ഉത്തരേന്ത്യയില്‍ കനത്ത മഴ; രാജസ്ഥാനില്‍ 4 മരണം

New Update

publive-image

ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴ അഞ്ച് ദിവസം നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജമ്മുകശ്മീരിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെയും കിഴക്കന്‍ രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇന്നും അതിശക്തമായ മഴ തുടരും. മഴക്കെടുതിയില്‍ രാജസ്ഥാനില്‍ വ്യത്യസ്ത സംഭവങ്ങളിലായി നാല് പേര്‍ മരിച്ചു.

Advertisment

തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഏഴ് ജില്ലകളിലും ഉത്തരാഖണ്ഡിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിര്‍മൗര്‍, ലാഹൗള്‍, സ്പിതി, ചമ്പ, സോളന്‍ ജില്ലകളിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് ഝലം നദിയിലും അതിന്റെ പോഷകനദികളിലും ജലനിരപ്പ് അതിവേഗം ഉയര്‍ന്നു. അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപം ഉള്‍പ്പടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. തുടര്‍ച്ചയായി മഴയും മണ്ണിടിച്ചിലുമുണ്ടായതിനെ തുടര്‍ന്ന് അമര്‍നാഥ് യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചു.

ശനിയാഴ്ച്ച പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ജലജന്യരോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്. ഡെങ്കിപ്പനി, മലേറിയ കേസുകളുടെ എണ്ണം നിലവില്‍ കാര്യമായില്ലെങ്കിലും വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

Advertisment