/sathyam/media/post_attachments/zKgSwlHThcT44tKXzweS.jpg)
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിംകളോടുള്ള സമീപനത്തെക്കുറിച്ചുള്ള അമേരിക്കൻ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ മറുപടിയെച്ചൊല്ലി വിമർശനമുയരവെ, പ്രതിരോധിച്ചും മുൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ വിമർശിച്ചും ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ മുസ്‌ലിംകളുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിക്കാൻ ശ്രമിക്കുമെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ഒബാമ പറഞ്ഞിരുന്നു. ഇതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചത്. ഒബാമയുടെ ഭരണത്തിൻ കീഴിൽ അമേരിക്ക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ് ബോംബിട്ടതെന്ന് നിർമല സീതാരാമൻ വിമർശിച്ചു.
ഞാൻ ഞെട്ടിപ്പോയി. പ്രധാനമന്ത്രി മോദി യു.എസിൽ പ്രചാരണം നടത്തുമ്പോൾ, ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ യു.എസ് മുൻ പ്രസിഡന്റ് ഇന്ത്യൻ മുസ്‌ലിംകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു മുൻ യു.എസ് പ്രസിഡന്‍റ് തന്‍റെ ഭരണകാലത്ത് ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ 26,000-ത്തിലേറെ ബോംബ് സ്ഫോടനങ്ങളാണ് നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോപണങ്ങൾ എങ്ങനെ വിശ്വസിക്കും? -നിർമല ചോദിച്ചു.
ഞങ്ങൾക്ക് യു.എസുമായി സൗഹൃദം വേണം, പക്ഷേ അവിടെയും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ലഭിച്ച 13 അവാർഡുകളിൽ ആറെണ്ണം മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി യു.എസിലെ വാർത്താ സമ്മേളനത്തിൽ, തന്റെ സർക്കാർ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ തത്വത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒരു സമുദായത്തോടും വിവേചനം കാണിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ആളുകൾ പ്രശ്‌നമല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യുകയും ഉയർത്തിക്കാട്ടുകയും ചെയ്യുകയാണെന്നും നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us