/sathyam/media/post_attachments/VpEaD3B7IfKAbndKjhEJ.jpg)
ബം​ഗളൂർ; തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ച രണ്ടു പേർ മരിച്ചു. കീഴ് അലങ്കം പടവെട്ടിയമ്മൻ കോവിൽ തെരുവിലെ കുപ്പുസ്വാമി, വിവേക് എന്നിവരാണ് മരിച്ചത്. മദ്യവിൽപന ശാല പൊലിസ് സീൽ ചെയ്തു. സർക്കാർ മദ്യവിൽപന ശാലയിലെയും ബാറിലെയും ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
സർക്കാർ നിശ്ചയിച്ച സമയപരിധി ലംഘിച്ച് പ്രവർത്തിച്ച ബാറിൽ നിന്നും ഇന്നു രാവിലെ പത്തരയോടെയാണ് ഇരുവരും മദ്യം വാങ്ങിയത്. ബാറിൽ വച്ചുതന്നെ മദ്യം കഴിച്ച്, അൽപസമയത്തിനു ശേഷം കുപ്പസ്വാമി ബോധരഹിതനായി വീണു. ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മാർക്കറ്റ് ഭാഗത്തു വച്ചാണ് വിവേക് മദ്യപിച്ചത്. തുടർന്ന്, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിവേകിനെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
ഉച്ചയ്ക്ക് 12 മുതൽ രാത്രി പത്തു മണിവരെയാണ് തമിഴ് നാട്ടിൽ ബാറുകൾക്കും മദ്യവിൽപന ശാലകൾക്കുമുള്ള പ്രവർത്തി സമയം. സർക്കാർ വിൽപന ശാലയോടു ചേർന്നു പ്രവർത്തിച്ചിരുന്ന ഈ ബാർ, 24 മണിക്കൂറും പ്രവർത്തിയ്ക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിയ്ക്കുന്നു. രണ്ടു പേരുടെ മരണം സംഭവിച്ചതോടെ, സ്ഥലത്തെത്തിയ റവന്യൂ അധികൃതരെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് കളക്ടർ ദിനേശ് പൊൻരാജ് എത്തി നടത്തിയ ചർച്ചയെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പൊലീസും എക്സൈസും മദ്യത്തിൻ്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. വിൽപന ശാല പ്രവർത്തിയ്ക്കാതിരുന്ന സമയത്ത്, മദ്യം എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിയ്ക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലാണ് വിഴിപ്പുരത്തും ചെങ്കൽപേട്ടിലുമായി വിഷമദ്യം കഴിച്ച് 22 പേർ മരിച്ചത്. ഇതെ തുടർന്ന് പൊലീസും എക്സൈസും സംസ്ഥാനത്ത് പരിശോധന ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും ദുരന്തമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us