‘സഹോദരന്’ ഒരു ആശുപത്രിക്കിടക്ക വേണമെന്ന് വി.കെ സിങ്; വിവാദമായതോടെ ട്വീറ്റ് നീക്കി

നാഷണല്‍ ഡസ്ക്
Sunday, April 18, 2021

ന്യൂഡൽഹി: സ്വന്തം മണ്ഡലമായ ഗാസിയാബാദിൽ കോവിഡ് ബാധിതനായ യുവാവിനായി സഹായം അഭ്യർഥിച്ച് വെട്ടിലായി കേന്ദ്രമന്ത്രി വി.കെ. സിങ്. കോവിഡ് സ്ഥിരീകരിച്ച രോഗിക്ക് ഗാസിയാബാദിലെ ഒരു ആശുപത്രിയിലും കിടക്ക ലഭിക്കാതെ വന്നതോടെയാണ് സഹായം തേടി സിങ് ട്വീറ്റ് ചെയ്തത്.

“സഹായിക്കൂ, എന്റെ ‘സഹോദരന്’ കോവിഡ് ചികിത്സയ്ക്കായി ഒരു കിടക്ക ആവശ്യമാണ്. ഗാസിയാബാദില്‍ ഇപ്പോള്‍ കിടക്കകള്‍ ലഭ്യമല്ല.” – ജില്ലാ കളക്ടറെ ടാഗ്ചെയ്തു കൊണ്ട് സിങ് ട്വീറ്റ് ചെയ്തു.

സ്വന്തം സഹോദരന് വേണ്ടിയാണ് വി.കെ. സിങ് അഭ്യർഥിച്ചതെന്നും ബന്ധുവിനു പോലും ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയെന്നും പറഞ്ഞ് ആളുകൾ ട്വീറ്റ് ഏറ്റെടുത്ത് രംഗത്തുവന്നതോടെയാണ് ട്വീറ്റ് നീക്കം ചെയ്തത്.

എന്നാല്‍ താനുമായി ബന്ധമുള്ള വ്യക്തിക്ക് വേണ്ടയല്ല സഹായം അഭ്യര്‍ഥിച്ചതെന്ന് വി.കെ.സിങ് പിന്നീട് വ്യക്തമാക്കി. സഹായം ആവശ്യമുള്ളയാള്‍ തന്റെ സഹോദരനല്ലെന്നും മറിച്ച് മനുഷ്യത്വത്തിന്റെ പേരിലുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിഡ് ബാധിതനായ ആളുടെ സാഹചര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രശ്നം തദ്ദേശ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ട് പരിഹരിച്ചെന്നും അദ്ദേഹം അറിയിച്ചു.

×