Advertisment

ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ. 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്നാണ് - വെള്ളാശേരി ജോസഫ് എഴുതുന്നു

New Update
vellasseri joseph article

2,976 അശ്ളീല വീഡിയോകളുമായി മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകൻറ്റെ 'ലീലാ വിലാസങ്ങൾ' പുറത്തുവരുമ്പോൾ, സുബോധമുള്ള ആർക്കും 'എത്ര സമയം ചിലവാക്കിയാണ് മൂവായിരത്തിനടുത്ത് വീഡിയോകൾ റെക്കോർഡ് ചെയ്തത്; ഇവനൊന്നും വേറെ പണിയൊന്നുമില്ലേ' എന്നു ചോദിക്കാം.

Advertisment

സത്യം പറഞ്ഞാൽ, ആ ചോദ്യം പുരുഷ സമൂഹത്തോട് തന്നെ ചോദിക്കേണ്ടതാണ്. കാരണമെന്തെന്നുവെച്ചാൽ, പല പുരുഷന്മാരുടെ മനസ്സിലെങ്കിലും ഒരു 'സെക്ഷ്വൽ പെർവേർട്ട്' ഒളിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് പ്രജ്വൽ രേവണ്ണയുടെ പ്രവൃത്തികൾ സൂചിപ്പിക്കുന്നത്.

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനായതുകൊണ്ട് ഇത്രയും കാലം പ്രജ്വൽ രേവണ്ണക്ക് തൻറ്റെ കുത്സിത പ്രവൃത്തികൾ ഒളിപ്പിക്കാൻ സാധിച്ചു. അതുകൊണ്ടു മാത്രമാണ് 2,976 അശ്ളീല വീഡിയോകൾ എടുത്തിട്ടും, നിയമത്തിൻറ്റെ കണ്ണിൽ പെടാതെ പൊതുസമൂഹത്തിൽ വിലസി നടക്കാനും, എം.പി. ആകാനുമൊക്കെ പ്രജ്വൽ രേവണ്ണക്ക് സാധിച്ചത്.

പക്ഷെ കേവലം പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തരം പ്രവണതകൾ. ലൈംഗിക വൈകൃതങ്ങളിൽ അഭിരമിക്കുന്നവർ ഇഷ്ടം പോലെ നമ്മുടെ സമൂഹത്തിലുണ്ട്; എല്ലാ സമൂഹങ്ങളിലുമുണ്ട്.

'കാസ്റ്റിം​ഗ് കൗച്ച്' ആരോപണങ്ങൾ ഇന്ത്യയിലെ പല ഭാഷകളിലേയും സംവിധായകർക്കും നിർമാതാക്കൾക്കും നടന്മാർക്കും നേരെ ഉയർന്നിട്ടുണ്ട്. 'ഒരു അവസരം തരണമെങ്കിൽ തനിക്കൊരു അവസരം തരൂ' എന്നു പറയുന്ന ഇഷ്ടം പോലെ സംവിധായകരും നിർമാതാക്കളും നടന്മാരും ഇന്ത്യൻ സിനിമകളിലും ലോക സിനിമകളിലുമുണ്ട്. 'സഹകരിക്കാത്ത അനേകം നടിമാർ' സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. 

ഹോളിവുഡ് നടനായിരുന്ന ജാക് നിക്കോൾസൺ ആയിരത്തോളം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും പറയപ്പെടുന്നു. ചിലർ ആയിരത്തിന് മുകളിലാണ് ജാക് നിക്കോൾസണുമായി ബന്ധമുള്ള 'കണക്കുകൾ' ഉൾക്കൊള്ളിക്കുന്നത്. നമ്മുടെ കമലഹാസനും അടൂർ ഭാസിക്കുമൊക്കെ എതിരേ പല രീതിയിലുമുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

