ഒരു ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പോലും ഒറ്റപ്പെടുന്നതായി തോന്നി; ‘ഉറങ്ങാന്‍ പോലും എനിക്കാവുന്നില്ല, രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. ഒരു ആത്മവിശ്വാസവും ഇല്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത്? 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താന്‍ വിഷാദത്തിന് അടിപ്പെട്ടെന്ന വെളിപ്പെടുത്തലുമായി കോഹ്‌ലി

സ്പോര്‍ട്സ് ഡസ്ക്
Sunday, February 21, 2021

ഡല്‍ഹി: 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താന്‍ വിഷാദത്തിന് അടിപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഒരു ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പോലും ഒറ്റപ്പെടുന്നതായി തോന്നിയെന്നും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നെന്നും കോഹ്‌ലി വെളിപ്പെടുത്തി.

‘ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ ഞാനാണെന്നു തോന്നി. ആ അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു. എനിക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ ആളുണ്ടാവാതിരുന്നിട്ടല്ല. എന്നാല്‍ ഞാന്‍ എന്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കാന്‍ പാകത്തില്‍ ഒരു പ്രൊഫഷണല്‍ ഉണ്ടായില്ല.’

‘ഉറങ്ങാന്‍ പോലും എനിക്കാവുന്നില്ല, രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. ഒരു ആത്മവിശ്വാസവും ഇല്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത്? എന്നെല്ലാം ചോദിക്കാന്‍ പാകത്തില്‍ നമുക്കൊരാള് വേണം. ഇതുപോലെ വിഷാദം ഒരുപാട് നാള്‍ പലരേയും വേട്ടയാടുന്നുണ്ടാവും. ഈ സമയങ്ങളില്‍ പ്രൊഫഷണല്‍ സഹായമാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം’ കോഹ്‌ലി പറഞ്ഞു.

2014 ലെ ഇംഗ്ലണ്ട് പരമ്പരയിലെ 5 ടെസ്റ്റുകളില്‍ 13.50 ആയിരുന്നു കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി. 134 റണ്‍സാണ് കോഹ്‌ലി ആകെ ആ പരമ്പരയില്‍ നേടിയത്. 1,8,25,0,39,28,0,7,6 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സ്‌കോര്‍.

×