Advertisment

ഇന്ത്യയിലെ വീട്ടു ജോലികൾ ദുരിതം പിടിച്ചതാകാൻ എന്താണ് കാരണം? ആധുനികതയെ ഉൾക്കൊള്ളാനുള്ള നമ്മുടെ വൈമനസ്യം അല്ലേ? ലോകം ഇന്ന് ഡിജിറ്റൽ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസും അടുക്കള ജോലികൾ ലഘുകരിക്കാൻ ഉപയോഗിക്കുന്ന കാലമാണിത്...

New Update

publive-image

Advertisment

-വെള്ളാശേരി ജോസഫ്

അമേരിക്കയിൽ നിന്നു വന്ന ഒരു സതീർധ്യ അവിടെ ദോശയും ഇഡലിയും അടക്കം എല്ലാ പാരമ്പര്യ വിഭവങ്ങളും ഉണ്ടാക്കുമെന്ന് പറഞ്ഞു; പക്ഷെ കൂട്ടത്തിൽ അമേരിക്കയിൽ ഇതൊക്കെ ഉണ്ടാക്കുന്നത് ഇന്ത്യയേക്കാൾ വളരെ എളുപ്പമാണെന്നുകൂടി പറഞ്ഞു.

അമേരിക്കയിൽ പാചകം എളുപ്പമാകാൻ എന്താണ് കാരണം? പച്ചക്കറികൾ എല്ലാം അരിഞ്ഞു ഡിപ്പാർട്ട്മെൻറ്റ് സ്റ്റോറുകളിൽ കിട്ടും; മീനും ഇറച്ചിയും ഒക്കെ അതുപോലെ തന്നെ മുറിച്ചു നല്ല പായ്ക്കറ്റുകളിൽ കിട്ടും. ഇഞ്ചി പേസ്റ്റും, വെളുത്തുള്ളി പേസ്റ്റും ഒക്കെ അവിടെ കിട്ടും. പാക്കിങ്ങിൻറ്റെ ഗുണനിലവാരം ഭരണകൂടം ഉറപ്പാക്കുന്നു.

ഇനി അടുക്കളയിലേക്ക് വന്നാലോ, 'ഇൻബിൽറ്റ് ഓവനും', ഇൻബിൽറ്റ് ഡിഷ് വാഷറും ഒക്കെ ഉള്ള 'മോഡുലർ കിച്ചൺ' ആണ് അവിടെയൊക്കെ ഉള്ളത്. പുക അടുക്കളയിൽ തങ്ങി നിൽക്കാതിരിക്കാൻ 'ഇലക്രോണിക്ക് ചിമ്മിനി' മിക്ക വീടുകളിലും ഉണ്ട്. കറിക്ക് അരിയാൻ നല്ല സ്റ്റെയിൻലെസ് സ്റ്റീൽ കത്തികളുണ്ട്. പിന്നെ പാചകം എളുപ്പമാകാതിരിക്കുമോ?

കേരളത്തിൽ1980-കളിൽ തന്നെ അരകല്ലും, ആട്ടുകല്ലും ഒക്കെ പല കുടുംബങ്ങളും മാറ്റിവെച്ചതാണ്. ഇതെഴുതുന്ന ആൾക്കറിയാവുന്ന മധ്യവർഗത്തിലും, അപ്പർ മിഡിൽ ക്ലാസിലും ഉള്ള പല കുടുംബങ്ങളിലും 1980-കളിൽ തന്നെ ഫ്രിഡ്ജും, മിക്സിയും, പ്രഷർ കുക്കറും, ഗ്യാസ് അടുപ്പും ഒക്കെ ഉണ്ടായിരുന്നു.

1990-കൾ ആയപ്പോൾ വാഷിംഗ് മെഷീനും വന്നു. ഇന്നിപ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മിക്കവർക്കും ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും, 'ഫ്രോസ്റ്റ് ഫ്രീ റെഫ്രിജെറേറ്ററും', മൈക്രോവേവ് ഓവനും ഒക്കെ ഉണ്ട്. ഡിഷ്‌ വാഷറും, 'വെജിറ്റബിൾ ചോപ്പറും', ഇലക്ട്രോണിക്ക് ചിമ്മിനിയും, റോബോട്ടിക്ക് ക്ളീനറും ആണ് ഇന്ത്യയിൽ ഇന്നിപ്പോൾ മധ്യ വർഗത്തിലും, അപ്പർ മിഡിൽ ക്ലാസിലും പോപ്പുലർ ആകാത്തത്.

