ലക്നൗ: ആളുകളുടെ സേർച്ച് ഡാറ്റ നിരീക്ഷിക്കാൻ ഒരു കമ്പനിയെ നിയമിച്ചിരിക്കുകയാണ് യു. പി പൊലീസ്. ശനിയാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളിൽ പോൺ കണ്ടെൻ്റാണോ ആളുകൾ തിരയുന്നത് എന്നതാണ് ഈ ടീം നിരീക്ഷിക്കുന്നത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് പൊലീസിൻ്റെ വിശദീകരണം.ആളുകളുടെ ഇന്റർനെറ്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 'യുപി വിമൻ പവർലൈൻ 1090' എന്ന പുതിയ ടീം രൂപീകരിച്ചതായി യു പി പോലീസ് അറിയിച്ചു.
ഒരു വ്യക്തി ഇൻറർനെറ്റിൽ അശ്ലീലത്തിനായി തിരയുകയാണെങ്കിൽ ടീമിന് അലേർട്ടുകൾ ലഭിക്കും. ഇതിനെത്തുടർന്ന്, “സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ” തടയാൻ പോലീസ് ആ വ്യക്തിയെ സമീപിക്കും.
ഇന്റർനെറ്റിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്ത് 1090 പവർലൈൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആളുകളിലേക്ക് എത്തിച്ചേരുമെന്ന് പുതിയ ടീമിനെക്കുറിച്ച് സംസാരിക്കവെ എ.ഡി.ജി നീര റാവത്ത് വ്യക്തമാക്കി.
"ഇൻറർനെറ്റിന്റെ അനലിറ്റിക്സ് പഠിക്കാൻ, ഊംഫ് (Oomuph) എന്ന കമ്പനിയെയാണ് നിയമിച്ചിരിക്കുന്നത്, ഇത് ഡാറ്റ വഴി ഇൻറർനെറ്റിൽ എന്താണ് തിരയുന്നതെന്ന് നിരീക്ഷിക്കും. ഒരു വ്യക്തി പോണോഗ്രാഫി കണ്ടാൽ, അനലിറ്റിക്സ് ടീമിന് വിവരങ്ങൾ ലഭിക്കും,” റാവത്ത് പറഞ്ഞു.