കോട്ടയം ശാന്തയുടെ ആത്മകഥ അടൂർ ഭാസിയെ പോലുള്ള മലയാള സിനിമയിലെ ഒരുപാട് ബിംബങ്ങളെ തുറന്നു കാട്ടിയിട്ടുണ്ട്. കെപിഎസി ലളിതയും ഈയിടെ നടി ഷീലയും അടൂർ ഭാസിക്കെതിരെ സംസാരിച്ചിട്ടുണ്ട്. 'മി റ്റു' പോലുള്ള 'മൂവ്മെൻറ്റുകൾ' പണ്ടുണ്ടായിരുന്നെങ്കിൽ അടൂർ ഭാസിയെ പോലുള്ളവരുടെ ചെയ്തികൾ ചോദ്യം ചെയ്യപ്പെടുമായിരുന്നു എന്നാണ് ഈയിടെ ഷീല പറഞ്ഞത്.

ഇപ്പോൾ പോലും ജസ്‌റ്റീസ്‌ ഹേമ തയാറാക്കിയ സിനിമാ മേഖലയിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് കേരളാ സർക്കാർ പ്രകാശനം ചെയ്യുന്നില്ല. എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടെന്നുള്ളത് വ്യക്തം.

ഇതെഴുതുന്നയാൾ വായിച്ച ജോൺ എഫ്. കെന്നഡിയുടെ 800-ൽ മിച്ചം പേജുള്ള ഒരു ജീവചരിത്രത്തിൽ, ഭാര്യയായ ജാക്വിലിൻ കെന്നഡിയെ കൂടാതെ കെന്നഡിക്ക് ബന്ധമുണ്ടായിരുന്ന 4 സ്ത്രീകളുടെ ഫോട്ടോ സഹിതം വിവരണമുണ്ട്.

മരിലിൻ മൺറോയുടെ ഉണ്ടായിരുന്ന ബന്ധം വേറെ. ജോൺ എഫ്. കെന്നഡി ഏതോ ഒരു ജനറ്റിക് രോഗത്തിന് പ്രതിവിധിയായി 'കോർട്ടിക്കോ സ്റ്റെറോയിഡ്‌ ഇൻജക്ഷൻ' എടുത്തിരുന്നു. അത് അദ്ദേഹത്തിന് വല്ലാത്ത ''സെക്ഷ്വൽ സ്റ്റിമുലേഷൻ' ഉണ്ടാക്കിയിരുന്നു എന്നാണ് ഇത്തരം 'സെക്സ് അഡിക്ഷന്' കാരണമായി  ജീവ ചരിത്രകാരന്മാർ പറയുന്നത്.

ബിൽ ക്ലിൻറ്റൺ, ഡൊണാൾഡ് ട്രംപ് - ഇവരും സ്ത്രീ വിഷയത്തിൽ മോശക്കാരല്ലായിരുന്ന അമേരിക്കൻ പ്രസിഡൻറ്റുമാർ ആയിരുന്നു. മുൻ അമേരിക്കൻ പ്രസിഡൻറ്റ് ആയിരുന്ന സീനിയർ ജോർജ് ബുഷ് 90 വയസു കഴിഞ്ഞു വീൽ ചെയറിൽ ആയിരുന്നപ്പോൾ പോലും ചില 'സെക്ഷ്വൽ സാഹസങ്ങൾക്ക്' മുതിർന്നിട്ടുണ്ടെന്നാണ് അമേരിക്കയിൽ നിന്നുള്ള 'റൂമറുകൾ' പറയുന്നത്.

ഇൻഡ്യാക്കാരും സെക്സിൻറ്റെ കാര്യം വരുമ്പോൾ, ഒട്ടുമേ മോശക്കാർ ആയിരുന്നില്ല. വാത്സ്യായന മഹർഷി കാമസൂത്രത്തിൽ 70 'സെക്ഷ്വൽ പൊസിഷനുകളെ' കുറിച്ച് പറയുന്നുണ്ട്. മലയാളത്തിൽ പുരുഷ കേന്ദ്രീകൃതമായ കാമസൂത്രത്തിനെതിരായാണ് കെ.ആർ. ഇന്ദിര 'സ്ത്രൈണ കാമസൂത്രം' പ്രകാശനം ചെയ്തത്. സ്ത്രൈണ കാമസൂത്രം'എന്ന പുസ്തകത്തിൽ കെ.ആർ. ഇന്ദിര മുന്നോട്ടുവെക്കുന്ന കൺസെപ്റ്റ് പോലെ അത്ര സ്ത്രീ വിരുദ്ധം അല്ലായിരുന്നു ഒറിജിനൽ കാമസൂത്രം.