ചിലർക്കൊക്കെ ഇന്ന് കേക്ക് ഉണ്ടാക്കാൻ ഇലക്രോണിക്ക് 'ബ്ലെൻഡർ' ഒക്കെ ഉണ്ട്. ഇന്ത്യയിൽ ഇപ്പോൾ വരേണ്യ വർഗം 'മോഡുലർ കിച്ചൺ' യുഗത്തിലേക്ക് കടക്കുകയാണ്. ഡൽഹിയിൽ ഡൽഹി ഡവലപ്മെൻറ്റ് അതോറിറ്റി'(DDA)-യുടെ ഫ്ളാറ്റിൽ 'ഇൻബിൽറ്റ്' സംവിധാനങ്ങൾ ഇല്ലാ. പക്ഷെ ഡിഡിഎ ഫ്‌ളാറ്റ് പൊളിച്ചു പുതുക്കി പണിതു ചിമ്മിനിയും, 'ഇൻബിൽറ്റ്' സംവിധാനങ്ങളോട് കൂടി മോഡുലാർ കിച്ചൺ പരുവത്തിൽ ആക്കുന്നവരെ അറിയാം.

ഡിഷ്‌ വാഷറും, റോബോട്ടിക്ക് ക്ളീനറും ഇന്ത്യയിൽ പോപ്പുലർ ആകാത്തതിന് എന്താണ് കാരണം? കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വീട് വൃത്തിയാക്കാനും, പാത്രം കഴുകാനും ജോലിക്കാരെ മധ്യ വർഗത്തിന് കിട്ടും എന്നത് തന്നെ കാരണം.

നമ്മുടെ ഫെമിനിസ്റ്റുകൾ ഇത് അംഗീകരിക്കില്ലാ. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ 'ലിബറേഷൻ ഓഫ് ദി പ്രിവിലേജ്ഡ്'; 'ലിബറേഷൻ ഓഫ് ദി അണ്ടർ പ്രിവിലേജ്ഡ്' - എന്നീ രണ്ടു തരം സ്ത്രീ സ്വാതന്ത്ര്യമുണ്ടെന്ന് പ്രശസ്ത രാഷ്ട്ര മീമാംസകനായ രജനി കോഠാരി ഓർമപ്പെടുത്തുന്നത് ചുമ്മാതല്ല.

പാത്രം കഴുകുന്ന ജോലിക്ക് ആളെ കിട്ടുമ്പോൾ ഡിഷ്‌ വാഷറിന് 25,000-30,000 രൂപ മുടക്കാൻ പലരും മടിക്കും. വീട് വൃത്തിയാക്കാൻ ആളെ കിട്ടുമ്പോൾ റോബോട്ടിക്ക് ക്ളീനറിന് 10,000-15,000 രൂപ മുടക്കാനും ആളുകൾ മടിക്കും.

കേരളത്തിലെ വീടുകളിലെ വളരെ ബുദ്ധിമുട്ട് പിടിച്ച പണിയായ മുറ്റമടിക്കലിന് ഇന്ന് 'ബ്ലോവർ' ഉണ്ട്. ബ്ലോവർ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ മുറ്റത്തെ ഇലയും കമ്പുമൊക്കെ നീക്കാൻ സാധിക്കും. പക്ഷെ ബ്ലോവറും, ഡിഷ്‌ വാഷറും, റോബോട്ടിക്ക് ക്ളീനറും കേരളത്തിലെ മിക്ക വീടുകളിലും ഇല്ലാ. കാശില്ലാഞ്ഞിട്ടല്ലാ ഇതൊന്നും വാങ്ങിക്കാത്തത്. ആധുനികതയെ ഉൾക്കൊള്ളാൻ പലരും തയാറല്ലാത്തത് തന്നെ കാരണം.

നമ്മുടെ ഭരണകൂടങ്ങൾ പാക്കിങ്ങിൻറ്റെ ഗുണ നിലവാരം ഉറപ്പാക്കാത്തതും ആധുനികതയെ ഉൾക്കൊള്ളാതിരിക്കാൻ ഒരു കാരണമാകുന്നുണ്ട്. മുളകും മല്ലിയും ഒക്കെ വാങ്ങിച്ചു കഴുകി ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കുന്ന ധാരാളം വീട്ടമ്മമാർ ഈ രാജ്യത്തുണ്ട്. അരിയും ഗോതമ്പും ഒക്കെ തന്നെത്താൻ കഴുകി ഉണക്കി പൊടിപ്പിക്കുന്ന വീട്ടുകാർ ഇഷ്ടം പോലെ ഇൻഡ്യാ മഹാരാജ്യത്തുണ്ട്.

