തിരുവനന്തപുരം: കഴക്കൂട്ടത്ത് എസ്‌ഐയും സംഘവും യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സാമൂഹ്യ വിരുദ്ധരെ ഒഴിപ്പിക്കാനെന്ന പേരിലെത്തിയ പൊലീസാണ് യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും മര്‍ദ്ദിച്ച പൊലിസുകാരനെതിരെ നടപടി എടുക്കാതെ സസ്‌പെന്റ് ചെയ്ത ശേഷം തിരിച്ചെടുത്തു. പൊലീസിനെതിരെ പരാതി പറഞ്ഞതില്‍ ഭീഷണിയുണ്ടെന്ന് മര്‍ദ്ദനമേറ്റ ഷിബുകുമാര്‍ ആരോപിച്ചു.
സാമൂഹ്യ വിരുദ്ധരെ ഒഴിപ്പിക്കാനെന്ന പേരിലാണ് കഴക്കൂട്ടം എസ്‌ഐ വിമലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ഇവിടെ എത്തിയത്. മേല്‍പ്പാലത്തിനടയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന് റസിഡന്‍സ് അസോസിയേഷന്റെ പരാതിയുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.
മഫ്തിയില്‍ സ്വകാര്യ കാറിലെത്തിയ പൊലീസ് സംഘം അവിടെ കണ്ടവരെ ഒക്കെ ആട്ടിപ്പായിച്ചു. ഒപ്പം ലാത്തിയടിയും. ഈ പാലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ഷിബുകുമാര്‍ പൊലീസ് എത്തിയതിറിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റത്.
ഇവിടത്തെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയാണ് ഷിബു. അസോസിയേഷന്‍ പരാതി നല്‍കിയിട്ടില്ലെന്ന് ഇദ്ദഹം പറയുന്നു.