മനുഷ്യരാണ്,ജീവനാണ്; അപകടത്തിൽ പെട്ടവർക്ക് രക്തം നൽകാനായി ഭദ്രകിലെ ആശുപത്രിയിൽ രാത്രിയിലും പുലർച്ചെയും നീണ്ട ക്യൂ

New Update

publive-image

ബാലേശ്വര്‍: ഒഡീഷയിലെ ദുരന്തഭൂമിയില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്ങും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിലവിളികള്‍...പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള തിരക്കുകള്‍, അവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍.900ത്തിലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ദുരന്തരാത്രിയില്‍ പ്രതീക്ഷയുടെ വെളിച്ചമേകുന്ന ഒരു കാഴ്ചക്കാണ് ഭദ്രകിലെ ജില്ലാ ആശുപത്രി സാക്ഷ്യം വഹിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് രക്തം ദാനം ചെയ്യാനായി ആളുകള്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണ് ആശുപത്രി പരിസരത്ത് കണ്ടത്.

Advertisment

അര്‍ധരാത്രിയിലും ആളുകളുടെ നീണ്ട ക്യൂവായിരുന്നു അവിടെ കണ്ടത്. 120 മൃതദേഹങ്ങളാണ് അപകടസ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർ ഇതുവരെ കണ്ടെടുത്തത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തെത്തിയിട്ടുണ്ട്. "ഇതൊരു വലിയ ദുരന്തമാണ്. റെയിൽവേയും എൻഡിആർഎഫും എസ്ഡിആർഎഫും സംസ്ഥാന സർക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സാധ്യമായ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കും. ഇന്നലെയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. '' അശ്വിനി വൈഷ്ണവ് പറഞ്ഞു. 200 ഓളം ആംബുലൻസുകളും 45 മൊബൈൽ ഹെൽത്ത് ടീമുകളും അപകട സ്ഥലത്തുണ്ട്. ഇതിന് പുറമെ അൻപതോളം ഡോക്ടർമാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് 30ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂൺ 3 ന് ആഘോഷങ്ങൾ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Advertisment