ഉള്ളുരുക്കപ്പൊയ്ത്ത് : പുസ്തകാസ്വാദനം

സത്യം ഡെസ്ക്
Wednesday, October 28, 2020

എഴുത്തുകാരൻ: ശ്രീ. ഹരിഹരൻ പങ്ങാരപ്പിള്ളി
പ്രസാധകർ:സമസ്യ പബ്ലിക്കേഷൻസ്
വിഭാഗം: കഥകൾ
പേജുകൾ:96
വില: 120/-

“കോവിഡ് മഹാമാരിയിൽ വേവുന്ന പ്രവാസിയുടെ കേവലമൊരു സമയംകൊല്ലൽ എന്നതിനപ്പുറം പുറംചട്ടയിലെ മാനുഷിക മൂല്യങ്ങളോട് നീതിപുലർത്താനുള്ള എഴുത്തുകാരന്റെ ഉള്ളുരുക്കങ്ങൾ” എന്ന വരികൾ അന്വർത്ഥമാക്കുന്ന ഇരുപത് കഥകൾ … !

എല്ലാം ജീവനുള്ള കഥകൾ. ഇവ വായിക്കുന്ന ഒരാൾക്കുപോലും ഈ കഥകളിലെ സാഹചര്യങ്ങൾ അപരിചിതമായിരിക്കില്ല. നമ്മുടെ കുടുംബങ്ങളിൽ… സൗഹൃദങ്ങളിൽ… ചുറ്റുപാടുകളിൽ ചിരപരിചിതരായ ജീവനുള്ള കഥാപാത്രങ്ങൾ…

ഭൂരിപക്ഷം കഥകളിലും തെളിഞ്ഞുനിൽക്കുന്ന നാട്ടിൻപുറത്തിന്റെ നന്മയും നൈർമല്യവുമാണ് നമ്മെ ഏറെ ആകർഷിക്കുക.

കോവിഡ് മഹാമാരിയിൽ വിദേശവാസം അസാധ്യമായ സാഹചര്യത്തിൽ അത്രയും കാലം മറന്നുകളഞ്ഞ മാതാപിതാക്കളെയും നാടിനെയും തേടിപ്പിടിച്ചെത്താൻ വെമ്പുന്ന മക്കളെ
നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്ന വേലുവും ശകുന്തളയും..

ഞായറാഴ്ചകളിൽ മാത്രം പ്രാതലിനു പ്രത്യേകമായെത്തുന്ന വെള്ളയപ്പത്തിന്റെയും ചമ്മന്തിയുടെയും ഉറവിടം കണ്ടെത്തിയപ്പോൾ വാക്കുകൾ നഷ്ടപ്പെട്ടു ചലിക്കാൻപോലുമാവാതെ
നിന്നുപോയ കണ്ണനും..

തലച്ചുമടിനു താങ്ങും ഇടത്താവളവും നൽകിയ സൈനബയ്ക്കുവേണ്ടി മിഠായിമധുരം കാത്തുവച്ച ദാമുവും..

നെല്ലിക്കയും മാന്തളും കാന്താരിയും മേമ്പൊടിചേർത്ത്‌ ബാല്യകാലോർമ്മകൾ അയവിറക്കി കണ്ണുനിറയ്‌ക്കുന്ന ഉണ്ണിയും..

ക്രൂരമായ പുരുഷാധിപത്യത്തിൻ കീഴിൽ ഞെരിഞ്ഞമർന്നു തന്റെ മുപ്പത്തിയാറാം പിറന്നാൾ ദിനത്തിൽ മുറിയിലെ ഫാനിലിട്ട കുരുക്കിൽ തൂങ്ങിയാടിയ പാർവ്വതി തമ്പുരാട്ടിയും..

ചെറുപ്പത്തിൽ തന്നെവിട്ടുപോയ അമ്മയെ വർഷങ്ങൾക്കുശേഷം വൃദ്ധസദനത്തിൽ കണ്ടെത്തുന്ന അരവിന്ദനുമൊക്കെ ഒരു നിമിഷമെങ്കിലും നമ്മിൽ തങ്ങിനിൽക്കാതെ പോവില്ലെന്നുറപ്പാണ്..

പക്ഷെ… ഇവർക്കൊക്കെയപ്പുറം എന്‍റെ മനസ്സിലേയ്ക്ക് ഇടിച്ചുകയറിയ രണ്ടുപേരുണ്ട്… അവളുടെ വികാരത്തെ തൊടുകപോലുംചെയ്യാതെ വന്നുപോകുന്നവർ അവരവരുടെ വികാരം അവളിലേക്ക് ഒഴുക്കി കടന്നുപോയപ്പോഴെല്ലാം നിശബ്ദം സഹിച്ചവൾ…

അവസാനമെത്തിയയാളിലും അയാൾ വച്ചുനീട്ടിയ താലിയുള്ള മഞ്ഞച്ചരടിലും ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ സംരക്ഷണമറിഞ്ഞ കാമാത്തിപുരയിലെ ആ പെണ്ണ്; ശാന്തി… !

സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ മനഃസാക്ഷിയുടെ പേരിൽ പുറകെ വന്ന കാറിനു കേറിപ്പോകാൻ അവസരം നൽകി തന്റെ അവസാന പ്രതീക്ഷയായിരുന്ന ജോലി നഷ്ടപ്പെടുത്തിയ ഇർഷാദ്… !

ഇവർക്ക് പിന്നീടെന്തു സംഭവിച്ചിരിക്കാം എന്നൊരു ചോദ്യം വായനയ്ക്കപ്പുറം മനസ്സിൽ ചുറ്റിത്തിരിയുന്നുണ്ട്…

അതുപോലെതന്നെ പുതിയൊരു വായനാനുഭവം നൽകിയ കഥയാണ് ‘മിണ്ടാപ്പൂച്ചകൾ’ !

സ്ത്രീകൾ മാനസ്സികമായി, അതിനപ്പുറം ശാരീരികമായി അനുഭവിക്കുന്ന ചൂഷണങ്ങളും ബുദ്ധിമുട്ടുകളും ഒരുപാട് കേട്ടറിവുകളുള്ളതാണ്. അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കഥകളും കവിതകളും കുറെയേറെ വായിച്ചിട്ടുമുണ്ട്.

എന്നാൽ ഒരു പുരുഷൻ… തന്റെ ആകാരഭംഗിയാൽ ഒരുപറ്റം മിണ്ടാപ്പൂച്ചകളായ സ്ത്രീകൾക്കിടയിൽ ജീവിക്കാൻ പാടുപെടുന്ന അവസ്ഥ… അത്തരമൊന്ന് ചിന്തിച്ചിട്ടുകൂടിയില്ല
എന്നതാണ് സത്യം… !

പക്ഷെ ഒന്നു മനസ്സിരുത്തി വിലയിരുത്തിയാലറിയാം അത്തരം സാഹചര്യങ്ങളും നമുക്കൊപ്പമുണ്ട്… !

എഴുത്ത്‌… ശൈലി… എല്ലാം വളരെ മനോഹരം. ഇനിയും ഇതുപോലെ
മനോഹരങ്ങളായ കഥകൾ ആ തൂലികയിൽനിന്നും പിറവികൊള്ളട്ടെ…

പ്രിയ എഴുത്തുകാരന് എല്ലാവിധ നന്മകളും ഹൃദയം നിറഞ്ഞ ആശംസകളും നേരട്ടെ…

-അമ്മു സൗമ്യ (ഇടുക്കി)

 

×