കടക്കെണിയിൽ കേരളത്തിന് റാങ്ക്-9, മൊത്തം കടബാദ്ധ്യത നാലു ലക്ഷം കോടിയായി ഉയർന്നു. ഓരോ പൗരനും 1.14ലക്ഷം രൂപയുടെ കടക്കാരനായി. സർക്കാരിന്റെ വൻ ധൂർത്തിനൊപ്പം നികുതിപിരിവിലെ വീഴ്ചയും; കിഫ്ബി നിലച്ച മട്ട്. `കട്ടപ്പുറത്തെ കേരളം ' ഉയർത്തിക്കാട്ടി ബജറ്റിനെ പ്രതിരോധിക്കാൻ യു.ഡി.എഫ്

New Update

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാദ്ധ്യത നാലു ലക്ഷം കോടിയായി ഉയർന്നെന്നും ഇതുവഴി ഓരോ പൗരനും 1.14ലക്ഷം രൂപയുടെ കടക്കാരനായെന്നും ചൂണ്ടിക്കാട്ടി സർക്കാരിന്റെ ധനമാനേജ്മെന്റിനെ അതിനിശിതമായി വിമർശിച്ച് യു.ഡി.എഫിന്റെ ധവളപത്രം. സംസ്ഥാനത്തെ ഓരോ പൗരനും 1.14ലക്ഷം രൂപയുടെ കടക്കാരനാണ്.

Advertisment

publive-image


മോശം നികുതിപിരിവും ധൂർത്തും അഴിമതിയുമാണ് പ്രതിസന്ധിക്കു കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുറത്തുവിട്ട `കട്ടപ്പുറത്തെ കേരളം 'എന്ന പേരിലിറക്കിയ ധവളപത്രത്തിൽ വ്യക്തമാക്കി.


ബജറ്റ് അടുത്ത വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കാനിരിക്കെ, ധവളപത്രം ഉയർത്തിക്കാട്ടി നിയമസഭയിൽ സർക്കാരിനെ കടന്നാക്രമിക്കാനാണ് യു.ഡി.എഫ് നീക്കം. എന്നാൽ, പ്രതിപക്ഷം കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നും ഉല്പാദനത്തിന് ആനുപാതികമായുള്ള കടമേ സംസ്ഥാനത്തിനുള്ളൂവെന്നുമാണ് സർക്കാരിന്റെ വാദം. കടത്തിന്റെ പരിധി വിട്ട് പോയിട്ടില്ലെന്നും ധനമന്ത്രി വാദിക്കുന്നുണ്ട്.

വിലക്കയറ്റത്തിനൊപ്പം സർക്കാർ തലത്തിലെ അഴിമതിയും ധൂർത്തും ധവളപത്രത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട്. സംസ്ഥാനം ലക്ഷ്യമിട്ട തനത് നികുതി വരുമാനവും പിരിച്ചെടുക്കാൻ സാധിച്ച നികുതി വരുമാനവും തമ്മിലുള്ള അന്തരമാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ അഞ്ച് വർഷം നികുതിയിനത്തിൽ പിരിക്കാനാവാത്ത തുക 70,000 കോടിയാണ്.

ജി.എസ്.ടി വരുന്നതോടെ നികുതി വരുമാനത്തിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധനയുണ്ടാകുമെന്ന് കഴിഞ്ഞ സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും വിഭവ സമാഹരണത്തിൽ കഴിഞ്ഞ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തിൽ താഴെ നിൽക്കേണ്ടതാണ്. 2027 ആകുമ്പോഴേക്കും ഈ അനുപാതം 38.2 ശതമാനം ആകുമെന്നാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. എന്നാൽ അതിനെ മറികടന്ന് ഇപ്പോൾ തന്നെ 39.1 ശതമാനമായി ആയി ഉയർന്നു.

മുഖ്യമന്ത്രിയുടെ ധൂർത്ത് ധവളപത്രത്തിൽ എടുത്തുപറയുന്നുണ്ട്. ചിലവ് ഇങ്ങനെയാണ്- സത്യപ്രതിജ്ഞയ്ക്ക് ഒരു കോടി, 28 സുരക്ഷാവാഹനങ്ങളോടെ യാത്ര, മുഖ്യമന്ത്രിക്കായി വാങ്ങിയത് 7 വാഹനങ്ങൾ, ക്ളിഫ് ഹൗസിൽ കാലിത്തൊഴുത്തിന് 42.50 ലക്ഷം, നീന്തൽക്കുളം നവീകരണത്തിന് 32 ലക്ഷം, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ലണ്ടൻ യാത്രയക്ക് 43.14 ലക്ഷം, നോർവേ യാത്രയ്ക്ക് 46.93ലക്ഷം

ഇടത് സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കിഫ്ബി പ്രവർത്തനം നിലച്ച മട്ടാണ്. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട കിഫ്ബിക്ക് ആറര വർഷം കൊണ്ട് 6201 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇതുവരെ 962 പദ്ധതികൾക്കായി 73,908 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നൽകിയിരുന്നത്.


വായ്പയും സർക്കാർ സഹായവുമുൾപ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 കോടിയാണ്. ഇതിൽ 2022 ജൂൺ വരെ 20,184.54 കോടി ചെലവഴിച്ചു. ശേഷിക്കുന്ന 3419.75 കോടി കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് കിഫ്ബിക്ക് മുന്നിലുള്ളത്. കഴിഞ്ഞ ധവളപത്രത്തിൽ യു.ഡി.എഫ് ഇക്കാര്യം പ്രവചിച്ചിരുന്നു.


publive-image

കടക്കെണിയിൽ കേരളത്തിന് ഒമ്പതാം സ്ഥാനമാണ് ( 3.29 ലക്ഷം കോടി) ഇപ്പോഴുള്ളത്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളോട് കിടപടിക്കുന്ന കടമാണ് ഇത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ ശ്വാസം മുട്ടിച്ച് മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ അനുമതി കിട്ടുമെന്ന് ഉറപ്പില്ലാത്ത സിൽവർലൈൻ പദ്ധതിക്ക് 56 കോടിയാണ് ചെലവഴിച്ചത്.

വൻ നികുതി ചോർച്ചയാണ് സംസ്ഥാനത്തുണ്ടായതെന്ന് കണക്കുകൾ നിരത്തി ധവളപത്രം സ്ഥാപിക്കുന്നു. 2021-22 സാമ്പത്തിക വർഷം ലക്ഷ്യമിട്ടത് 71,833.28 കോടി വരുമാനമായിരുന്നു. എന്നാൽ പിരിച്ചെടുത്ത നികുതിയാവട്ടെ 58,340.49 കോടി മാത്രം. പിരിക്കാൻ കഴിയാതിരുന്നത് 13,492.79 കോടി നികുതിയാണ്. സി.പി.ജോൺ ചെയർമാനായ യു.ഡി.എഫിന്റെ ധനകാര്യ പ്ളാനിംഗ് സബ് കമ്മിറ്റിയാണ് ധവളപത്രം തയ്യാറാക്കിയത്.

Advertisment