തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്ത് സഭ തള്ളിയെങ്കിലും അതിന്റെ രാഷ്ട്രീയ വിജയം അവകാശപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ രംഗത്തു വന്നു കഴിഞ്ഞു.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, നയതന്ത്ര പാഴ്‌സല്‍ വഴി ഖുറാന്‍ കടത്ത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങിവച്ചതെങ്കിലും സര്‍ക്കാരിന് അതിനെ ഫലപ്രദമായി മറികടക്കാന്‍ കഴിഞ്ഞു എന്നു തന്നെയാണ് വിലയിരുത്തല്‍. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെയ്ത പദ്ധതികളും അവയുടെ നേട്ടവും കൃത്യമായി അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണപക്ഷ എംഎല്‍എമ്മാര്‍ക്കുമായി.
കോവിഡ് കാലത്ത് എന്തിനൊരു അവിശ്വാസ പ്രമേയചര്‍ച്ച എന്നൊരു ചോദ്യം മുമ്പോട്ടുവച്ചാണ് സര്‍ക്കാര്‍ നേരത്തെ പ്രതിപക്ഷത്തെ വിമര്‍ശിച്ചിരുന്നത്. എങ്കിലും കാര്യമായി ഗൃഹപാഠം ചെയ്താണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചവര്‍ എത്തിയത്. എന്നാല്‍ പ്രതിപക്ഷത്തുനിന്നും സംസാരിച്ചവരില്‍ പലരും ചര്‍ച്ചയെ ഗൗരവമായി എടുത്തോ എന്നും സംശയമുണ്ട്.
ഒമ്പതേക്കാല്‍ കോടി രൂപയുടെ അഴിമതി !
അവിശ്വാസ പ്രമേയ അവതാരകനായ വിഡി സതീശന്റെ പ്രസംഗം കാര്യമായ ചലനമുണ്ടാക്കിയില്ലെന്നു തന്നെയാണ് പൊതു അഭിപ്രായം. കൃത്യമായ വിഷയങ്ങലിലൂന്നിയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രസംഗം. പല ആരോപണങ്ങളും ആരോപണത്തിനുവേണ്ടി മാത്രമായി പറഞ്ഞതെന്നു തോന്നും വിധമയിരുന്നു പ്രകടനം.
ബെവ്ക്യൂ ആപ്പിലെ സഖാവിനെ ലൈഫ് മിഷനിലേക്ക് കൊണ്ടുവന്നു അഴിമതിയാരോപണം 9.25 കോടിയിലേക്ക് ഉയര്‍ത്തിയെങ്കിലും ആരും അതു ഏറ്റുപിടിക്കാനെത്തിയില്ല. സതീശനില്‍ നിന്നും കൃത്യമായ രേഖകള്‍ വച്ചുള്ള ആരോപണം പ്രതീക്ഷവച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം.
പ്രതിപക്ഷത്തെ സ്‌ട്രൈക്കര്‍മാര്‍
പ്രതിപക്ഷത്ത് നിന്നും പ്രമേയത്തില്‍ പങ്കെടുത്ത് സംസാരിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം ഷാജി, പിജെ ജോസഫ്, പിടി തോമസ്, അനൂപ് ജേക്കബ്, എം ഉമ്മര്‍, ഷാഫി പറമ്പില്‍, എംകെ മുനീര്‍ എന്നിവരായിരുന്നു. തിരുവഞ്ചൂരും പിടി തോമസും പ്രതീക്ഷയ്ക്ക് ഒത്തു ഉയര്‍ന്നില്ലെങ്കിലും ശരാശരി നിലവാരം പുലര്‍ത്തി.
പക്ഷേ ഷാഫി പറമ്പിലും കെഎം ഷാജിയും തന്നെയാണ് അവിശ്വാസത്തിലെ പ്രതിപക്ഷ താരങ്ങള്‍ എന്നു പറയേണ്ടിവരും. പി എസ് സിയുടെ ഉദ്യോഗാര്‍ത്ഥികളെ പറ്റിക്കലും മുഖ്യമന്ത്രിയുടെ ഓഫീസിലെ അനധികൃത നിയമനവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഷാഫിക്ക് കഴിഞ്ഞു. കെടി ജലീലിനെതിരെ കൃത്യമായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ഷാജിയുടെ രാഷ്ട്രീയ പ്രസംഗം മികച്ചതെന്നു രണ്ടാമതൊന്നു ആലോചിക്കാതെ പറയാം. മുഖ്യമന്ത്രി ജൂണിയറല്ല സീനിയര്‍ മാന്‍ഡ്രേക്ക്എന്ന ഷാജിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.
