Advertisment

'വെള്ളം' നിങ്ങൾക്കൊരു സിനിമ മാത്രമാണ് ; എന്നെപ്പോലുള്ള മറിച്ചൊരുപാടു പേര്‍ക്ക് കരളു കത്തിപ്പോകുന്ന മറ്റെന്തോ ഒരു കാഴ്ച്ചയും ..; മദ്യാസക്തിയെ മനോരോഗമായി പരിഗണിക്കാതെ ചിരിച്ചു തള്ളുന്നവരോട് ഹൃദ്യമായൊരു ജീവിതകഥ പങ്കുവച്ച്‌ രോഷിത് ശ്രീപുരി

New Update

മദ്യാസക്തിയെ മനോരോഗമായി പരിഗണിക്കാതെ ചിരിച്ചു തള്ളുന്നവരോട് ഹൃദ്യമായൊരു ജീവിതകഥ പങ്കുവയ്ക്കുകയാണ് രോഷിത് ശ്രീപുരി. വെള്ളം സിനിമയിലെ മുരളിയെ പോലൊരു തന്റെ ജീവിതത്തിലൂടെയും കടന്നു പോയിട്ടുണ്ടെന്ന് ആമുഖമായി കുറിച്ചു കൊണ്ടാണ് രോഷിതിന്റെ കുറിപ്പ്.

Advertisment

publive-image

മദ്യപൻമാരുടെ ജീവിതവും അമിതാസക്തിയും, വെറും അഭിനയവും, അതിനാടകീയവുമാവുമായി തോന്നുന്നത് ആ ജീവിതം അടുത്ത് കാണാൻ ശ്രമിക്കാത്തത് കൊണ്ടാണെന്നും രോഷിത് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

"വെള്ളം" എല്ലാർക്കുമിഷ്ടപ്പെടമെന്നില്ല ..

ചിലർക്കത് അമിതാഭിനയവും ,അതിനാടകീയവുമാവും ..

'വെള്ളം' ഇഷ്ടമാവണമെങ്കിൽ മുരളിയേപ്പൊലൊരാൾ ,ഓർമ്മ വെച്ച നാൾ മുതൽ നിങ്ങളുടെ ജീവിതത്തിലുണ്ടാവണം ..

അയാളുമായിനിങ്ങൾക്ക് ....രക്തബന്ധത്തിൽ കുറയാത്തൊരടുപ്പമുണ്ടാവണം ..

ഓർമ്മ മുളച്ച കുട്ടിക്കാലത്ത് അയാൾ നിങ്ങളെ 'കുഞ്ഞാ' .. ന്ന് വിളിച്ചിരിക്കണം ...

മുടിമുറിക്കാനും ,അമ്പലപ്പറമ്പിൽ ബലൂണ് വാങ്ങിത്തരാനും നിങ്ങളെ

പഴയ 'ഒരുവണ്ടി സൈക്കിളി'ന്റെ മുൻ സീറ്റിലിരുത്തി കൊണ്ടുപോയിട്ടുണ്ടാവണം ..

നിഷ്കളങ്കമായ ഒരു ചിരി കൊണ്ടും ,നെറ്റിയിലൂർന്നുവീഴുന്ന മുടി കൊണ്ടും എല്ലാർക്കുമയാൾ അനിഷേധ്യനായിരിക്കണം ... 'കുടിക്കാത്ത സമയത്ത് ഇയാളെപ്പോലൊരു പളുങ്കു മനുഷ്യനെ ഈ ഭൂമിയലതുവരെ കണ്ടിട്ടില്ലാ' ന്ന തോന്നൽ എല്ലാർക്കുമെന്ന പോലെ നിങ്ങൾക്കുമുണ്ടാവണം ..

മരണ വീട്ടിലെ പന്തലിന് മുകളിലുംകല്യാണ വീട്ടിലെ കലവറക്കുള്ളിലും ആരേയും ബോധിപ്പിക്കാനില്ലാതെ ,എല്ലാം ചെയ്യുന്ന അയാളെ കാണണം ..

പന്തിയിലെ അവസാനത്തെ ആൾക്കും സാമ്പാറൊഴിച്ചു കൊടുത്ത ശേഷം

ഇരുട്ടിന്റെ മറവിലിരുന്ന് അയാൾ എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയതായറിയണം ..

ചെരിപ്പിടാത്ത കാല് നിലത്തുറയ്ക്കാതെ പോകുമ്പോൾ ,ഫോട്ടോയ്ക്ക് നിക്കുന്നില്ലേന്ന ചോദ്യത്തോട് , നീട്ടിയ താടി സ്വയംപിടിച്ചു വലിച്ചയാൾ പ്രതിഷേധിക്കുന്നത് കാണണം ...

