/sathyam/media/post_attachments/MzDqRGo9iQ6tfi7a0g0G.jpg)
ഇംഫാൽ: മണിപ്പൂരിലെ ജനങ്ങൾക്ക് സർക്കാരിലും സായുധസേനയിലുമുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഇടത് എംപിമാരുടെ പ്രതിനിധി സംഘം. ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാവില്ലെന്ന് മണിപ്പൂർ ജനത വിശ്വസിക്കുന്നതായും സംസ്ഥാനത്തെ സ്ഥിതിഗതികൾ ഭയാനകമാണെന്നും സംഘം പറഞ്ഞു.
രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, ബി ഭട്ടാചാര്യ, പി സന്തോഷ്കുമാർ, ബിനോയ് വിശ്വം എന്നിവരും ലോക്സഭാംഗമായ കെ സുബ്ബരായനും അടങ്ങുന്ന സംഘമാണ് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലടക്കം സന്ദർശനം നടത്തിയത്.
ധാരാളം വീടുകളും പള്ളികളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് നഷ്ടപ്പെട്ട വസ്തുവകകളെ സംബന്ധിച്ച കണക്ക് സർക്കാരിൻ്റെ കൈവശം ഇല്ലെന്നും എംപിമാരുടെ സംഘം ആരോപിച്ചു.
മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള നിരവധി അക്രമബാധിതരെ സംഘം സന്ദർശിച്ചു. കുക്കി വിഭാഗത്തിലെ ആളുകൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതിനായി സംഘം ഇന്ന് ചുരാചന്ദ്പൂരിലേക്ക് പോകും.
'ആർഎസ്എസിനെയും ബിജെപിയെയും തള്ളിക്കളയുക, ഇന്ത്യ എന്ന ആശയം പുനഃസ്ഥാപിക്കുക' എന്ന സന്ദേശമാണ് മണിപ്പൂരിൽ നിന്നും ഉയർന്ന് വരേണ്ടതെന്ന് പി സന്തോഷ്കുമാർ എംപി പറഞ്ഞു. നാളെ ഗവർണറെ കാണുന്ന സംഘം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിവരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രതിനിധി സംഘം ഇന്നലെ മണിപ്പൂരിലെത്തിയത്.