വന്ദേ മെട്രോ, വന്ദേ സ്‌ലീപ്പർ... അടുത്ത വർഷത്തോടെ മൂന്നു തരം വന്ദേഭാരത് അനുവദിക്കും: റെയിൽവേ മന്ത്രി

New Update

publive-image

ഡെറാഡൂൺ: അടുത്ത വർഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്‌ലീപ്പർ എന്നിങ്ങനെയുള്ള വന്ദേഭാരത് ട്രെയിനുകൾ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉണ്ടാകുമെന്നാണ് മന്ത്രി വാർത്താ ഏജൻസിയായ പി.ടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Advertisment

ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾ എന്നിവയ്ക്ക് പകരമായി തയ്യാറാക്കുന്ന തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നത്.

അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ, വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ മണിക്കൂറിൽ 160 കിലോമീറ്ററിന് ഉചിതമായ രീതിയിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

'മൂന്നുതരം വന്ദേ ഭാരത് ട്രെയിനുകളുണ്ട്, 100 കിലോമീറ്ററിൽ താഴെയുള്ള വന്ദേ മെട്രോ, 100-550 കിലോമീറ്ററിന് വന്ദേ ചെയർ കാർ, 550 കിലോമീറ്ററിന് അപ്പുറത്തുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പർ. ഈ മൂന്ന് തരം ട്രെയിനുകളും ഫെബ്രുവരി-മാർച്ച് (അടുത്ത വർഷം) വരെ തയ്യാറാകും' ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട, ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിലിരുന്ന് വൈഷ്ണവ് പറഞ്ഞു.

ഡൽഹി-ഡെറാഡൂൺ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്നും ഇവയുടെ നിർമാണം ത്വരിതഗതിയിലാണെന്നും വൈഷ്ണവ് പറഞ്ഞു.

Advertisment