കോഴിക്കോട്: പാരിസ്ഥിതിക ലോല പ്രദേശമായ കേരളത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് എങ്ങിനെ ധൈര്യം വരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനെതിരായ വിമർശനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുന്നത്.
/sathyam/media/post_attachments/iE6UgsQ6r71wczdByuTl.jpg)
മോദി രാജ്യദ്രോഹിയെന്നും പിണറായി ദേശദ്രോഹിയെന്നും മുദ്ര കുത്തുന്നു. അത് ഞങ്ങളോട് വേണ്ട. സിൽവർ ലൈനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക ലോല പ്രദേശമായ കേരളത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് എങ്ങിനെ ധൈര്യം വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. പദ്ധതിയ്ക്ക് വേണ്ട 1.30 ലക്ഷം കോടി ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണെന്നും വിഡി സതീശൻ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്ക് 124000 കോടി ചെലവാകുമെന്ന് 2018 ൽ നീതി ആയോഗ് പറഞ്ഞതാണ്. ഇപ്പോഴത് ഒന്നര ലക്ഷം കോടിയാകുമെന്നാണ് അനുമാനം. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങിനെയാണ് ഉത്തേജനം നൽകുന്നത്? സംസ്ഥാനത്ത് വിലക്കയറ്റം സർക്കാർ നോക്കിനിൽക്കുകയാണെന്നും വിപണിയിൽ ഇടപെടുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.