ഗസ്സ-ഭൂമിയിലെ നരകം... മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവൻ അത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും, ഒരു മനസ്സ് കൊടുക്കുക അവൻ അത് അഹന്ത കൊണ്ട് നിറയ്ക്കും, സുന്ദരമായ കരങ്ങൾ നൽകിയാലോ അവൻ അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാൻ ആയുധങ്ങൾ ഉണ്ടാക്കും. പ്രപഞ്ചത്തിലെ ഏറ്റവും "വിഡ്ഢി വർഗ്ഗം" എന്നാണ് മനുഷ്യനെ കുറിച്ചുള്ള പൊതു അഭിപ്രായം - ഹസ്സൻ തിക്കോടി എഴുതുന്നു

ഇന്ന് ഗാസയിൽ നടക്കുന്ന വംശഹതത്യയും ഉക്രൈനിൽ നടക്കുന്ന യുദ്ധവും ഒരു പുഞ്ചിരിയോടെമാത്രം കണ്ടു നിൽക്കുന്ന ലോക നേതാക്കളുടെ മനോഭാവം വായിച്ചെടുക്കാൻ വളരെ പ്രയാസമാണ്. 

New Update
hassan thikkodi article

1935 -ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാന്റ് എഴുതിയ  “The Last War" എന്ന പേരിലുള്ള ഒരു നാടകമുണ്ട്. ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ പ്രയോഗിക്കുന്നു. 

Advertisment

അവയിൽ നിറച്ചു വച്ചിരുന്ന ബാക്ടീരിയകളും വൈറസുകളും പെട്ടന്ന് തന്നെ ശത്രു രാജ്യങ്ങളിൽ മാത്രമല്ല, ഭൂമി മുഴുവൻ വ്യാപിച്ച് മനുഷ്യകുലത്തെ സമ്പൂർണ്ണമായി ഇവിടെ നിന്ന് തുടച്ചു നീക്കുന്നു. 

മനുഷ്യർ ഇല്ലാതായ ഭൂമിയിൽ കുറെ മൃഗങ്ങൾ ഒരിടത്ത് ഒരുമിച്ചു കൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.

virus-2


 "മനുഷ്യൻ ഇല്ലാതായത് നന്നായി" എന്ന അഭിപ്രായമാണ് നായ ഒഴികെ ബാക്കി എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും ഉള്ളത്. നായയ്ക്ക് മാത്രമാണ് തന്റെ യജമാനനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നത്. 


യുദ്ധക്കളങ്ങളിൽ മനുഷ്യന്റെ ഒപ്പം പോയപ്പോളൊക്കെ താൻ ഇത്തരം ഒരു സാഹചര്യം മുൻകൂട്ടി കണ്ടിരുന്നു എന്ന് കുതിര പറയുന്നുണ്ട്. 

തങ്ങളെ "പൂർവ്വികർ" എന്ന് വിളിച്ച് മനുഷ്യർ അപമാനിച്ചതിലാണ് കുരങ്ങന് അമർഷം. മനുഷ്യന്റെ പൂർവ്വികർ ആകാനും മാത്രം അത്ര "ചീപ്പ്" അല്ലത്രേ കുരങ്ങുകൾ.

monkeies

വിശക്കുമ്പോളല്ലാതെ താൻ ഒരു ജീവിയേയും കൊല്ലാറില്ലെന്നും എന്നാൽ, മനുഷ്യൻ അങ്ങനെയല്ലായിരുന്നെന്നും സിംഹം വിലയിരുത്തുന്നു. 

"മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവൻ അത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും, ഒരു മനസ്സ് കൊടുക്കുക അവൻ അത് അഹന്ത കൊണ്ട് നിറയ്ക്കും, സുന്ദരമായ കരങ്ങൾ നൽകിയാലോ അവൻ അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാൻ ആയുധങ്ങൾ ഉണ്ടാക്കും, ഒരു പ്രവാചകനെ അയച്ചു കൊടുത്താലോ അവൻ അദ്ദേഹത്തെ ആട്ടിയോടിക്കും" എന്നൊക്കെയാണ് മനുഷ്യനെ ആദിമുതൽ നിരീക്ഷിച്ചു വരുന്ന സർപ്പത്തിന് പറയാനുള്ളത്. 


