തിരുവനന്തപുരം: കേരള ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്നു ശാസ്താംകോട്ട സ്വദേശിയായ ബിരുദ വിദ്യാർഥി അഭിരാമി (20) ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായി സഹകരണമന്ത്രി വി.എൻ.വാസവൻ.
കേന്ദ്രത്തിന്റെ സർഫാസി നിയമപ്രകാരമാണു ജപ്തി നടപടികൾ നടക്കുന്നത്. ഈ നിയമത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ല. കേരള ബാങ്ക് അധികൃതർ അഭിരാമിയുടെ വീടിനു മുന്നിൽ ജപ്തിയുടെ ബോർഡ് സ്ഥാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിൽനിന്നു മന്ത്രി ഒഴിഞ്ഞുമാറി.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമിയെ ചൊവ്വാഴ്ച വൈകിട്ട് 4.30നു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാൻ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്. ജപ്തി ബോർഡ് വച്ചത് മാനസികമായി തകർത്തെന്നു മാതാപിതാക്കളോട് അഭിരാമി പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.