ഡൽഹിയിലെ ഭക്ഷ്യ മാർക്കറ്റ് ആയ ഐഎന്‍എ മാർക്കറ്റിൽ ചെന്നാൽ നമ്മുടെ മുമ്പിൽ വെച്ചുതന്നെ കടക്കാർ മുളകും മല്ലിയും കുരുമുളകും ഒക്കെ പൊടിച്ചു തരും. പക്ഷെ അതൊന്നും ചിലർക്ക് പോരാ. ഡൽഹിയിൽ കുറച്ചുനാൾ മുമ്പ് ഒരു ഫ്‌ളാറ്റിൽ ചെന്നപ്പോൾ അവിടെ പൊടിക്കാനുള്ള 'ഹൈ പവർ മോട്ടോർ' ഉള്ള യന്ത്രം ഇരിക്കുന്നു. വൈദ്യുതി ബിൽ കണ്ടമാനം കൂടുന്നൂ എന്നവർ പറഞ്ഞു. പക്ഷെ എന്തുചെയ്യാം, അവർക്ക് മില്ലിനെ പോലും വിശ്വസിക്കാൻ വയ്യാ!!!

നെസ്‌ലെ, മാഗി, കാഡ്ബറി, ബ്രിട്ടാനിയ, ഹാർവെസ്റ്റ് ഗോൾഡ്, അമുൽ - മുതലായ കമ്പനികളുടെ ഭക്ഷ്യ ഉത്പന്നങ്ങൾ ഇന്ത്യയിൽ ലക്ഷകണക്കിന് ആളുകൾ ഉപയോഗിക്കുന്നതാണ്. എംഡിഎച്ചിന്‍റെ മസാല പൗഡറുകളും ജനലക്ഷങ്ങൾ ഇന്ത്യയിൽ നിത്യേനെ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിൽ ആണെങ്കിൽ ഡബിൾ ഹോഴ്സ്, ഈസ്റ്റേൺ, മേളം, മിൽമ - തുടങ്ങിയ അനേകം ഭക്ഷ്യ ബ്രാൻഡുകൾ ഉണ്ട്. ഇവയുടെ ഒക്കെ ഉത്പന്നങ്ങൾ ദിവസവും ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുമുണ്ട്. പക്ഷെ ഒരു നിറപറക്ക് നോട്ടീസ് പോകുമ്പോൾ മാധ്യമങ്ങൾ അത് ആഘോഷിക്കുന്നു; അതല്ലെങ്കിൽ ഒരു ഭക്ഷ്യ ദുരന്തം ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ചെഴുതുന്നു. ഭക്ഷ്യ ഉത്പന്നങ്ങളിൽ ജനങ്ങളുടെ വിശ്വാസം പോകാൻ മറ്റെന്തെങ്കിലും വേണോ?

സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകളെ ഉൾക്കൊള്ളിച്ചു കൊണ്ട് മഹാരാഷ്ട്രയിൽ തുടങ്ങിയ പ്രസ്ഥാനമാണ് 'ലിജ്ജത് പപ്പട്' എന്നറിയപ്പെടുന്ന 'ശ്രി മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട്'. പപ്പടം നിർമാണത്തിൽ നിന്ന് തുടങ്ങി ഇന്ന് 40000 സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു.

ഇപ്പോൾ പപ്പടം മാത്രമല്ല; വിവിധയിനം കറി പൗഡറുകളും അടുക്കളയ്ക്കാവശ്യമുള്ള മറ്റു സാധനങ്ങളും നിർമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് വരെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഫാക്റ്ററിയിൽ ജോലി ചെയ്യുന്ന അനേകായിരം സ്ത്രീകളുടെ കുട്ടികൾക്ക് ഉന്നത പഠനത്തിന് സ്‌കോളർഷിപ്പും ആ സ്ഥാപനം നൽകുന്നു. നാഷണൽ ജ്യോഗ്രഫിക് ലിജ്ജത് പപ്പടിനെ കുറിച്ച് ഒരു ഡോക്കുമെൻറ്ററി നിർമ്മിച്ച് ആ സ്ത്രീകളെ ആദരിച്ചു.

