ഗ്രാമത്തിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്ന് പ്രമുഖ കമ്പനിയുടെ സ്വപ്‌ന തുല്യമായ പദവിയിലേക്ക്‌! പഠനത്തിനായി വീട് വിട്ടുനിന്നത് 18 കൊല്ലം, കുഗ്രാമത്തില്‍ നിന്ന് അമേരിക്കയിലേക്ക്; ശമ്പളം 1.6 കോടി, 29കാരന്റെ കഠിനാധ്വാനത്തിന്റെ കഥ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, August 28, 2020

ലക്‌നൗ:  ഗ്രാമത്തിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്ന് പ്രമുഖ കമ്പനിയുടെ സ്വപ്‌ന തുല്യമായ പദവിയില്‍ എത്തി ഉത്തര്‍പ്രദേശ് സ്വദേശിയായ 29കാരന്‍. കഷ്ടപ്പാടുകളുടെ നടുവിലും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത അക്കാദമിക മുന്നേറ്റമാണ് യുവാവിനെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ മക്കിന്‍സിയുടെ ജോലി നേടിയെടുക്കാന്‍ സഹായിച്ചത്.

1.6 കോടി രൂപയുടെ പാക്കേജാണ് അമേരിക്കയില്‍ ഗവേഷണം ചെയ്യുന്ന അനിമേഷ് ആനന്ദ് മിശ്രയെ തേടിയെത്തിയത്. മകന്റെ ഭാവിയ്ക്കായി പലതും ഉപേക്ഷിക്കാന്‍ തയ്യാറായ മാതാപിതാക്കളാണ് യുവാവിന്റെ നേട്ടത്തിന്റെ കരുത്ത്.

ഉത്തര്‍പ്രദേശ് ബല്ലിയ ജില്ലയില്‍ പോഖ്ര ഗ്രാമത്തിലാണ് അനിമേഷ് ജനിച്ചത്. ഗ്രാമത്തിലെ പഠനത്തില്‍ നിന്ന് ടെക്‌സാസ് സര്‍വകലാശാലയിലെ ഉന്നതതല ഗവേഷണത്തില്‍ എത്തി നില്‍ക്കുന്ന അനിമേഷിന്റെ പഠന ജീവിതം പ്രചോദനമാണ്. അതിനിടെ 18 വര്‍ഷമാണ് മാതാപിതാക്കളുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞത്.

നിലവില്‍  ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ ഉള്‍പ്പെടുന്ന മൈക്രോബയോട്ട വിഭാഗത്തില്‍ ഗവേഷണത്തിലാണ് അനിമേഷ്. അക്കാദമിക രംഗത്തെ മികച്ച പ്രകടനമാണ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സിയുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇടയാക്കിയത്.

ഗ്രാമത്തില്‍ നല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇല്ലാത്തത് തിരിച്ചറിഞ്ഞ അമ്മ, വാരണാസിയിലെ മികച്ച സ്‌കൂളില്‍ ചേര്‍ത്തതാണ് അനിമേഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സര്‍ക്കാര്‍ കോളജിലെ അധ്യാപകനായ അച്ഛന്‍ പ്രകാശ് മിശ്ര ഗ്രാമത്തില്‍ തന്നെ താമസിച്ച് പിന്തുണ നല്‍കി. വൈദ്യുതി തടസ്സവും മകന്റെ ഭാവിയെ ഓര്‍ത്ത് സ്‌കൂള്‍ മാറാനുളള തീരുമാനത്തിന് പ്രേരണയായെന്ന് അമ്മ സരോജ് പറയുന്നു. പന്ത്രണ്ടാം ക്ലാസ് മുതല്‍ ടെക്‌സാസിലെ പിഎച്ച്ഡി വരെ സ്‌കോളര്‍ഷിപ്പിലൂടെയാണ്് പഠിച്ചത്. മകന്റെ വിദ്യാഭ്യാസത്തിനായി 18 വര്‍ഷം വിവിധ നഗരങ്ങളില്‍ താമസിച്ചതായി സരോജ് പറയുന്നു. ഈ ത്യാഗത്തിന്് ഫലം കണ്ടതില്‍ സന്തോഷവതിയാണ് സരോജ്.

2009ല്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2014ല്‍ ഇന്റഗ്രേറ്റഡ് കോഴ്‌സ് പൂര്‍ത്തിയാക്കി. അമേരിക്കയിലെയും കാനഡയിലെയും ബിരുദ പഠനത്തിനുളള പ്രവേശന പരീക്ഷ പാസായതാണ് മറ്റൊരു നേട്ടം. തുടര്‍ന്ന് ടെക്‌സാസില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നു.  സ്വന്തം ഗ്രാമത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയാണ് ലക്ഷ്യമെന്ന് അനിമേഷ് മാധ്യമങ്ങളോട് പറഞ്ഞു.

×