളിക്കുന്ന പാകിസ്താനിലേക്കുള്ള വൈദ്യതി കൊടുക്കുന്നതും നമ്മുടെ അദാനിയാണ് . വിഴിഞ്ഞവും വിമാനത്താവളവും അദാനിയുടേതാണ് .

ഈ അദാനി ആരാണ് എന്നാരും അന്വേഷിച്ചിട്ടുണ്ടോ ? ഈ പൗരത്വ കരിനിയമങ്ങൾ കൊണ്ടുവന്നവർക്കൊക്കെ അറിയാം ഇതൊന്നും നടപ്പിലാക്കുവാൻ അത്ര ഈസിയല്ല എന്ന് . എന്നാലും ആർക്കോ വേണ്ടി തിളപ്പിക്കുന്ന സാമ്പാർ എന്ന് മാത്രം കരുതിയാൽ മതി . ചൈനക്ക് അമേരിക്ക കൊറോണ സമ്മാനിച്ചു , ഗൾഫിന് യെമനെയും ഖത്തറിനെയും സമ്മാനിച്ചു , മിഡിൽ ഈസ്റ്റിനു സിറിയയെ സമ്മാനിച്ചു , കൊറിയക്കു കൊറിയയെ സമ്മാനിച്ചു .

publive-image

ഇന്ത്യക്ക് പാക്കിസ്ഥാനെ സമ്മാനിക്കുവാൻ നോക്കിയെങ്കിലും ഒന്നും വിലപ്പോവില്ലെന്ന് കണ്ടപ്പോൾ സമ്മാനിച്ചതാണ് ഈ പൗരത്വ ബിൽ . ഇതോടെ ഇന്ത്യയും ഒരു വഴിക്കാവും . ഇന്നിപ്പോൾ തലസ്ഥാനം കത്തുകയാണ് . കുറെ പാവപ്പെട്ടവർ മരിച്ചു വീഴുമെങ്കിലും , കുറെ കുട്ടികൾ അനാഥരാകുമെങ്കിലും , കുറെ ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുമെങ്കിലും അതിനുമപ്പുറം ഒരു ഉയിർത്തെഴുന്നേൽപ്പ് ഉറപ്പാണ് .

ഇതുവരെ അവരൊന്നും കാണിക്കാത്ത കെട്ടുറപ്പ് അല്ലെങ്കിൽ ഐക്യം ഇനിയുള്ള നാളുകളിൽ കാണാം . മക്കളെ നന്നായി പഠിപ്പിക്കും , അലസത ഒഴിവാക്കും . കേരളത്തിലെപ്പോലെ ആ വിഭാഗം സമൂഹത്തിൽ ഉന്നതിയിൽ എത്തും . ഭംഗിയായി പകരം വീട്ടാം . ഉദാഹരണമായി ഹിറ്റ്ലറാൽ അടിച്ചമർത്തപ്പെട്ട യഹൂദികൾ ഇന്ന് എവിടെയാണ് ? യുദ്ധങ്ങളാലും പ്രകൃതി ക്ഷോഭങ്ങളാലും പരീക്ഷിക്കപ്പെട്ട ജപ്പാൻ ഇന്നെവിടെയാണ് ? അങ്ങനെയൊന്നും ഒരു രാജ്യമോ വ്യക്തിയോ സമൂഹമോ തീരുമാനിച്ചാൽ ചിലതൊന്നും ഇല്ലാതാക്കുവാൻ സാധ്യമല്ല.

publive-image

അതിനു ദൈവം തന്നെ വിചാരിക്കണം . ചെകുത്താനെ ആരാധിക്കുന്നവർക്ക് താത്കാലികമായ വിജയങ്ങൾ ഉണ്ടാകുമെങ്കിലും അവസാന വിജയം ദൈവത്തിന്റെ ആരാധകർക്ക് തന്നെയാണ് എന്നതാണ് പ്രകൃതി നിയമം .

ഇന്നിപ്പോൾ നമ്മുടെ തലസ്ഥാനം കത്തിയമരുകയാണ് , അവിടെ ഒരു മുഖ്യമന്ത്രിയുണ്ട് , ആ മനുഷ്യന് വോട്ടുചെയ്തവരെ തന്നെയാണ് കത്തിച്ചു കൂട്ടുന്നത് , ആരായിരിക്കും ഇതിന്റെയൊക്കെ പിന്നിൽ ? ആ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് പ്രതികരിക്കുവാനാകുന്നില്ല ? ആ മുഖ്യമന്ത്രീ ആരെയാണ് പേടിക്കുന്നത് ? അല്ലെങ്കിൽ അമേരിക്കയിലും ബീഹാറിലും ബംഗാളിലും മറ്റും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കാവശ്യമായ ബലിദാനമാണോ ഈ കലാപം ?

ചെകുത്താൻ ആരാധകർക്ക് എപ്പോഴും മനുഷ്യക്കുരുതി ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കുമോ ഈ പ്രസിഡണ്ടിന്റെ വരവിൽ തന്നെ ഈ ബലിദാനവും അഗ്നി കുണ്ഡങ്ങളും ? ഇതൊക്കെ ഇവരുടെ നേർച്ചയാണോ ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഭരണം കിട്ടിയതിന്റെ ഉപകാരസ്മരണയാണോ ഈ കലാപങ്ങൾ ?

വിദ്യാസമ്പന്നമായ നമ്മുടെ ചെറുപ്പക്കാർ എന്തേ ഒന്നും മിണ്ടാത്തെ ? അർണാബ് ഗോസാമിയല്ലാത്ത മറ്റുള്ള ഉശിരന്മാരായ പത്രപ്രവർത്തകരൊക്കെ എവിടെ ? സിനിമക്കാരിൽ ഒരു വിജയ് , കമൽഹാസൻ ഒഴിച്ച് ബാക്കിയുള്ള നായകന്മാരൊക്കെ എവിടെ ? അമിതാബച്ചൻ അമീർഖാൻ ഷാരൂഖ്ഖാൻ സൽമാൻഖാൻ (രജനികാന്ത് വേണ്ട) മമ്മുട്ടി മോഹൻലാൽ ഒക്കെ ഇപ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ടോ ? യുസഫലിക്ക കശ്മീർ ആപ്പിൾ കിട്ടിയപ്പോൾ മതിമറന്നുപോയോ ? സാഹിത്യ സാമൂഹിക ബുദ്ധിജീവികളിൽ ചിലരൊക്കെ ആസനത്തിൽ വാലും ചുരുട്ടി ഇരിക്കുന്നതെന്തേ ? നിയമകാര്യാലയങ്ങളൊക്കെ അടച്ചുപൂട്ടിയോ ?

ഇനിയുള്ള കാലം മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ ഇപ്പോൾ പ്രതികരിക്കുക !!!

അണ്ണാറക്കണ്ണനും തന്നാലായത് !!!

ദുഖത്തോടെ അമർഷത്തോടെ ഒരു പാവം ദാസനും അതിലേറെ വിഷമത്തോടെ പാവം വിജയനും

dasanum vijayanum
Advertisment