Advertisment

ഹയരാർക്കിക്കും ജാതിക്കും പരിഹാരമെന്താണ് - ഇന്ത്യയിൽ നിലവിൽ വരേണ്ട ലിബറൽ കോസ്മോപൊളീറ്റൻ സമൂഹം

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

ചന്ദ്രനിലും ചൊവ്വയിലും പോകാൻ രാജ്യം തയാറെടുക്കുമ്പോഴും ചില കൂട്ടർ പേരിൻറ്റെ കൂടെ ജാതിവാൽ കൊണ്ടു നടക്കുന്നുണ്ട്. അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ പറയുന്നില്ല; പറഞ്ഞിട്ടും വിശേഷമൊന്നുമില്ല. ഈ ജാതി വാലിൽ വലിയ മഹത്ത്വമൊന്നുമില്ലെന്ന് അവരൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അപ്പനും അമ്മയും പേരിട്ടപ്പോൾ കൂടെ വന്നതാണെന്ന് ചിലർ ന്യായീകരണം പറയും.

Advertisment

publive-image

പക്ഷെ ഇതെഴുതുന്നയാളുടെ കൂടെ സ്കൂളിലും യൂണിവേഴ്‌സിറ്റിയിലും ഒക്കെ പഠിച്ച ചിലർ ഇപ്പോൾ 'സർ നെയിം' ആയി നായർ പേരുകൾ ഒക്കെ ഉപയോഗിച്ച് ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നു. പണ്ട് കൂടെ പഠിച്ചിരുന്നപ്പോൾ ആ 'സർ നെയിം' ഒന്നും അവർക്ക് ഇല്ലായിരുന്നു. ഇംഗ്ളീഷ് ലെറ്റേഴ്സ് ആയിരുന്നു അന്ന് അവരുടെ ഒക്കെ 'സർ നെയിം'.

ഇന്ന് ആ ഇംഗ്ലീഷ് ലെറ്റേഴ്സ് ഒക്കെ മാറ്റി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവർ ജാതി വാൽ സ്വമേധയാ സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാൻ സാധിക്കുകയില്ല. ശരിക്ക് പറഞ്ഞാൽ അത്തരം ചിലരെ ഫെയിസ്ബുക്കിൽ കണ്ടുമുട്ടിയപ്പോൾ ആദ്യം ഇതെഴുതുന്നയാൾക്ക് മനസിലായില്ല. പിന്നെ അവരുടെ ഫോട്ടോ ഒക്കെ കണ്ടപ്പോഴാണ് കൂടെ പഠിച്ചിരുന്നവരാണല്ലോ എന്ന തിരിച്ചറിവ് വന്നത്.

ഈ ജാതിവാൽ സ്വമേധയാ ഉപയോഗിക്കുന്ന ചിലരൊക്കെ പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും, വിദേശത്ത് നല്ല നിലയിൽ ജീവിക്കുന്നവരുമാണെന്ന് പറയുമ്പോൾ സുബോധമുള്ളവർക്ക് ഇവിടെ നടക്കുന്ന സാമുദായിക ധ്രുവീകരണം മനസിലാക്കാം. കൂടെ 'ബ്രാഹ്മിൻസ് അച്ചാർ'; 'ബ്രാമിൻസ് പുട്ടുപൊടി' എന്നൊക്കയുള്ള പരസ്യങ്ങളും കാണുന്നു. ഈ സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ 'പറയൻ', 'പുലയൻ' - എന്നൊക്ക പേരിൻറ്റെ കൂടെ ചേർത്ത് വേറൊരു കൂട്ടർ പ്രത്യക്ഷപ്പെടുന്നു. ചുരുക്കം പറഞ്ഞാൽ എല്ലാ കൂട്ടരും ഇന്ന് കണക്കാണ്. കേരളം വീണ്ടും ഭ്രാന്താലയം ആയി മാറിക്കൊണ്ടിരിക്കുന്ന എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുമുണ്ട്.

ഈ ഭ്രാന്താലത്തിന് തുല്യമായ അവസ്ഥയിൽ നിന്ന് രക്ഷപെടാൻ എന്താണ് പോംവഴി? ആധുനിക ലിബറൽ കോസ്മോപോളിറ്റൻ സമൂഹവും, സമീപനങ്ങളുമാണ് ഇന്നത്തെ മിക്ക 'ഹയരാർക്കിക്കൽ' പ്രശ്നങ്ങൾക്കും, ജാതി പ്രശ്നങ്ങൾക്കും ഉള്ള യഥാർത്ഥ പരിഹാരം. ആധുനികതയെ നിർവചിക്കുന്നത് എപ്രകാരമാണ്?? “Efficient task formation is the only criterion of Modernity” - എന്നാണ് ആധുനികതയെ കുറിച്ചുള്ള വളരെ നല്ല ഒരു നിർവചനം.

ഈ ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' ഇന്ത്യൻ സമൂഹത്തിൽ അത്ര പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല. പഠനച്ചെലവിനായി നിയമ വിദ്യാർത്ഥിനികളായ പ്രിയയും, ബിരുദധാരിയായ മനീഷയും മീൻ കച്ചവടത്തിനിറങ്ങിയ വാർത്ത നേരത്തേ മലയാള പത്രങ്ങളിൽ വന്നതാണ്. എല്‍.എല്‍.ബി. പഠനത്തിന് വേണ്ടി അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വിറ്റാണ് പ്രിയ പണം കണ്ടെത്തിയത്. ബിരുദധാരിയായ മനീഷയും കൂട്ടിനുണ്ടായിരുന്നു. ചേറ്റുവ ഹാര്‍ബറില്‍ നിന്ന് പച്ചമീന്‍ വാങ്ങി ഇവര്‍ തൃശൂരിലെത്തിക്കുമായിരുന്നു. രണ്ടരയ്ക്ക് കച്ചവടം തുടങ്ങിയാല്‍ ആറരയോടെ തീരും. കച്ചവടം കഴിഞ്ഞ് മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും. ഈ പെൺകുട്ടികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സാമ്പത്തിക ബാധ്യതകള്‍ വഴി മാറി ജീവിത വിജയം ഇവരെ തേടിയെത്തി.

ഈ പെൺകുട്ടികളുടെ വിജയകരമായ കഥ വിദ്യാഭ്യാസമുള്ള മലയാളികളിൽ എത്ര പേർ മാനസികമായിട്ടെങ്കിലും ഉൾക്കൊള്ളാൻ തയാറാകും എന്ന ചോദ്യം ഉന്നയിക്കാം; അത് വളരെ പ്രസക്തവുമാണ്. വളരെയധികം തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉള്ള കേരളത്തിൽ മലയാളികളുടെ ഇഷ്ട വിഭവമാണല്ലോ മീൻ. മീൻ വിൽക്കുന്ന ജോലിക്ക് ഒരു കുറവുമില്ല. ഏത് ജോലിക്കും അതിൻറ്റേതായ അന്തസ്സുണ്ട്. സത്യസന്ധതയോടെയും, ആളുകളെ പറ്റിക്കാതെയും നേരായ വഴിക്ക് ചെയ്യുന്ന ഏതു ജോലിയും മാന്യമാണ്. ഇന്ന് മോഷ്ടിച്ചും, മനുഷ്യരെ പറ്റിച്ചും പണം നേടുന്ന പലരും ആണ് മാന്യന്മാർ ആയി സമൂഹ മധ്യത്തിൽ തിളങ്ങുന്നത്. അതിനേക്കാളൊക്കെ എത്രയോ ശ്രേഷ്ഠമാണ് സമൂഹം ആദരിച്ചില്ലെങ്കിലും അന്തസോടെ ജോലി ചെയ്തു കൂലി വാങ്ങിക്കുന്നത്.

ഇത്തരത്തിൽ ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' ഇന്ത്യക്കാരെ പഠിപ്പിക്കുവാൻ വളരെയധികം യത്നിച്ച വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. ജോലിയുടെ മഹത്വം (dignity of labour) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്.

