/sathyam/media/post_attachments/F5xyc6NXE8m30Buxem4W.jpg)
ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഭാഗികമായി നീക്കാൻ മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ജൂലൈ 10വരെ നീട്ടിയിരുന്നു. മെയ് 3 മുതലാണ് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, മണിപ്പൂരിൽ സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. മെയ്‍തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തിനു വഴിവെച്ചത്. നിരവധി പേര്‍ മരിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.