പ്രപഞ്ചത്തിലെ ഏറ്റവും "വിഡ്ഢി വർഗ്ഗം" (Stupid Species) എന്നാണ് മനുഷ്യനെ കുറിച്ചുള്ള പൊതു അഭിപ്രായം. ഒരു ശല്യം ഒഴിഞ്ഞു കിട്ടിയ സമാധാനം ആണ് എല്ലാവർക്കും.


മൃഗങ്ങൾ ഇത്തരത്തിൽ ചർച്ച തുടരുമ്പോഴാണ് മനുഷ്യകുലത്തെ തുടച്ചു നീക്കി ഷീണിതനായ വൈറസ് (Microbe) രംഗപ്രവേശം ചെയ്യുന്നത്. 

virus

മനുഷ്യർ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനായി തന്നെ ലബോറട്ടറിയിൽ വളർത്തിയെടുത്തതാണെന്നും കർമ്മഫലമാണ് മനുഷ്യന് സംഭവിച്ചതെന്നും വൈറസ് അഭിപ്രായപ്പെടുന്നു. 


താൻ എത്രമാത്രം അപകടകാരിയാണെന്ന് മനസ്സിലാക്കിയിട്ടും ലബോറട്ടറികളിൽ തന്നെ തീറ്റിപ്പോറ്റി ശാസ്ത്രജ്ഞമാർ സർവ്വനാശത്തിനു വഴിവച്ചുവെന്നാണ് വൈറസിന് പറയാനുള്ളത്.


ഇത്തരത്തിൽ നാടകം പുരോഗമിക്കുമ്പോൾ രംഗത്തേക്ക് ഒരു മാലാഖ കടന്നു വരുന്നു. മനുഷ്യർ അവശേഷിക്കാത്ത ഭൂമി മുഴുവൻ ചുറ്റിക്കറങ്ങി നിരീക്ഷണം നടത്തിയിട്ടു വരികയാണ് മാലാഖ. 

മനുഷ്യൻ കെട്ടിപ്പൊക്കിയ അംബര ചുംബികളായ കെട്ടിടങ്ങളും മഹാസൗധങ്ങളും വിജനമായിരിക്കയാണ്. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ എത്തിയെന്ന് ഊറ്റം കൊണ്ട് "ശാസ്ത്രമാണ് എല്ലാം" എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന്റെ സകല അഹന്തകളും അവസാനിച്ചിരിക്കുന്നു. 

angel

തന്നെ നേർവഴിക്കു നടത്താനും ദൈവഹിതം അറിയിക്കാനും പ്രപഞ്ച സൃഷ്ടാവ് നിയോഗിച്ചയച്ച എല്ലാ ഗുരുക്കന്മാരെയും അവൻ നിന്ദിക്കുകയും വധിക്കുകയും ചെയ്തു. 

അവന്റെ ബുദ്ധിശക്തിക്കു നിദാനമായ തലച്ചോറിലെ കോടിക്കണക്കിനു ന്യൂറോൺ വലകൾ ആരുടെ അതി സൂക്ഷ്മബുദ്ധിയാലാണ് കോർത്തിണക്കപ്പെട്ടത് എന്ന് അവൻ പരിഗണിച്ചില്ല. 


എല്ലാം തന്റെ ബുദ്ധിവൈഭവം കൊണ്ട് മാത്രമാണ് സാധിക്കുന്നത് എന്ന് അഹങ്കരിച്ചതാണ് മനുഷ്യന്റെ ഏറ്റവും വലിയ വിഡ്ഢിത്തം എന്നൊക്കെയാണ് മാലാഖയുടെ നിരീക്ഷണങ്ങൾ.


അവസാന രംഗമെത്തുമ്പോൾ എങ്ങനെയോ വൈറസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഭൂമിയിൽ അവശേഷിക്കുന്ന ഏക മനുഷ്യൻ കടന്നു വരുന്നു. അയാളെ വകവരുത്താനായി മൃഗങ്ങളെല്ലാം ക്രോധത്തോടെ ചീറിയടുക്കുമ്പോൾ മാലാഖ അവയെ തടയുന്നു. 