വിംബിൾഡൺ ടെന്നീസ് കളിയുടെ ഫൈനൽ കണ്ടിട്ടുള്ളവർ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ട്രോഫി കൊടുക്കാൻ വരുന്ന ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും ആദ്യം കൈ കൊടുക്കുന്നത് പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആണ്; അല്ലാതെ ചാമ്പ്യനല്ല. ഇന്ത്യയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണത്. എല്ലാ ജോലികളേയും, ജോലി ചെയ്യുന്നവരുടെ സംഭാവനകളേയും ആദരിക്കുന്ന ഒരു പ്രവൃത്തിയാണ് ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും കൈ കൊടുക്കുന്നതിലൂടെ കാണിക്കുന്നത്. 'ചെങ്കോൽ' സിനിമയിലെ സേതുമാധവനും കുടുംബം പുലർത്തുന്നത് മീൻ വിൽക്കുന്നതിലൂടെയാണ്. ജയിലിൽ പോയത് കൊണ്ട് പഴയ മൂല്യബോധങ്ങളിൽ നിന്ന് സേതുമാധവൻ മുക്തനായി. ഇന്ത്യക്കാർ ഇങ്ങനെ പഴയ മൂല്യബോധങ്ങളിൽ നിന്ന് മുക്തരാവാനും, ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' അംഗീകരിക്കുവാനും ഇനിയും എത്ര നാൾ പിടിക്കും?

ഇത്തരത്തിൽ ജാതിക്കും, മതത്തിനും, വർണത്തിനും, സമുദായത്തിനും ഒക്കെ അപ്പുറത്ത് തൊഴിലിൻറ്റെ മഹത്ത്വം ആണ് ഒരു ആധുനിക സമൂഹം ഉറ്റു നോക്കുന്നത്. അങ്ങനെയാണ് ലോകത്തെവിടെയും ആധുനിക സമൂഹങ്ങൾ പടുത്തുയർത്തിയിട്ടുള്ളതും. ഇന്നത്തെ ഇന്ത്യയിൽ ജാതിയിൽ അധിഷ്ഠിതമായ തൊട്ടു കൂടായ്മയോ, തീണ്ടികൂടായ്മയോ പ്രത്യക്ഷത്തിൽ ഇല്ല. നിയമപരമായി അതൊക്കെ പാലിക്കുന്നത് ശിക്ഷാർഹവുമാണ്. ഏതെങ്കിലും ഹോട്ടലിലോ ട്രെയിനിലോ ഹോസ്റ്റലിലോ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ അതാരാണ് ഉണ്ടാക്കിയതെന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോ??? പണ്ട് യൂറോപ്പിലും, അമേരിക്കയിലും നിലനിന്നിരുന്ന അടിമത്തവുമായി നോക്കുമ്പോൾ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയിലുണ്ടായിരുന്ന അടിച്ചമർത്തൽ ഒന്നുമല്ല. ആ അവസ്ഥയിൽ നിന്ന് അമേരിക്കയിലെ കറുത്ത വർഗക്കാർ ഇന്നെവിടെ നിൽക്കുന്നു?? അവരില്ലാത്ത ഏതെങ്കിലും ഒരു മേഖല അമേരിക്കയിലുണ്ടോ?? സ്പോർട്സ്, അത്ലറ്റിക്സ്, ഹോളിവുഡ്, എന്നിങ്ങനെ സകല മേഖലകളിലുമുണ്ട്. കറുത്ത വർഗക്കാരൻ അമേരിക്കൻ പ്രെസിഡൻറ്റ് വരെ ആയി. അങ്ങനെ നോക്കുമ്പോൾ ദളിതരുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. രണ്ടാം ലോക മഹാ യുദ്ധത്തിൽ കാർപെറ്റ് ബോംബിങ്ങിനു വിധേയമായ ജെർമനിയും, ആറ്റം ബോംബ് ആക്രമണത്തിന് വിധേയമായ ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക, വ്യവസായിക ശക്തികളായി. എന്തേ ഇന്ത്യക്ക് ഈ പുരോഗതിയൊന്നും സാധ്യമാകുന്നില്ല?

