Advertisment

വനിതാ ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമിയില്‍

New Update

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടും പാക്കിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും സെമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 47 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. തോല്‍വിയോടെ വെസ്റ്റിന്‍ഡീസ് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസ് 17.1 ഓവറില്‍ എല്ലാവരും പുറത്തായി.

Advertisment

publive-image

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ഡാനിയേല വ്യാറ്റ് (29), നതാലിയ സ്‌കൈവര്‍ (57), ഹെതര്‍ നൈറ്റ് (17), അമി ജോണ്‍സ് (23), കാതറീന്‍ ബ്രണ്ട് (10) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ 'നിലയ്ക്കുനിര്‍ത്താന്‍' വെസ്റ്റിന്‍ഡീസ് ബൗളിങ് ടീമിന് കഴിഞ്ഞില്ല. അവസാന ഓവറുകളിലെ റണ്ണൊഴുക്കും ഇംഗ്ലണ്ടിന് താരതമ്യേന മികച്ച സ്‌കോര്‍ സമ്മാനിച്ചു.

സെമി സാധ്യത ഉറപ്പാക്കാന്‍ ജയം അനിവാര്യമായിരുന്ന വിന്‍ഡീസ് തുടക്കം മുതലേ ബാറ്റിംഗില്‍ പതറി. ഹെയ്ലി മാത്യൂസ് (10), സ്റ്റെഫാനി ടെയ്ലര്‍ (15), ബ്രിട്നി കൂപ്പര്‍ (15), ലീ ആന്‍ കിര്‍ബി (20), ആലിയ അലെയ്നി (10) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കംകടന്നത്. മൂന്ന് കളിക്കാര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി എക്കല്‍സ്റ്റോണും രണ്ട് വിക്കറ്റ് നേടിയ സാറ ഗ്ലെന്നുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പികള്‍.

മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു. പാക്കിസ്ഥാനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശം. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 136 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍നിന്നു സെമിയിലെത്തിയ മറ്റൊരു ടീം.

publive-image

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണര്‍മാരെ ക്ഷണത്തില്‍ നഷ്ടമായെങ്കിലും മധ്യനിര ടീമിനെ കാത്തു. മരിസാനി കാപ് (31), മിഗ്‌നന്‍ ഡു പ്രീസ് (17), ലോറ വോള്‍വാര്‍ഡ്ട് (53), സുനീ ലുസ് (12), കോള്‍ ട്രയോണ്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന കളിക്കാര്‍. പാക്കിസ്ഥാനുവേണ്ടി ഡയാന ബെയ്ഗ് രണ്ടു വിക്കറ്റ് വീഴ്ത്തി. മറ്റു ബൗളര്‍മാര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം പാക്കിസ്ഥാന് മുതലെടുക്കാനായില്ല. മനീബ അലി (12), ജാവേറിയ ഖാന്‍ (31), ആലിയ റിയാസ് (39), ഇറാം ജാവേദ് (17) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. മറ്റു താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ബാറ്റിംഗിലെ വേഗക്കുറവും പാക്കിസ്ഥാന് തിരിച്ചടിയായി. മൂന്നു കളികളില്‍ മൂന്നിലും ജയിച്ച് ആറു പോയന്റുമായാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം.

world cup twenty20 womens cricket
Advertisment