ഉത്തർപ്രദേശിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ…

നാഷണല്‍ ഡസ്ക്
Thursday, May 13, 2021

ഉന്നാവ്: യുപിയിലും ബിഹാറിലും ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ, ഉത്തർപ്രദേശിലെ ഉന്നാവിൽ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉന്നാവിലെ ബക്സർ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങൾ  കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കടിച്ചുപറിക്കുന്ന സ്ഥിതിയാണ്.

ഇവിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടതാണോ അതോ, തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, ചില മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിലാണെന്ന് പ്രാദേശിക  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫത്തേപ്പൂർ, റായ്‍ബറേലി, ഉന്നാവ് എന്നീ ജില്ലകളിൽ നിന്ന് മൃതദേഹങ്ങൾ എത്തിച്ച് സംസ്കരിക്കുന്ന ഇടമാണ് ബക്സർ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം. സ്ഥലത്ത് മൃതദേഹങ്ങൾ ഇങ്ങനെ കൂട്ടത്തോടെ കണ്ടെത്തിയതെങ്ങനെ എന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോടും, സർക്കിൾ ഓഫീസറോടും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

യുപിയിൽ കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുന്ന പശ്ചാത്തലത്തിൽ, ഉന്നാവിലെ ഗംഗാനദീതീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ
നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. മിക്ക മൃതദേഹങ്ങളും ചിതയൊരുക്കിയാണ്
സംസ്കരിക്കുന്നതെങ്കിലും ഇതിനുള്ള സൗകര്യമോ പണമോ ഇല്ലാത്തവരാണ് വേറെ വഴിയില്ലാതെ
മൃതദേഹങ്ങൾ പുഴയിലൊഴുക്കി വിടുകയോ, മണലിൽ കുഴിച്ചുമൂടുകയോ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

×