ഇന്ത്യയിൽ മാത്രമല്ല; യൂറോപ്പിലും അമേരിക്കയിലും ഒക്കെ നിറത്തിലൂന്നിയ മിഥ്യാഭിമാനം ഉണ്ട്. 'Whites Only' കോളനികൾ അവിടെയും ഉണ്ട്. വെള്ളക്കാർക്ക് മാത്രം വീട് വാടകക്ക് കൊടുക്കുന്ന രീതികൾ അത്യാധുനിക സമൂഹങ്ങളിൽ ഇന്നും നില നിൽക്കുന്നു. പക്ഷെ അവിടെ ഇത്തരം സങ്കുചിത വീക്ഷണങ്ങൾ ഇന്ത്യയിലേത് പോലെ ദേശീയ നയങ്ങളിലേക്ക് വരുന്നില്ല. പശുവിൻറ്റെ പേരിലോ, പന്നിയുടെ പേരിലോ നടക്കുന്ന കൊലപാതകങ്ങൾ ന്യായീകരിക്കാൻ അവിടെ ആരും ഇന്ത്യയിലേത് പോലെ വരില്ല. ദേശീയമായ മിക്കതിലും ബഹുസ്വരത അത്യാധുനിക സമൂഹങ്ങളുടെ ഭാഗമായി കഴിഞ്ഞു. ഈ കഴിഞ്ഞ ലോകകപ്പ് ഫുട്‍ബോൾ തന്നെ നോക്കിയാൽ ഇത് മനസിലാകും. ഫ്രാൻസ്, ബെൽജിയം - എന്നീ രാഷ്ട്രങ്ങൾക്ക് വേണ്ടി അനേകം കറുത്ത വർഗക്കാർ കളിച്ചു. 2018-ലെ വേൾഡ് കപ്പ്‌ ഫൈനലിൽ ഫ്രാൻസിന് വേണ്ടി രണ്ടു ഗോളുകൾ നേടിയത് കറുത്ത വർഗക്കാർ ആയിരുന്നു. അവർ പെട്ടെന്ന് തന്നെ ഫ്രാൻസിൽ 'ഹീറോകൾ' ആയി മാറുകയും ചെയ്തു. നേരത്തെ അർജെൻറ്റീനക്കെതിരെ 2 ഗോൾ നേടിയ കെലിയൻ എംബാപ്പെ ഫ്രാൻസിൻറ്റെ ഹീറോ ആയി മാറിക്കഴിഞ്ഞിരുന്നു. എംബാപ്പെ കറുത്ത വർഗക്കാരനാണെന്നുള്ളത് ഹീറോയിസത്തിന് ഒരു മങ്ങലും ഏൽപ്പിച്ചില്ല എന്നതാണ് ഇവിടെ ശ്രദ്ധേയമായി നോക്കി കാണേണ്ട കാര്യം. 2018-ലെ 'ഫിഫ കപ്പ്‌' സ്വന്തമാക്കിയത് ഫ്രാൻസിൽ നിലനിൽക്കുന്ന ബഹുസ്വരതയുടെ വിജയമായിരുന്നു എന്നാണ്‌ പലരും അവകാശപ്പെട്ടത്. ആധുനിക ലിബറൽ കോസ്മോപോളിറ്റൻ സമീപനത്തിൻറ്റെ വിജയം കൂടിയായിരുന്നു അത്.

