ഒഡീഷയിലെ ട്രെയിൻ അപകടം; കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും രക്ഷാപ്രവർത്തനത്തിനിറങ്ങാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

New Update

publive-image

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരന്തം ഏറെ വേദനയുണ്ടാക്കുന്നതാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും രക്ഷാപ്രവർത്തനത്തിനിറങ്ങാനും രാഹുൽ ആഹ്വാനം ചെയ്തു.

Advertisment

ഒഡീഷയിലെ ബാലസോറിൽ കോറമാണ്ഡൽ എക്‌സ്പ്രസ് ഉൾപ്പെട്ട ട്രെയിൻ അപകടത്തിന്റെ ദുരന്ത വാർത്ത ഏറെ വേദനയുണ്ടാക്കുന്നതാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. രക്ഷാപ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർത്ഥിക്കുന്നു-രാഹുൽ ട്വീറ്റ് ചെയ്തു.

അതേസമയം, അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. 233 പേർ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ രാത്രി ഏഴു മണിയോടെ രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്‌സ്പ്രസ്, യശ്വന്ത്പൂർ- ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment