ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.
രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്ഫോടകവസ്‍തുക്കള്‍ വിതരണം ചെയ്തതായി യുപി പൊലീസ് പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്ക്വാഡ് തലവനാണെന്നും പൊലീസ് വിശദീകരിക്കുന്നു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്നൗവിന് സമീപമുള്ള ക്രൂക്രിയിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നും ഹിന്ദു സംഘടന നേതാക്കളെ ലക്ഷ്യമിട്ടെന്നുമായിരുന്നു യുപി എഡിജി പ്രശാന്ത് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ലക്നൗവിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ ക്രമസമാധാന തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നും വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറിയതായും എഡിജിപി അറിയിച്ചു. എടിഎസ് ലക്നൗ യൂണിറ്റിനാണ് അന്വേഷണ ചുമതല.