'ബിജെപിയുടെ ബി ടീമായ ബിആര്‍എസിനെ തോല്‍പ്പിക്കും'; തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചു

New Update

publive-image

Advertisment

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടക ഫലം ആവര്‍ത്തിക്കുമെന്നും അഴിമതിയില്‍ മുങ്ങിയ ബിആര്‍എസിനെ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകൊണ്ട് ഖമ്മത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബിജെപിയുടെ മോശം ഭരണത്തിനെതിരെ ദരിദ്രരായ മനുഷ്യരും കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും ദളിതുകളും ന്യൂനപക്ഷങ്ങളും മറ്റ് ജനവിഭാഗങ്ങളും നല്‍കിയതാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയം. അത് തന്നെയാണ് തെലങ്കാനയിലും സംഭവിക്കാന്‍ പോകുന്നതെന്നും രാഹുല്‍ പറഞ്ഞു.

ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് രാഹുല്‍ ആരോപിച്ചു. ബിആര്എസ് എന്നാല്‍ ബിജെപി റിഷ്‌തേദാര്‍( ബന്ധുത്വ) പാര്‍ട്ടി എന്നാണെന്നും ബി ടീമാണെന്നും രാഹുല്‍ പരിഹസിച്ചു.

ബിആര്‍എസുമായി യാതൊരു വിധ രാഷ്ട്രീയസഖ്യത്തിലും ഏര്‍പ്പെടില്ല. ഇക്കാര്യം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും അറിയിച്ചിട്ടുണ്ട്. അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാനായി ബിആര്‍എസ് നേതാക്കള്‍ ബിജെപിയുടെ അടിമകളായി തുടരുകയാണ്. സ്വയം രാജാവാണെന്ന് ധരിക്കുന്ന കെസിആര്‍ തെലങ്കാന തന്റെ സാമ്രാജ്യമാണെന്നാണ് കരുതിയിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമര്‍ക്ക നടത്തിയ 109 ദിവസം നീണ്ടുനിന്ന പദയാത്രയുടെ സമാപനമാണ് ഖമ്മത്ത് നടന്നത്. ഈ സമാപന വേദിയെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനുള്ള വേദിയാക്കി കൂടി മാറ്റുകയായിരുന്നു. 17 ജില്ലകളിലൂടെ കടന്ന് പോയ യാത്ര 36 നിയോജക മണ്ഡലങ്ങളിലെത്തി. 1360 കിലോമീറ്റര്‍ ദൂരത്തോളമാണ് വിക്രമര്‍ക്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടന്നത്.

മുന്‍ ഖമ്മം എംപിയും ബിആര്‍എസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ പൊങ്കുലേറ്റി ശ്രീനിവാസ റെഡ്ഡിയും ഭദ്രാദ്രി കൊതഗുഡെം ജില്ലാ പരിഷത്ത് ചെയര്‍മാന്‍ കോറം കനകയ്യയും വേദിയിലെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. മറ്റ് പ്രാദേശിക നേതാക്കളും വേദിയിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Advertisment