/sathyam/media/post_attachments/mXH5moOPdTZjkAqoHeQV.jpg)
ജയ്പൂര്‍: രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ ശക്തമായ നിയമം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ജനങ്ങൾക്ക് വേണ്ടിയുള്ള തന്‍റെ പോരാട്ടം തുടരും. ദൗസയിൽ പിതാവ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.
രാജേഷ് പൈലറ്റിന്‍റെ ചരമ ദിനത്തിൽ സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാൽ അശോക് ഗെഹ്‍ലോട്ടിനെയോ കോൺഗ്രസിനെയോ പ്രസംഗത്തിൽ സച്ചിൻ വിമർശിച്ചില്ല. അഴിമതിക്കെതിരെ തന്‍റെ പോരാട്ടം തുടരുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
"യുവാക്കളുടെ നല്ല ഭാവിക്കായി ഞാൻ ശബ്ദമുയർത്തി. ഇവിടെയുള്ള ജനങ്ങള്‍ എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. എന്റെ ശബ്ദം ദുർബലമല്ല. ഞാൻ പിന്നോട്ട് പോകില്ല. രാജ്യത്തിന് നേരുള്ള രാഷ്ട്രീയം ആവശ്യമാണ്. യുവാക്കളുടെ ഭാവി കൊണ്ട് ആരും പന്താടരുത്. യുവാക്കളുടെ, എന്റെ നയം വ്യക്തമാണ്. എനിക്ക് സംശുദ്ധമായ രാഷ്ട്രീയം വേണം"- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ഗുജ്ജർ ഹോസ്റ്റലിൽ രാജേഷ് പൈലറ്റിന്‍റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു. രാജസ്ഥാൻ രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായമാകുമോ ഈ ചടങ്ങെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ സച്ചിന്‍ പൈലറ്റ് പുതിയ പാർട്ടി രൂപീകരിച്ചില്ല.
അതേസമയം തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ്, സച്ചിന്‍ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉറപ്പിച്ചു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us