രാഹുൽ ഗാന്ധിക്ക് തിരിച്ചടി; ‘മോദി’ പരാമർശത്തിൽ സ്റ്റേയില്ല, അയോഗ്യത തുടരും

New Update

publive-image

Advertisment

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. മാനനഷ്ടക്കേസിലെ തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ നൽകിയ പുനഃപരിശോധന ഹരജി ഹൈകോടതി തള്ളി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഹൈകോടതി സ്‌റ്റേ ചെയ്യാത്തതോടെ രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യത നിലനിൽക്കും. എന്നാൽ, ഹൈകോടതി വിധിക്കെതിരെ രാഹുൽ സുപ്രീംകോടതിയെ സമീപിക്കും.

രാഷ്ട്രീയത്തിൽ ശുദ്ധീകരണം ആവശ്യമാണെന്ന് വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്, കീഴ് കോടതി ഉത്തരവ് ശരിയായതും നിയമപരവുമാണെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ കുറഞ്ഞത് 10 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂടാതെ, സവർക്കർക്കെതിരെ കേംബ്രിഡ്ജിൽ നടത്തിയ പരാമർശത്തിൽ അദ്ദേഹത്തിന്‍റെ കൊച്ചുമകൻ രാഹുൽ ഗാന്ധിക്കെതിരെ പൂനെ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ഹേമന്ത് വ്യക്തമാക്കി.

2019 ഏപ്രിൽ 13ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലി​​ന്‍റെ പരാമർശം. തുടർന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു.

Advertisment