കാരണമെന്തെന്നുവെച്ചാൽ, വാത്സ്യായന മഹർഷിയെ കാമസൂത്രം എഴുതാൻ കണ്ടമാനം 'പ്രവൃത്തി പരിചയം' ഉണ്ടായിരുന്ന പാടലീപുത്രത്തിലെ ഒരു 'ലൈംഗിക തൊഴിലാളി' സഹായിച്ചതായാണ് പറയപ്പെടുന്നത്. സ്ത്രീകൾ തന്നെ ഇത്തരത്തിലുള്ള 'വിജ്ഞാനം' പകർന്നുകൊടുക്കുമ്പോൾ, അതത്ര സ്ത്രീ വിരുദ്ധമെന്ന് പറയാൻ ആവില്ലല്ലോ.

ഇനി, വാത്സ്യായനൻറ്റെ കാമസൂത്രം മാത്രമല്ല പുരാതന ഇന്ത്യയിൽ നിന്ന് സെക്സിനെ കുറിച്ച് വന്നിട്ടുള്ള പുസ്തകമെന്നുള്ളതും മനസിലാക്കേണ്ടതുണ്ട്. 'അനംഗരംഗം' പോലെയുള്ള വേറെയും അനേകം പുസ്തകങ്ങൾ വന്നിട്ടുണ്ട്. പണ്ടത്തെ ഇൻഡ്യാക്കാർ 'ഈ വിഷയത്തിൽ' ഒട്ടുമേ മോശക്കാർ അല്ലായിരുന്നു എന്നു തന്നെയാണ് നമ്മുടെ ക്ഷേത്രങ്ങളിൽ നിരന്നിരിക്കുന്ന സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശിൽപങ്ങൾ സൂചിപ്പിക്കുന്നത്.

"സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും..." - എന്നാണല്ലോ വയലാറിൻറ്റെ 'ചെമ്പരത്തി'-യിലെ പ്രസിദ്ധമായ പാട്ട്. അർദ്ധ നഗ്നകളും, രതി ഭാവങ്ങൾ ഉൾക്കൊള്ളുന്നവരുമായ സ്ത്രീകളൊയൊക്കെ നമ്മുടെ പല ക്ഷേത്രങ്ങളിലും കാണാം. അതിലൊന്നും പണ്ടുകാലത്ത് ആർക്കും ഒരു മോശവും തോന്നിയിരുന്നില്ല.

കോണാർക്ക്, ഖജുരാഹോ, അസംഖ്യം ചോള ക്ഷേത്രങ്ങൾ - ഇവിടെയൊക്കെ നിരന്നിരിക്കുന്ന രതി ശിൽപങ്ങൾ ഇന്ത്യൻ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ കണ്ടിരുന്നില്ല എന്നതിനുള്ള തെളിവാണ്. പിന്നീട് ജാതി ചിന്ത പ്രബലമായ  മധ്യ കാലഘട്ടമായപ്പോഴാണ് സ്ത്രീകൾക്കും ലൈംഗികതക്കും നേരെ കണ്ടമാനം നിയന്ത്രണങ്ങൾ വന്നത്.

പുരോഹിത വർഗത്തിൻറ്റെ ആധിപത്യവും, വിദേശ ശക്തികളുടെ ആക്രമണങ്ങളുമെല്ലാം വിക്ടോറിയൻ സദാചാര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാക്കി ഇന്ത്യൻ സമൂഹത്തെ മാറ്റി. ഒരു നൂറ്റാണ്ടു മുമ്പ് വരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകൾ നടന്നിരുന്ന സംസ്ഥാനമാണ് കേരളം. ഒരു 40-50 വർഷങ്ങൾക്ക് മുമ്പു വരെ ഇഷ്ടംപോലെ ഗ്രാമ വേശ്യകൾ കേരളത്തിൽ ഉണ്ടായിരുന്നു.

ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടി ചരിതം, ഉണ്ണിച്ചിരുതേവി ചരിതം, വൈശിക തന്ത്രം - തുടങ്ങിയ കൃതികൾ പഴയകാലത്തെ കേരളത്തിൻറ്റേതായി ഉണ്ടായിരുന്നു. മണിപ്രവാള കൃതികളുടെയൊക്കെ പേരു സൂചിപ്പിക്കുന്നതുപോലെ എല്ലാ കൃതികളിലും വിഷയം ഗണികാ വർണ്ണനയാണ്.

പണ്ടുണ്ടായിരുന്ന ലൈംഗിക വൃത്തികളിൽ നിന്ന് വളരെ വിഭിന്നമാണ് ആധുനിക മെഡിക്കൽ സയൻസിലെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചുള്ള ലൈംഗിക സമീപനങ്ങൾ. 'സൈക്കോ ആക്റ്റീവ്' മരുന്നുകളുടെ സ്വാധീനത്തിൽ ലൈംഗിക ബന്ധം ദീർഖിപ്പിക്കുന്നതടക്കം പല തലതിരിഞ്ഞ രീതികളും ഇന്നിപ്പോൾ നിലവിലുണ്ട്.

'മെത്' അല്ലെങ്കിൽ 'ക്രിസ്റ്റൽ മെത്തഫെറ്റമിൻ' ഉപയോഗിച്ചുള്ള 'കെമിക്കൽ സ്റ്റിമുലേഷൻ' ലൈംഗിക ബന്ധത്തിന് മുമ്പായി ഉപയോഗിക്കുന്ന ഒന്നിപ്പോൾ നിലവിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലും പ്രക്ഷേപണം ചെയ്ത അമേരിക്കൻ ടെലിവിഷൻ സീരിയലായ 'ബ്രെയ്ക്കിങ് ബാഡ്' കണ്ടാൽ മതി ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുവാൻ.

'ബ്രെയ്ക്കിങ് ബാഡ്'-ൽ വാൾട്ടർ വൈറ്റ് എന്ന കെമിസ്ട്രി അദ്ധ്യാപകൻ തൻറ്റെ കെമിസ്ട്രിയിൽ ഉള്ള വിജ്ഞാനം 'മെത്' അല്ലെങ്കിൽ 'ക്രിസ്റ്റൽ മെത്തഫെറ്റമിൻ'  എന്ന മയക്കു മരുന്ന് നിർമിക്കാൻ ഉപയോഗപ്പെടുത്തുന്നു. അതുവഴി വാൾട്ടർ വൈറ്റിന് കോടികണക്കിന് ഡോളറുകളും കിട്ടുന്നു.

കള്ളപ്പണവും മാഫിയയും, സെക്സ് ട്രെയിഡുമൊക്കെ അനുബന്ധ വ്യവസായങ്ങളായി വരുന്ന ഒന്നാണീ മയക്കുമരുന്നിൻറ്റെ ഉൽപ്പാദനവും വിതരണവും. അതൊക്കെ 'ബ്രെയ്ക്കിങ് ബാഡ്' സീരിയൽ കാണിക്കുന്നുണ്ട്. 

മരുന്നുകളിലൂടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിച്ച് ഉണ്ടാക്കുന്ന ലൈംഗിക ഉത്തേജനങ്ങൾ ഒട്ടുമേ സുരക്ഷിതമല്ല. ശാരീരിക ഉത്തേജകങ്ങളിലൂടെ ഉണ്ടാക്കുന്ന മെച്ചപ്പെട്ട ലൈംഗികതയിൽ ഒന്നുകിൽ മരണപ്പെടാനുള്ള സാധ്യതയും അതല്ലെങ്കിൽ ലൈംഗിക ഉത്തേജനം വരാതിരിക്കാനുള്ള സാധ്യതയും കൂടിയുണ്ട്. 

