വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവ് പരിശോധന, മാനദണ്ഡം വിവാദത്തിൽ; വിശദീകരണവുമായി ഹരിയാന സര്‍ക്കാര്‍

New Update

publive-image

ചണ്ഡിഗഢ്: റേഞ്ചര്‍മാര്‍, ഡെപ്യൂട്ടി റേഞ്ചര്‍മാര്‍, ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുളള ഹരിയാന സര്‍ക്കാരിന്റെ റിക്രൂട്ട്മെന്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ശാരീരിക ക്ഷമതാ പരിശോധനകൾക്കായി വനിതാ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവ് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മാനദണ്ഡം പുറത്തിറക്കിയത്. സ്ത്രീ അപേക്ഷകര്‍ക്ക് നെഞ്ചളവ് 74 സെന്റിമീറ്ററും നെഞ്ചിന്‍റെ വികസിത വലിപ്പം 79 സെന്റിമീറ്ററും ഉണ്ടാകണമെന്നാണ് ഉത്തരവ്. ഇപ്പോഴിതാ റിക്രൂട്ട്മെന്റ് യോഗ്യതാ മാനദണ്ഡങ്ങളില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

Advertisment

ഈ മാനദണ്ഡം 1998ലെ ഹരിയാന ഫോറസ്റ്റ് സര്‍വീസ് (എക്സിക്യൂട്ടീവ്) ഗ്രൂപ്പ് സി നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉയരം, നെഞ്ചളവ് എന്നിവയിൽ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത്തരം എല്ലാ റിക്രൂട്ട്മെന്റുകളും ഈ ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്നും 22 വനിതാ ഫോറസ്റ്റ് ഗാര്‍ഡുകളെയും നാല് വനിതാ ഫോറസ്റ്റര്‍മാരെയും ഇതുവരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

'പരിസ്ഥിതി, വനം, കാലാവസ്ഥ വകുപ്പുകൾ പോലും റിക്രൂട്ട്‌മെന്റിനായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉയരവും നെഞ്ചളവും ശാരീരിക മാനദണ്ഡമായി നിര്‍ദേശിക്കുന്നുണ്ട്,' സര്‍ക്കാര്‍ അറിയിച്ചു. വനിതാ ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കുന്നത് വനിതാ ഡോക്ടര്‍മാരാണ്. ഫോറസ്റ്റ് ഫീല്‍ഡ് സ്റ്റാഫ് റിക്രൂട്ട്മെന്റിന്റെ കാര്യത്തില്‍, അയൽ സംസ്ഥാനമായ പഞ്ചാബും സമാനമായ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്,' വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Advertisment