പാർലമെന്റ് ഉദ്‌ഘാടനം; പ്രധാനമന്ത്രിയുടെയും സ്‌പീക്കറുടെയും നേതൃത്വത്തിൽ പൂജകൾ തുടങ്ങി

New Update

publive-image

ന്യൂഡൽഹി: ഉദ്ഘാടന ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൂജകളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തി. പ്രധാനമന്ത്രി ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിൽ പൂജ ചടങ്ങുകൾ ആരംഭിച്ചു. സർവ്വമത പ്രാർത്ഥനയുമുണ്ടാകും. 8.30നും 9നും ഇടയിലാണ് സ്പീക്കറുടെ ഇരിപ്പിടത്തോടു ചേർന്ന് പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കുക. തുടർന്ന് തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിക്കും. രണ്ട് സഭകളും പ്രധാനമന്ത്രി സന്ദർശിക്കും.

Advertisment

ഉച്ചയ്ക്ക് 12ന് ദേശീയഗാനത്തോടെ രണ്ടാംഘട്ട പരിപാടികൾ തുടങ്ങും. രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യം. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് സ്വാഗതം പറയും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങളും വായിക്കും. 75 രൂപ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം സ്പീക്കർ ഓം ബിർള നിർവഹിക്കും. 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പരിപാടികൾ സമാപിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഡൽഹിയിൽ. പുലർച്ചെ അഞ്ചര മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. കേന്ദ്രസേനയ്ക്കും ഡൽഹി പൊലീസിനുമാണ് ക്രമസമാധാന ചുമതല. ഗുസ്തിതാരങ്ങളും അവർക്ക് ഐക്യദാർഢ്യവുമായി കർഷക സംഘടനകളും പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഡൽഹി അതിർത്തികളിലുൾപ്പടെ സുരക്ഷാ വിന്യാസം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

Advertisment