'ഡെയ്സി ചെയിൻ', 'കെം സെക്സ്' (കെമിക്കൽ സെക്സ്), 'ഗ്യാങ് ബാങ്ങ്', 'കുക്കോൾഡ് സെഷൻ' -  എന്നൊക്കെ വിളിക്കപ്പെടുന്ന അനേകം 'സെക്ഷ്വൽ പെർവേർഷൻ' അഥവാ 'സെക്സ് അഡിക്ഷൻ' രീതികൾ പാശ്ചാത്യ രാജ്യങ്ങളിലുണ്ട്. പോണോഗ്രാഫിക് സിനിമകളുടെ പിന്നാമ്പുറങ്ങളിലാണ് ഇതുപോലെയുള്ള 'സെക്ഷ്വൽ പെർവേർഷനും', 'സെക്സ് അഡിക്ഷനും' കൂടുതലും കാണപ്പെടുന്നത്. ഇത്തരം ലൈംഗിക  വൈകൃതങ്ങളുടെ ദുരിതങ്ങൾ പേറുന്നത് പലപ്പോഴും അഡൽറ്റ് സിനിമകളിലെ തന്നെ നായികമാരാണ്.

കഴിഞ്ഞ വർഷം അഡൽറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ സോഫിയ ലിയോൺ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. 'അതൊരു സ്വോഭാവികമായ മരണമല്ല; കൊലപാതകമാണ്' എന്നുള്ള ആരോപണങ്ങൾ മരണത്തിനു പിന്നാലെ വന്നിരുന്നു.

കാഗ്‌നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീൽഡ്‌സ് തുടങ്ങിയ നീലചിത്ര താരങ്ങളും കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇതിന് പുറകേയാണ് ഇരുപത്തി ആറാം വയസിൽ സോഫിയ ലിയോണും മരിച്ചത്.

'മൾട്ടി മില്യൺ' സ്വത്തൊക്കെയുള്ള അഡൽറ്റ് താരങ്ങൾ വെറുതെയങ്ങ് ആത്മഹത്യ ചെയ്യുമോ? അവിടെയാണ് ദുരൂഹത വരുന്നത്. മിക്കവാറും 'പോണോഗ്രാഫിക്  ഇൻഡസ്ട്രിയിലെ രഹസ്യങ്ങൾ' പുറത്തു വരാതിരിക്കാൻ ഇവരെ 'തീർത്തു കളഞ്ഞതാകാനാണ്' സാധ്യത. 

'സൈക്കോ ആക്റ്റീവ്' മരുന്നുകളുടെ സ്വാധീനത്തിൽ ലൈംഗിക ബന്ധം ദീർഖിപ്പിക്കുന്നതടക്കം പല തലതിരിഞ്ഞ ലൈംഗിക വൈകൃതങ്ങളും 'പോണോഗ്രാഫിക്  ഇൻഡസ്ട്രിയുമായി' ബന്ധപ്പെട്ട് നിലവിലുള്ളതായി പറയപ്പെടുന്നു. ഇത്തരം രീതികൾ നിയമ വിരുദ്ധമാണ്.

ഒന്നിലധികം പങ്കാളികളുള്ള അനേകം തലതിരിഞ്ഞ ലൈംഗിക രീതികൾ പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് പരീക്ഷിക്കപ്പെടുന്നു. പ്രവാസികൾ കണ്ടമാനമുള്ള മലയാളികളുടെ ഇടയിൽ ഇത്തരം രീതികൾ 'ട്രെൻഡിങ്' ആവാത്തതിൽ നമുക്ക് ആശ്വസിക്കാം.

'സെക്ഷ്വൽ മൊറാലിറ്റി' മനുഷ്യ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. 'സെക്ഷ്വൽ മൊറാലിറ്റി' ഒന്നും പാലിക്കാതിരുന്നതുകൊണ്ടാണ് 'പോംപെ' പോലുള്ള അനേകം നാഗരികതകൾ അകാല ചരമമടഞ്ഞതായി പറയപ്പെടുന്നത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ)

Advertisment