നമ്മുടെ രാജ്യത്ത് അത്തരത്തിലുള്ള ഒരു ലിബറൽ കോസ്മോപോളിറ്റൻ സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കേണ്ട രാഷ്ട്രീയക്കാർ മതത്തിൻറ്റേയും ജാതിയുടേയും പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് വോട്ടു ബാങ്കുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാഴ്ചയാനുള്ളത്. ഇന്ന് ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ, കർഷക ആത്മഹത്യാ - ഇവയൊക്കെ പരിഹരിക്കുവാൻ എന്തെങ്കിലും പദ്ധതി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നും മുന്നോട്ടു വെക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നും ഇപ്പോൾ ഉൾക്കൊള്ളുന്നില്ല. ഇപ്പോൾ ബിജെ.പി. -യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നു തോന്നുന്നു ദളിതരും ബിജെ.പി. വഴിയേ ചരിത്രം പറഞ്ഞു നീങ്ങുകയാണ്. തൊഴിലും, വിദ്യാഭ്യാസവും, സമ്പാദ്യ ശീലവും ഒക്കെയാണ് സാമൂഹ്യ, സാമ്പത്തിക വളർച്ചയ്ക്ക് ഉതകുന്നതെന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ അവരുടെ നേതാക്കൾ പഠിപ്പിക്കുന്നില്ല. ബിജെ.പി. നേരത്തേ 500 വർഷം പഴക്കമുള്ള ഒരു മോസ്ക്കിൻറ്റെ പേരിൽ രാജ്യവ്യാപകമായി പ്രചാരണം നടത്തി ജനത്തെ മതത്തിൻറ്റെ പേരിൽ തമ്മിൽ തല്ലിച്ചു. 500 വർഷം പഴക്കമുള്ള ഒരു ആരാധനാലയം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ? ചോദിച്ചിട്ട് കാര്യമില്ല. അത്തരം ഒരു വിഷയം ദേശീയ ശ്രദ്ധ ആകർഷിച്ചതുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാർ; വിദ്യാഭാസമുള്ള ചെറുപ്പക്കാർ - അവരൊക്കെ കല്ലും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന കാഴ്ച മലയാളികൾക്ക് പോലും കാണേണ്ടി വന്നു!!! മഹാരാഷ്ട്രയിലെ ദളിതരാണെങ്കിൽ 200 വർഷം പഴക്കമുള്ള ഒരു യുദ്ധത്തിൻറ്റെ പേരിൽ പ്രശ്നമുണ്ടാക്കി. ഇന്നത്തെ തലമുറയിലെ ഏതെങ്കിലും ദളിതരെ ബാധിക്കുന്നതാണോ കോറിഗോണിൽ 200 വർഷം മുമ്പ് ബ്രട്ടീഷുകാരും, പേഷ്വയും തമ്മിൽ നടന്ന യുദ്ധം? 200 വർഷം മുമ്പ് നടന്ന കാര്യത്തെ കുറിച്ച് ആ പ്രക്ഷോഭത്തിൽ പങ്കെടുത്ത എത്ര ദളിതർക്കറിയാം?? ഇവിടേയും ചോദിച്ചിട്ട് കാര്യമില്ല. തൊഴിലിനും, വിദ്യാഭ്യാസത്തിനും, സമ്പാദ്യ ശീലത്തിനും ആണ് സാമുദായിക ഉന്നമനമാണ് ലക്ഷ്യമെങ്കിൽ മുൻഗണന കൊടുക്കേണ്ടത്. പക്ഷെ അത്തരം 'സെൻസിബിൾ' ആയ കാര്യങ്ങൾക്കൊന്നും ഇന്ന് പ്രസക്തിയില്ല. 'നിരുത്തരവാദിത്ത്വം' - ഇന്നത്തെ രാഷ്ട്രീയത്തിന് ആ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇത്തരം അങ്ങേയറ്റത്തെ നിരുത്തരവാദപരമായ തരം താണ രാഷ്ട്രീയം ഈ രാജ്യത്ത് നിലനിൽക്കുന്നത്കൊണ്ട് എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളുന്ന ഒരു ലിബറൽ കോസ്മോപൊളീറ്റൻ സമൂഹം സൃഷ്ടിക്കപ്പെടാൻ ഇൻഡ്യാക്കാർ ഇനിയും അനേകം നാളുകൾ കാത്തിരിക്കേണ്ടതുണ്ട്

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment