പൊളിറ്റിക്‌സ്

സുധീരന്റെ രാജിക്ക് പിന്നില്‍ തന്റെ ഇഷ്ടക്കാരനെ കെപിസിസി ഭാരവാഹിയാക്കാത്തതിലുള്ള അനിഷ്ടം? സുധീരനുള്ളത് ഭാരവാഹി പട്ടികയില്‍ നിന്നും കൊല്ലത്ത് പണ്ടേ ജനവും പാര്‍ട്ടിയും കയ്യൊഴിഞ്ഞ ഒരു ‘അനന്തരാവകാശി’യെ തള്ളിയതിലുള്ള പരിഭവം തന്നെ ! പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന നടപടിയില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ പിന്തിരിയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് നശിച്ചാലും താന്‍ മാത്രം നല്ലത് എന്ന കാട്ടിക്കൂട്ടല്‍ അംഗീകരിക്കില്ല. പണ്ട് സുധീരന്‍ അധ്യക്ഷനായിരിക്കെ ജംബോ കമ്മറ്റികളില്‍ തിരുകികയറ്റിയ ഇഷ്ടക്കാര്‍ ചെയ്തതെന്തെന്ന് സുധീരന്‍ അറിഞ്ഞിരുന്നോ ? ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ഇന്ദിരാഭവനെ കന്റോണ്‍മെന്റ് ഹൗസാക്കിയ നേതാവിനെ ഇനി അംഗീകരിക്കില്ലെന്നും പ്രവര്‍ത്തകരുടെ പക്ഷം !

പൊളിറ്റിക്കല്‍ ഡസ്ക്
Sunday, September 26, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി പ്രതിസന്ധിയിലായ സമയത്ത് പാര്‍ട്ടിയെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കമാണ് വിഎം സുധീരന്‍ നടത്തിയതെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. ഒപ്പം തന്റെ നോമിനിയെ കെപിസിസി ഭാരവാഹിയാക്കണെമന്ന് സുധീരന്റെ നിര്‍ബന്ധം നേതൃത്വം തള്ളിയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ഡിസിസി അധ്യക്ഷന്‍മാരുടെ പേര് പ്രഖ്യാപിക്കും മുമ്പ് തന്നോട് ആലോചിച്ചില്ലെന്ന പരാതിയുമായി നേരത്തെ വിഎം സുധീരന്‍ രംഗത്തുവന്നിരുന്നു. അന്ന് അദ്ദേഹം നിര്‍ദേശിച്ചയാളെ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചില്ലെന്ന ആക്ഷേപമായിരുന്നു സുധീരനുണ്ടായിരുന്നത്. അന്നു പക്ഷേ കെപിസിസി അധ്യക്ഷനടക്കം കണ്ടതോടെ പ്രശ്‌നം അവസാനിച്ചിരുന്നു.

എന്നാല്‍ ഇത്തവണത്തെ പ്രശ്‌നം അതേ നേതാവിനെ കെപിസിസി ഭാരവാഹിയാക്കുക എന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിനെന്നാണ് സൂചന. കൊല്ലത്തെ ഈ നേതാവിനെ പണ്ടേ ജനം കയ്യൊഴിഞ്ഞതാണ്. ഇയാളെ ഭാരവാഹിയാക്കാനുള്ള സമ്മര്‍ദ്ദമാണ് സുധീരന്റെ ഇപ്പോഴത്തെ ഈ നീക്കം.

എന്നാല്‍ അസമയത്തെ സുധീരന്റെ ഈ നീക്കം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കാനേ ഉപകരിക്കൂ എന്നു പ്രവര്‍ത്തകര്‍ പറയുന്നു. ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി മാത്രമെ സുധീരന്റെ നടപടിയെ പ്രവര്‍ത്തകര്‍ കാണുന്നുള്ളു. അതുകൊണ്ടുതന്നെ സുധീരന്റെ സമ്മര്‍ദ്ദത്തിന് അടിപ്പെടരുതെന്നും ഇവര്‍ പറയുന്നു.

കോണ്‍ഗ്രസില്‍ വിഎം സുധീരന്‍ മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണയോടെ സൃഷ്ടിച്ചെടുത്തിരിക്കുന്ന ഒരു പ്രതിച്ഛായയുണ്ട്. അതുപക്ഷേ കോണ്‍ഗ്രസ് നശിച്ചാലും താന്‍ മാത്രം നല്ലവനാണ് എന്ന് വരുത്തി തീര്‍ക്കലാണ്. ഇല്ലെങ്കില്‍ പാര്‍ട്ടി ഇത്രയേറെ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയും ദ്രോഹം ചെയ്യില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പണ്ട് സുധീകന്‍ കെപിസിസി അധ്യക്ഷനായിരിക്കെ രൂപീകരിച്ച ജംബോ കമ്മറ്റികളില്‍ അദ്ദേഹം തന്നെ തിരുകി കയറ്റിയ ഇഷ്ടക്കാര്‍ എന്താണ് പാര്‍ട്ടിക്ക് ചെയ്തതെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ഒരു ദിവസം അനാരോഗ്യമെന്ന് കെപിസിസി പ്രസിഡന്റ് പദം ഒഴിഞ്ഞ സുധീരന്‍ പിന്നീട് ഒരു മൂക്കില്‍പ്പനിക്കു പോലും ചികിത്സ തേടിയിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.

ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ രണ്ടോ മൂന്നോപേര്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഉണ്ടായ പ്രവര്‍ത്തകരുടെ വികാരം കാണാതെ അവരേക്കാള്‍ കഷ്ടമായി പാര്‍ട്ടിക്കുള്ളിലിരുന്ന് വിമര്‍ശനമുന്നയിക്കുന്ന സുധീരനെ അംഗീകരിക്കില്ലെന്നും അണികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതു ഭരണത്തിനെതിരെ വാതുറക്കാത്ത നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കെതിരെ മുറവിളി കൂട്ടുകയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇന്ദിരാഭവനെ കന്റോണ്‍മെന്റ് ഹൗസാക്കിയ നേതാവാണ് ഇദ്ദേഹമെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടി പദവിയും എംപി,എംഎല്‍എ, മന്ത്രി തുടങ്ങിയ പാര്‍ലമെന്ററി പദവികളുമൊക്കെ തരാതരം വഹിച്ച ഈ നേതാക്കള്‍ തങ്ങള്‍ക്ക് എല്ലാം കിട്ടിയ ശേഷം പാര്‍ട്ടി ഇല്ലാതാകട്ടെ എന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.

സുധീരന്‍ പാര്‍ട്ടിക്ക് കൊടുത്ത സംഭാവനയെക്കാള്‍ ആയിരം മടങ്ങ് പാര്‍ട്ടി മടക്കി നല്‍കിയെന്നും ഇനിയും മതിയായില്ലെങ്കില്‍ ‘പാപ്പര്‍ പാര്‍ട്ടി’യാക്കിയ ശേഷം പദവി വലിച്ചെറിഞ്ഞു പോയ ആദര്‍ശത്തിന്റെ പിണ്ണാമ്പുറ കഥകള്‍ പറയിപ്പിക്കരുതെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

×