എന്നാൽ, മനുഷ്യ വംശത്തിൽ ഏകനായി താൻ മാത്രം ഇനി ജീവിച്ചിരിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്നും തന്നെ കൊല്ലുകയാണ് ഭേദമെന്നും അയാൾ പരിതപിക്കുന്നു. മനുഷ്യൻ പ്രപഞ്ചത്തോട് ചെയ്ത എല്ലാ അരുതായ്കകൾക്കും മറ്റു ജീവജാലങ്ങളോട് അയാൾ മാപ്പു ചോദിക്കുന്നു. 

മാലാഖ അയാളെ ആശ്വസിപ്പിച്ച് താങ്ങിയെടുത്ത് മൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുമ്പോൾ തിരശീല വീഴുന്നു. (നാടകത്തോട് കടപ്പാട്)

gaza

“അവസാന യുദ്ധത്തിൽ” ഇന്നിന്റെ പ്രസക്തി:

ഏകദേശം 90 വർഷങ്ങൾക്കു മുൻപ് രചിക്കപ്പെട്ട ഈ നാടകം ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ ചിന്തകൾക്ക് വക നൽകുന്നുണ്ട്. 

ഇന്ന് ഗാസയിൽ നടക്കുന്ന വംശഹതത്യയും ഉക്രൈനിൽ നടക്കുന്ന യുദ്ധവും ഒരു പുഞ്ചിരിയോടെമാത്രം കണ്ടു നിൽക്കുന്ന ലോക നേതാക്കളുടെ മനോഭാവം വായിച്ചെടുക്കാൻ വളരെ പ്രയാസമാണ്. 


ദോഹാ ആക്രമണത്തിന് ശേഷം നടന്ന അറബ്/ഇസ്ലാമിക് ഉച്ചകോടിയും പതിവുപോലെ ചൂടുള്ള ഗഹ്‌വയും കുടിച്ചുകൊണ്ട് പിരിഞ്ഞുപോയി. ഗസ്സയിലെ പട്ടിണിയും മരണങ്ങളും അവിടെ ചർച്ചയായില്ല. ഈ യുദ്ധം അവസാനിപ്പിക്കാനായി ഒരു ഫോർമുലക്കും രൂപം കൊടുത്തില്ല.


ഗസ്സയിൽ നടക്കുന്ന വംശഹത്യയെ ദി ലാസ്റ്റ് വാർ എന്ന നാടകത്തോട് ഉപമിക്കുകയല്ല, പകരം ഇത്തരം ഒരവസ്ഥ ലോകം മുഴുവൻ സംഭവിച്ചാൽ ഉണ്ടായേക്കാവുന്നതിന്റെ ഒരു നേർ ചിത്രം നാമെല്ലാവരും മനസ്സിൽ വരച്ചിടുന്നത് നല്ലതായിരിക്കും. 

people in gaza


ഈ യുദ്ധം, ഈ വംശഹത്യ ആർക്കുവേണ്ടിയാണ് നടത്തുന്നത് ? ഒരു വിശാല ഇസ്രായേൽ സൃഷ്‌ടിച്ചശേഷം അവിടെ സുഖസുഷുപ്തിയിൽ വാഴാമെന്ന വ്യാമോഹമാണോ നെതന്യാഹുവും ട്രമ്പും കരുതുന്നത്. അവർക്ക് മാത്രം അവസാനമില്ല എന്ന അബദ്ധജടിലമായ ധാരണയാണോ അവരെ ഭരിക്കുന്നത് ?


ഈ ലോകം നമ്മുടേത് മാത്രമല്ലെന്നും യുദ്ധത്തിലൂടെ മരിച്ചു വീഴുന്നവർ മനുഷ്യരാണെന്നും ഒരുവേള അവർ ഓർക്കാതെ കൊന്നൊടുക്കാൻ കല്പന നൽകുന്ന ഭരണാധിപന്മാരായി മാറുന്നതെന്തുകൊണ്ട് ? 

മരണം എല്ലാവര്ക്കും അനിവാര്യമായ പ്രക്രിയാണെന്ന ധാരണ എഴുപതിനായിരം പേരെ കൊന്നൊടുക്കിയിട്ടും അവർക്കുണ്ടാവുന്നില്ല. അവർക്കും മരണമുണ്ടെണ്ണം അവരാരുംതന്നെ മരണത്തിന് കീഴടങ്ങില്ലെന്നും ഉറച്ചു വിശ്വസിക്കുന്നതെന്തുകൊണ്ട് ? 

മനുഷ്യൻ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണെന്നും പ്രപഞ്ചത്തെക്കുറിച്ച് നമ്മൾ ഇന്നോളം കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലെ നിസ്സാരമാണെന്നും തിരിച്ചറിവ് നേടേണ്ടതുണ്ട്. എല്ലാറ്റിലും ഉപരിയായി, നമുക്ക് അജ്ഞാതമായ എന്നാൽ അനുഭവത്തിലൂടെ പ്രാപ്യമാകുന്ന പ്രപഞ്ചപ്പൊരുളിനെ നമിക്കാനുള്ള വിനയം ഉണ്ടാവേണ്ടതുണ്ട്.

നരകത്തിൽ ജീവിക്കുന്നവർ: 

യുദ്ധം നടക്കുന്നത് ഗാസയിലും ഉക്രയിനിലുമാണെങ്കിലും അത് നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കേണ്ടതുണ്ട്. യുദ്ധം. “ജനത ജനതക്ക് എതിരെയും രാജ്യം രാജ്യത്തിന്‌ എതിരെയും എഴുന്നേൽക്കും” എന്ന്‌ യേശു പറഞ്ഞത് ഇവിടെ അന്വർത്ഥമാണ്.


സമീപകാല ചരിത്രം നോക്കിയാൽ യുദ്ധത്തിൽ ഇത്രയധികം ആളുകൾ മുമ്പ്‌ ഒരിക്കലും കൊല്ലപ്പെട്ടിട്ടില്ല. മൂന്നാം വർഷത്തിലെത്തിയ ഉക്രൈനിലും രണ്ടു വർഷം തികയുന്ന ഗാസയിലെ  സംഭവങ്ങളും പഠിക്കുന്ന ഒരു സംഘടന (Worldwatch Institute) പറയുന്നത്‌ 1914-നു ശേഷം 10 കോടിയിലധികം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നാണ്‌.


 1900-ത്തിനും 2000-ത്തിനും ഇടയ്‌ക്കുള്ള 100 വർഷത്തിനിടയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം, അതിനു മുമ്പുള്ള 1900 വർഷംകൊണ്ട്‌ മരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ്‌. 

യുദ്ധം കോടിക്കണക്കിന്‌ ആളുകൾക്കു വരുത്തിവെച്ചിട്ടുള്ള ദുരിതവും വേദനയും ഒന്ന്‌ ഓർത്തുനോക്കൂ! എത്രയെത്ര ജനങ്ങളെയാണ് നിസ്സഹായരും നിരാലംബരുമാക്കി മാറ്റിയത്. എത്ര ബില്യൺ പണമാണ് കത്തിചാമ്പലായത്. 

gaza-2

 കൂട്ട പലായനം:


365 കിലോമീറ്റർ വിസ്‌തൃതിയിലുള്ള ഗാസയിൽ നിന്നും കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, സപ്തംബറിൽ മാത്രം ഇസ്രായേൽ കര ആക്രമണം വ്യാപിച്ചതോടെ 3,50,000-ത്തിലധികം ആളുകൾ ഗാസ നഗരത്തിൽ നിന്ന് പലായനം ചെയ്തു. 


കുടുംബങ്ങൾ കയ്യിൽകിട്ടുന്നതൊക്കെ  - പുതപ്പുകൾ, ചെറിയ ബാഗുകൾ, കൈകളിൽ കുട്ടികൾ - വഹിച്ചുകൊണ്ട് തെക്കോട്ട് നീങ്ങുന്നു, പലപ്പോഴും കാൽനടയായി. ഒരിടത്തും യഥാർത്ഥത്തിൽ സുരക്ഷിതമല്ല. 

ആളുകൾ വടക്കൻ അല്ലെങ്കിൽ മധ്യ ഗാസ വിട്ടുപോകുമ്പോഴും, തെക്കൻ പ്രദേശങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു, ഭക്ഷണത്തിനും വെള്ളത്തിനും വൈദ്യസഹായത്തിനും ക്ഷാമം നേരിടുന്നു. 

