18 അടി നീളമുളള പെരുമ്പാമ്പ് കൃഷ്ണമൃഗത്തിന്റെ കുഞ്ഞിനെ വിഴുങ്ങി, അമ്പരപ്പ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 29, 2020

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ പെരുമ്പാമ്പ് കൃഷ്ണമൃഗത്തിന്റെ കുഞ്ഞിനെ വിഴുങ്ങി. 18 അടി നീളമുളള പെരുമ്പാമ്പാണ് കൃഷ്ണമൃഗത്തിന്റെ കുഞ്ഞിനെ വിഴുങ്ങിയത്. ഇരയെ വിഴുങ്ങിയതിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാതെ കിടന്ന പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കാട്ടില്‍ കൊണ്ട് പോയി വിട്ടു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലാണ് സംഭവം. കൃഷ്ണമൃഗത്തിന്റെ കുഞ്ഞിനെ പെരുമ്പാമ്പ് വിഴുങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

റോക്ക് പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ടതാണിത്. മുയലിനെയും എലിയെയും വിഴുങ്ങുന്നത് കണ്ടിട്ടുണ്ടെങ്കിലും കൃഷ്ണമൃഗത്തിന്റെ കുഞ്ഞിനെ ഇരയാക്കുന്നത് കാണുന്നത് ആദ്യമായാണ് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വംശനാശഭീഷണിക്ക് അരികില്‍ നില്‍ക്കുന്നതാണ് ഇന്ത്യന്‍ പെരുമ്പാമ്പ്. വംശനാശ ഭീഷണിക്ക് തൊട്ടരികില്‍ നില്‍ക്കുന്നത് കൊണ്ട് ഇതിന്റെ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന് 20 അടി വരെ വളരാനാകും.

×