ഏക സിവിൽ കോഡ്; എതിർപ്പറിയിച്ച് ബിജെപിയുടെ ദക്ഷിണേന്ത്യൻ സഖ്യകക്ഷി എഐഎഡിഎംകെ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: ഏക സിവിൽ കോഡിൽ ഭിന്നാഭിപ്രായവുമായി ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെ രം​ഗത്തെത്തി. സിവിൽ കോഡിൽ എതിർപ്പ് രേഖപ്പെടുത്തുന്ന ബിജെപിയുടെ ആദ്യ ദക്ഷണിണേന്ത്യൻ സഖ്യകക്ഷിയാണ് എഐഎഡിഎംകെ. 2019ലെ പ്രകടനപത്രികയിൽ സിവിൽ കോഡ് വിഷയത്തിൽ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ ചെന്നൈയിൽ പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങളെ ബാധിക്കുന്ന ഏക സിവിൽ കോഡിനായി ഭരണഘടനയിൽ ഒരു ഭേദ​ഗതിയും വരുത്തരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നേതാക്കൾ വ്യക്തമാക്കി.

Advertisment

വിഷയത്തിൽ എഐഎഡിഎംകെ നിലപാട് കൂടി പുറത്ത് വന്നതോടെ ബിജെപി ഒഴികെയുള്ള ഭൂരിഭാ​ഗം പാർട്ടികളും സിവിൽ കോഡിനെതിരായി. സിവിൽ കോഡിൻ്റെ ആവശ്യകത ഊന്നിപ്പറയുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും രൂക്ഷമായി വിമർശിച്ചിരുന്നു. സിവിൽ കോഡിൻ്റെ പേരിൽ രാജ്യത്ത് വർ​ഗീയ സംഘർഷം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടികൾ പറഞ്ഞിരുന്നു.

എഐഎഡിഎംകെ നിലപാടിനോട് പ്രതികരിച്ച തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ, ഏക സിവിൽ കോഡ് ഒരു മതത്തിനും എതിരല്ലെന്നും എഐഎഡിഎംകെ ഭാവിയിൽ നിലപാട് മാറ്റുമെന്നും പറഞ്ഞു.

2024 ലെ ലോക്സഭ തിര‍‍ഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യം തുടരുമെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമി ആവർത്തിച്ച് പറയുമ്പോഴും സിവിൽ കോ‍ഡിൽ പാർട്ടി സ്വീകരിക്കുന്ന നിലപാടിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പൗരത്വ ഭേദ​ഗതി ബില്ലിനെ അനുകൂലിച്ചതിനാൽ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ സിവിൽ കോഡ് വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിലൂടെ വീണ്ടെടുക്കാനാവുമെന്നതാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്നാണ് സൂചനകൾ.

Advertisment