/sathyam/media/post_attachments/3wk9tSr70Ms3Kk48JH8l.jpg)
കൊച്ചി: മെറ്റയുടെ പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ത്രെഡില്‍ ആദ്യ പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ തൊഴിലുറപ്പുനേട്ടമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
'തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന്റെ മാതൃകാപരമായ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നമ്മള്‍ സൃഷ്ടിക്കുന്നു. ദേശീയ ശരാശരി മറികടന്ന് 15,51,272 കുടുംബത്തെ ശാക്തീകരിച്ചു. 867.44 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. സാധാരണക്കാരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്', മുഖ്യമന്ത്രി കുറിച്ചു.
ചെറിയ സമയത്തിനുള്ളില്‍ വലിയ സ്വീകാര്യതയാണ് ത്രെഡിന് ലഭിച്ചത്. മെറ്റ ത്രെഡ്സ് ആദ്യ ഏഴ് മണിക്കൂറിനുള്ളില്‍ പത്ത് ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി. ആദ്യ രണ്ട് മണിക്കൂറുകള്‍ കൊണ്ട് തന്നെ രണ്ട് ദശലക്ഷം ആളുകളാണ് ആപ്പില്‍ സൈന്‍ ഇന്‍ ചെയ്തത്. ട്വിറ്ററില്‍ സമീപകാല മാറ്റങ്ങളില്‍ അസന്തുഷ്ടരായ ഉപയോക്താക്കളെ ത്രെഡ്‌സ് ആകര്‍ഷിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.