"ഓനെ രക്ഷപ്പെടുത്താൻ ആർക്കും കഴിയുലലേന്ന് " ചോദിച്ച് സാരിത്തുമ്പിൽ കണ്ണ്

തുടച്ചിരുന്ന അയാളുടെ അമ്മയെ കാണണം ..വീട്ടിലൊരു ചടങ്ങും അയാളെക്കൂടാതെ സാധ്യമല്ലെന്ന് ഒരിക്കൽ പറഞ്ഞിരുന്ന ബന്ധുക്കൾ ,ഗെയ്റ്റ്ലയാളുടെ ജട പിടിച്ച തല കാണുമ്പോൾ ,അന്യോന്യം നോക്കി നെടുവീർപ്പിടുന്നതറിയണം ..

"കുഞ്ഞാ .. ഓക്കെന്നെ വേണ്ടാത്തത് ന്റ സാന്നം പൊന്താഞ്ഞിട്ടാണോടാ ?? "ന്ന്..

ഇടയ്ക്കെപ്പൊഴോ കണ്ണു നിറഞ്ഞയാള് ചോദിക്കുന്നത് കേക്കണം ...കള്ളനെ കെട്ടിയാലും കുടിയനെക്കെട്ടരുതെന്ന് സിനിമയിലെ നായികക്ക് മുൻപേ പറഞ്ഞ പലരേയും , ജീവിതത്തിൽ കാണണം ..

ഇവന്റെ മകനായായ് വളരാൻ എന്തു പാപം കഴിഞ്ഞ ജന്മത്തിൽ നീ ചെയ്തെന്ന് ചോദിച്ച് നെടുവീർപ്പൂട്ടി നാട്ടുകാർ വളർത്തുന്ന അയാളുടെ അരുമ സന്താനത്തെ കാണണം ..

സ്വന്തം അച്ഛന്റെ മരണസമയത്ത് ചിത കൊളുത്തുന്നതിന് തൊട്ടുമുമ്പ് ..

രണ്ടു ദിവസം' വെള്ളം ' തൊടാതിരുന്നതിന്റെ ശിക്ഷയായി അപസ്മാരം വന്നു നിലത്തു വീണുരുണ്ട അയാളുടെ ചീർത്ത ശരീരത്തെ കാണണം..അങ്ങനെയിരിക്കെ ഒരു ഫോൺ വിളിയുടെ മറുതലയ്ക്കൽ അയാൾ മരിച്ചു പോയെന്ന വാർത്ത കേൾക്കണം ..

ശവത്തിനരികിൽ ഒരിക്കലയാളെ കിട്ടിയില്ലെങ്കിൽ മരിച്ചു കളയുമെന്ന് ഭീഷണി മുഴക്കിയപെണ്ണ് ,

ഒരിറ്റു കണ്ണീരു വീഴ്ത്താതെ

ചുമരു ചാരിയിരിക്കുന്നത് കാണണം ..

ഇടയ്ക്കിപ്പൊഴും "വെള്ളം കുടിയ്ക്കാത്ത സമയത്തെ അയാൾ" നിങ്ങളുടെ സ്വപ്നത്തിൽ , ആ പഴയ ഒരു വണ്ടിയുമായി വന്ന് ബെല്ലടിക്കണം ..

അയാളുടെ ചീഞ്ഞതലച്ചോറിന്റെ ഓർമ്മകൾ തികട്ടുന്നതിനാൽ

അയ്യപ്പ ബൈജുവും , കുടിയൻ സുരാജും സ്റ്റേജിൽ വെച്ചു കാട്ടുന്ന തമാശകൾ കോപ്രായങ്ങളായി തോന്നി നിങ്ങൾക്കോക്കാനം

വരണം ..

എല്ലാം വരുത്തിക്കൂട്ടുന്നവന്റ അനുഭവിക്കേണ്ടതല്ലേ എന്ന തോന്നലിൽ മദ്യാസക്തി മനോരോഗമായി കാണാതെ ചിരിച്ചാർമ്മാദിക്കുന്ന കാഴ്ച്ചക്കാരിൽ പലരെയും, നിങ്ങൾക്ക് ചെകിടടച്ച് തല്ലാൻ തോന്നണം ...

ഇതൊന്നുമിതുവരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത പക്ഷം ..

'വെള്ളം' നിങ്ങൾക്കൊരു സിനിമ മാത്രമാണ് ...

എന്നെപ്പോലുള്ള മറിച്ചൊരുപാടുപേർക്ക്

കരളു കത്തിപ്പോകുന്ന മറ്റെന്തോ ഒരു കാഴ്ച്ചയും ......

film news facebook post
Advertisment