Advertisment

വനമിത്ര പുരസ്കാരം ആര്‍. അശോകനെ തേടി കിഴക്കേടത്ത് വീട്ടിലെ കൊച്ച് വനത്തിലെത്തിയപ്പോള്‍ ആര്‍പ്പും കുരവയുമായി കിളികളും ശലഭങ്ങളും വരവേറ്റു…

New Update

publive-image

Advertisment

പള്ളിക്കത്തോട്: സംസ്ഥാന വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്കാരം പള്ളിയ്ക്കത്തോട് കിഴക്കേടത്ത് വീട്ടിലെ ആര്‍.അശോകന്. വന, സമുദ്ര, തീരദേശ സംരക്ഷണത്തിനും വിവിധമേഖലകളിലെ ഏറ്റവും മികച്ച ജൈവവൈവിദ്ധ്യ സംരക്ഷണപ്രവര്‍ത്തനത്തിനും ഓരോവര്‍ഷവും കൊടുക്കുന്ന അവാര്‍ഡാണ്.

പ്രകൃതിയുടെ ലാസ്യ ഭാവങ്ങളെ ക്യാമറയിലൊളിപ്പിയ്ക്കുന്ന അപൂര്‍വ്വം ഫോട്ടോഗ്രാഫര്‍മാരിലൊരാള്‍. പ്രകൃതിയും വന്യജീവികളും ക്യാമറയ്ക്ക് മുന്നില്‍ പോസുചെയ്യാന്‍ അശോകനെ വിളിച്ചുകൊണ്ട് പോകുന്നതാണോ എന്ന് അദ്ദേഹം പകര്‍ത്തുന്ന ചിത്രങ്ങള്‍ കണ്ടാല്‍ തോന്നും.
അഴകും മിഴിവും ഉള്ള അദ്ദേഹത്തിന്റെ വേറിട്ട ചിത്രങ്ങളുടെ നൂറിലധികം പ്രദര്‍ശനങ്ങള്‍ പ്രകൃതിസ്നേഹികള്‍ക്ക് നയനോത്സവമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ വനം പരിസ്ഥിതിമേഖലയിലെ സമഗ്രസംഭാവനയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
publive-image
കിഴക്കേടത്ത് വീട്ടിലെത്തുന്നതിനുമുന്‍പെ പ്രകൃതി കുളിര്‍മ്മയുള്ളതാകുന്നതായി നമുക്ക്  അനുഭവപ്പെടും.  കൊച്ചുകൈത്തോടിനു മുകളിലൂടെയുള്ള പാലത്തിലൂടെ നടന്നുകയറുന്നത് തപോവനശാന്തതയിലേയ്ക്ക്.
സാധാരണക്കാര്‍ക്ക് പേരറിയാത്ത വന്യമരങ്ങള്‍,കാട്ടുപൂക്കള്‍,വള്ളിച്ചെടികള്‍, കാട്ടുവള്ളികളില്‍ ഊഞ്ഞാലുകെട്ടി ആടുന്ന വിദേശികളും സ്വദേശികളുമായ പക്ഷികളും പറവകളും. പ്രകൃതിയുടെ,വനത്തിന്റെ ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ച ഒരുക്കുന്നു  അശോകന്‍.
സന്ദര്‍ശകരായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെക്കുറിച്ചും പ്രകൃതിസ്നേഹത്തെക്കുറിച്ചും ക്ലാസ്സുകളെടുക്കാറുണ്ട്. കഴിഞ്ഞ 38 വര്‍ഷമായി പ്രകൃതിയോട് ചേര്‍ന്ന്നിന്ന് നിശ്ശബ്ദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹം ഈ അവാര്‍ഡ് ഗുരുജനങ്ങള്‍ക്കും അച്ഛനും അമ്മയ്ക്കും അമ്മാവന്‍മാര്‍ക്കും വനം-വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കുമായി സമര്‍പ്പിയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്.
publive-image
ആറാട്ടുപുഴ പൂരവും വടക്കുംനാഥനും തൃശ്ശൂര്‍ പൂരവും ഭാരതപ്പുഴയും തന്റെ ക്യാമറയുടെ ഹൃദയത്തുടിപ്പുകളാണന്ന് അദ്ദേഹത്തിന് അറിയാം. നിളയും നിളയിലൂടെ നടന്നതും നിളയുടെ ഓളവും ഒഴുക്കും ഒഴുക്കില്ലായ്മയും നിളയുടെ ധമനികളില്‍ അടിഞ്ഞ്കൂടി നീരോഴുക്കിനെ ബ്ലോക്കാക്കുന്ന മണ്‍തിട്ടകളും ഈ പ്രകൃതിസ്നേഹിയെ വേദനിപ്പിയ്ക്കുന്നു. നിളയുടെ നിഴലുകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവാണ് അശോകന്‍.
അശോകന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഭാര്യ പുഷ്പയും മക്കളായ ആനന്ദും അരവിന്ദും കിഴക്കേടത്തെ തപോവനത്തില്‍ ലതകളെ പരിപാലിയ്ക്കുന്നു.

 

kottayam news
Advertisment