ലിജ്ജത് പപ്പടിനെ പോലെ തന്നെ കേരളത്തിൽ 'കുടുംബശ്രീ' നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ട്. പ്രാദേശികമായുള്ള ഇത്തരം സംരഭങ്ങളെ നല്ല പാക്കിങ്ങിലൂടെയും ബ്രാൻഡിങ്ങിലൂടെയും ലോക നിലവാരത്തിലേക്ക് ശ്രമിച്ചാൽ എത്തിക്കാവുന്നതേ ഉള്ളൂ.

ഇന്ത്യയിലെ പോലെ ഭക്ഷണ വൈവിദ്ധ്യം ലോകത്തൊരിടത്തും തന്നെ കാണുകയില്ല. ആര്യ ഭവനും, ശരവണ ഭവനും, ഉഡുപ്പി റെസ്റ്റോറൻറ്റും ഒക്കെ ആ ദക്ഷിണേന്ത്യൻ ഭക്ഷണ വൈവിദ്ധ്യം മാർക്കറ്റ് ചെയ്യുന്നതിൽ വിജയിച്ചവരാണ്.

ഉത്തരേന്ത്യയിൽ അഗർവാൾ സ്വീറ്റ്സും, ഹൽദിറാമും എണ്ണിയാലൊടുങ്ങാത്ത മിഠായി കടകളും ഉണ്ട്. ഇന്ത്യയിലെ ഈ ഭക്ഷണ വൈവിദ്ധ്യം തന്നെയാണ് മക്ഡോനാൾഡിനേയും കെൻറ്റകി ഫ്രെഡ് ചിക്കണിനേയും ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടിച്ചത്.

ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിൽ അത്യാധുനിക മാർഗങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ ഭക്ഷണ വൈവിദ്ധ്യം ഇറ്റാലിയൻ പിസ പോലെ തന്നെ പണ്ടേ ലോക ശ്രദ്ധ ആകർഷിച്ചേനേ. നമ്മുടെ ഹോട്ടലുകളും, റെസ്റ്റോറൻറ്റുകളും, മിഠായി കടകളുമെല്ലാം അത്യാധുനിക സംവിധാനങ്ങളിലൂടെ അവരുടെ അടുക്കളകളുടെ ശുചിത്വവും കാര്യക്ഷമതയും ഉറപ്പു വരുത്താനായിരുന്നു യത്നിക്കേണ്ടിയിരുന്നത്.

ഇപ്പോഴും ടെക്നോളജിയെ കേരളമോ ഇന്ത്യയോ അടുക്കള കാര്യങ്ങളിലും, വീട്ടു കാര്യങ്ങളിലും പൂർണമായും സ്വീകരിച്ചിട്ടില്ല. ഇതാണ് ഇന്ത്യയിൽ വീട്ടു ജോലികളും, ഹോട്ടൽ ജോലികളും ഇത്ര ദുരിതം പിടിച്ചതാകാൻ പ്രധാന കാരണം. ആധുനികത എന്ന പ്രതിഭാസത്തിൻറ്റെ ഏറ്റവും പ്രധാന സവിശേഷത 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി' ആണ്.

ലോകം ഡിജിറ്റൽ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇൻറ്റെലിജൻസും അടുക്കള കാര്യങ്ങളിലും, വീട്ടു കാര്യങ്ങളിലും കൊണ്ടുവരികയാണിപ്പോൾ. 'ടൈമർ' ഉള്ള മിക്സർ ഗ്രൈൻഡറും, 'സ്‌ലോ കുക്കറും' ഒക്കെ ആ അത്യാധുനികതയുടെ ഭാഗമായി വികസിത രാജ്യങ്ങളിലെ അടുക്കളകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ലോകം ഇത്തരം വമ്പൻ മുന്നേറ്റങ്ങളിലൂടെ കുതിക്കുമ്പോൾ, ഇൻഡ്യാക്കാർ ഇനിയും വീട്ടുജോലിയുടെ കാര്യത്തിൽ അത്യാധുനികതയുടെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല എന്നു തന്നെ പറയണം. നഗരങ്ങളിൽ വസിക്കുന്ന വളരെ ചുരുക്കം പേരേ അത്യാധുനിക സമൂഹം വളരുന്ന പാഠങ്ങൾ ഇന്ത്യയിൽ ഉൾക്കൊണ്ടിട്ടുള്ളൂ. പലർക്കും ഇതു പറഞ്ഞാൽ ഇഷ്ടപ്പെടുകയും ഇല്ലാ.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

voices vellasseri joseph
Advertisment