ഭരണപക്ഷത്തെ പ്രതിരോധഭടന്‍മാര്‍
ഭരണപക്ഷത്തു നിന്നും എസ് ശര്‍മ്മ, മുല്ലക്കര രത്‌നാകരന്‍, എ പ്രദീപ്കുമാര്‍, മാത്യു ടി തോമസ്, മാണി സി കാപ്പന്‍, കോവൂര്‍ കുഞ്ഞുമോന്‍, വീണ ജോര്‍ജ്, കെബി ഗണേഷ്‌കുമാര്‍, ചിറ്റയം ഗോപകുമാര്‍, എം സ്വരാജ്,ജെയിംസ് മാത്യു എന്നിവരാണ് സംസാരിച്ചത്. പ്രദീപ് കുമാര്‍, എം സ്വരാജ്, വീണ ജോര്‍ജ് എന്നിവര്‍ പ്രതിപക്ഷത്തെ കൃത്യമായി പ്രതിരോധിച്ചു. പ്രതിപക്ഷത്തെ ആരോപണങ്ങളുടെ കുന്തമുനയൊടിച്ച ഇവര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. ലൈഫ് മിഷനെ തകര്‍ക്കാനുള്ള പ്രതിപക്ഷ നീക്കമാണ് ഇതെന്നു പറയുന്നതിലും ഇവര്‍ വിജയിച്ചു.
രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്, വിഡി സതീശന്റെ മണ്ഡലമായ പറവൂര്‍ മണ്ഡലങ്ങളിലെ ലൈഫ് മിഷനിലൂടെ നിര്‍മ്മിച്ച കണക്കുകള്‍ വീണ ജോര്‍ജ് പറഞ്ഞതോടെ ഇരുവരുടെയും മിണ്ടാട്ടം മുട്ടി. വിഡി സതീശനെതിരെ ജെയിംസ് മാത്യുവും കത്തിക്കയറി.
പുനര്‍ജ്ജീവനി പദ്ധതിയില്‍ അഴിമതിയാരോപണം ഉന്നയിച്ച് ചരിത്രത്തിലാദ്യമായി പ്രമേയ അവതാരകനെതിരെ അഴിമതിയാരോപണവും ഉയര്‍ന്നു. മുന്‍ സര്‍ക്കാരിനെതിരെ വിഡി സതീശന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പകുതിപോലും ഇന്നു ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നു എം സ്വരാജിന്റെ പരിഹാസവും സഭയില്‍ ചിരി പടര്‍ത്തി.
അദാനിയുടെ ശത്രുസംഹാര പൂജ
ഇടതും വലതുമല്ലെങ്കില്‍ മാധ്യമ ശ്രദ്ധകിട്ടില്ലെന്നു പൊതുവേ അറിയാവുന്ന പിസി ജോര്‍ജ് തന്റെ സജീവ സാന്നിധ്യം തെളിയിക്കാന്‍ പുതിയ ആരോപണം ഉയര്‍ത്തി. വിമാനത്താവളം അദാനിക്ക് കിട്ടിയതില്‍ ഒരു കണ്ണൂര്‍ ബന്ധമാണ് ജോര്‍ജിന്റെ ആരോപണം. വരും ദിവസങ്ങളില്‍ ഇതോടെ താരമാകാനുള്ള ഒരു വഴികൂടി ജോര്‍ജ് സൃഷ്ടിച്ചു.
അതേസമയം അവസരം കിട്ടിയിട്ടും സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഒന്നും പറയാത്ത ബിജെപിയിലെ ഒ രാജഗോപാല്‍ താന്‍ എന്തിനാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നു ആലോചിക്കുന്നത് നന്നാവും.
ഉണ്ടയില്ലാ വെടി
പ്രതിപക്ഷ നേതാവിനെതിരെ ഭരണപക്ഷത്തുനിന്നും ഏറ്റവും ഉയര്‍ന്നുകേട്ട ആക്ഷേപമായിരുന്നു ഇത്. സാധാരണ ഗതയില്‍ നിന്നും വ്യത്യസ്തമായി ചെന്നിത്തലയുടെ പ്രസംഗം ഏറ്റവും ദുര്‍ബലമായിരുന്നു എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിനും ജി സുധാകരനുമെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ശ്രമിച്ചതോടെ മറ്റൊരു ഉണ്ടയില്ലാ വെടിയാണോ ചെന്നിത്തലയുടേതെന്ന ചോദ്യവും ബാക്കി.
എണ്ണിയെണ്ണി പറഞ്ഞ്
താന്‍ എണ്ണിയെണ്ണി പറയണോ എന്ന് കഴിഞ്ഞ ദിവം മുഖ്യമന്ത്രി ഒരു മാധ്യമ പ്രവര്‍ത്തകനോട് ചോദിച്ചിരുന്നു.എന്തായാലും ഒരു തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് പോകുന്ന സര്‍ക്കാരിന് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ അവസരം ഉണ്ടാക്കി കൊടുത്തു എന്നതാണ് അവിശ്വാസത്തിലെ ഏറ്റവും പ്രത്യേകത. അതു വിജയകരമായി അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.
മുഖ്യനും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊമ്പുകോര്‍ത്തതോടെ വരാനിക്കുന്ന മണിക്കൂറുകളുടെ സൂചന ലഭിച്ചിരുന്നു. ഒരു ഘട്ടത്തില്‍ നേര്‍ക്കുനേര്‍ ഇരുവരും വാക്ക്‌പോരു നടത്തിയത് സ്പീക്കറുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍ന്നത്. പക്ഷേ ഇതില്‍ ആരാണു വിജയിച്ചതെന്ന തീര്‍പ്പ് ഇനിയും ആയിട്ടില്ല.
മാന്യന്‍
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സഭയിലെ ഏറ്റവും മാന്യനാരെന്ന ചോദ്യത്തിന് പത്തനാപുരം അംഗം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രസംഗത്തിന് ശേഷം കസേരയിലിരുന്ന് പ്രതിപക്ഷത്തെ മാന്യനായ അംഗം അപമാനിച്ചുവെന്നു പ്രതിപക്ഷ നേതാവും, അതല്ല ആ മാന്യദേഹത്തെ അപമാനിച്ചുവെന്നു മുഖ്യമന്ത്രിയും പറയുന്നു. എന്തായാലും മാന്യനായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡീയയില്‍ പ്രചരിക്കുന്നുണ്ട്.
ദുരന്തനായകന്‍
ഏഷ്യാനെറ്റിന്റെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തതിന് ശേഷം തിരുവഞ്ചൂരിനെ ഭരണപക്ഷം ഒരു ദുരന്തനായകനായി അവതരിപ്പിക്കുന്നു എന്ന പരാതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവിശ്വാസ ചര്‍ച്ചയിലും എം സ്വരാജ് ഇതാവര്‍ത്തിച്ചതോടെ അദ്ദേഹം ക്രമപ്രശ്‌നമുന്നയിച്ചു. ദുരന്തത്തിന് സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ അതോരിറ്റിയുടെ റിപ്പോര്‍ട്ടും ഉയര്‍ത്തിപ്പിടിച്ചാണ് തന്റെ നിരപരാധിത്വം അദ്ദേഹം തെളിയിക്കാന്‍ ശ്രമിച്ചത്.
ഉരുളയ്ക്കുപ്പേരി
കുറിക്കുകൊള്ളുന്ന പരിഹാസം ചൊരിഞ്ഞും ഉരുളയ്ക്ക് ഉപ്പേരിയെന്ന പോലെ മറുപടി നല്‍കി സഭയെ ആവേശം കൊള്ളിച്ച ചില പ്രസംഗങ്ങളുണ്ടായിരുന്നു. സാധാരണ പരിചയ സമ്പന്നരായ സാമാജികരാണ് ഈ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയിരുന്നത് എങ്കില്‍ ഇക്കുറി അത് യുവസാമാജികര്‍ കയ്യടക്കി. കെഎം ഷാജി, ഷാഫി പറമ്പില്‍, വീണ ജോര്‍ജ്, എം സ്വരാജ്, ജെയിംസ് മാത്യു തുടങ്ങിയവരുടെ പ്രസംഗം രാഷ്ട്രീയമായും വസ്തുതാപരമായും കേള്‍വിക്കാര്‍ക്ക് ഹരമായി.
വിപ്പാണ് താരം!
എന്തൊക്കെപ്പറഞ്ഞാലും ഒരു കാര്യം വ്യക്തം. ഈ അവിശ്വാസത്തിലെ യഥാര്‍ത്ഥ താരം വിപ്പാണ്. ഒരോ കേരളാ കോണ്‍ഗ്രസ് എംഎല്‍എയും ഇത്തവണ കിട്ടിയത് മൂന്നു വിപ്പാണ്. വിപ്പ് കിട്ടിയ രണ്ടുപേര്‍ എംഎല്‍എ ഹോസ്റ്റലിലും മറ്റു രണ്ടുപേര്‍ നിയമസഭയിലും എത്തി. ഇനിയീ വിപ്പ് സ്പീക്കര്‍ വഴി കോടതിയിലെത്തുമെന്ന കാര്യം ഉറപ്പാണ്.