അഭയാർത്ഥി ക്യാമ്പുകളും താൽക്കാലിക ഷെൽട്ടറുകളും നിറഞ്ഞു കവിയുന്നു. പലരും തുറസ്സായ സ്ഥലങ്ങളിലോ തകർന്ന കെട്ടിടങ്ങളിലോ ഉറങ്ങുന്നു. ഭയവും ആഘാതവുമാണവരുടെകൂട്ടിന്.  

ബോംബാക്രമണത്തിൽ മരണം ഉറപ്പായതിനാലാണ് അവർ പോകുന്നത്. കുറഞ്ഞത് മരണത്തിൽ നിന്നെങ്കിലും രക്ഷകിട്ടാനാണ് എത്രയും വേഗം മടങ്ങാൻ ആഗ്രഹിക്കുന്നത്. തൊണ്ണൂറ് ശതമാനം കട്ടിടങ്ങളും തകർന്നു കഴിഞ്ഞു, അതിൽ സ്കൂളുകളും, ആശുപത്രികളും ഉണ്ട്.


ഇതെഴുതുമ്പോഴും ഗാസയിൽ മുഴുവൻ കുടുംബങ്ങളും യാത്രയിലാണ്. ഗാസ നഗരത്തിലേക്ക് ടാങ്കുകൾ പാഞ്ഞുകയറുകയും തലയ്ക്കു മുകളിലൂടെ തുടർച്ചയായ ബോംബാക്രമണം നടത്തുകയും ചെയ്യുന്നതിനാൽ, അതിജീവനം മാത്രമാണ് ഏക പോംവഴി. 


ബ്രെഡ്, വെള്ളം, കുറച്ച് വസ്ത്രങ്ങൾ എന്നിവ നിറച്ച ചെറിയ ബാഗുകൾ വലിച്ചുകൊണ്ട് മാതാപിതാക്കൾ കുട്ടികളെ കൈകളിൽ ചുമക്കുന്നു. മറ്റുള്ളവർ വെറുംകൈയ്യോടെ സ്വന്തം നാട് വിട്ട് പോകുന്നു.

ഗാസയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, നാടുകടത്തൽ വെറും കുടിയിറക്കമല്ല - അത് ഹൃദയഭേദകമാണ്. 1948-ൽ പലസ്തീനികളെ അവരുടെ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും നിർബന്ധിച്ച് പുറത്താക്കിയതിന്റെ വേദനാജനകമായ പ്രതിധ്വനിയായ ഒരു പുതിയ നഖ്ബ പോലെയാണ് ഇപ്പോഴത്തെ പാലായനവും.  

"ഞങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടല്ല ഞങ്ങൾ പോകുന്നത്, നിവൃത്തികേടുകൊണ്ടാണ്.” ഒരു അമ്മയുടെ വിലാപം പത്രപ്രവർത്തകരോട് പറയുന്നു. "ഇവിടെ എത്ര വൈകുന്നുവോ അത് മരണത്തിലേക്കെല്ലാതെ എത്തിച്ചേരില്ല. 

മറ്റാരും ഞങ്ങളെ രക്ഷിക്കാനെത്തില്ല. അതുകൊണ്ടാണ് സ്വന്തം നാടും വീടും വിട്ട് ഞങ്ങൾ പോകുന്നത്." ഭയത്തിനും ക്ഷീണത്തിനും ഇടയിൽ അവർ അറിയാതെ മന്ത്രിക്കുന്നത് തിരിച്ചുവരവിന്റെ പ്രതീക്ഷയോടെയാണ്. 

gaza-3

അവരുടെ വീടുകൾ തകർന്നടിഞ്ഞപ്പോഴും, പല ഗാസക്കാരും തിരികെ പോകുന്നതിനെക്കുറിച്ചും, പുനർനിർമ്മിക്കുന്നതിനെക്കുറിച്ചും, അവരുടെ കുടുംബത്തിന്റെ ചരിത്രം വഹിക്കുന്ന മണ്ണിൽ വീണ്ടും ഒലിവ് മരങ്ങൾ നടുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. 

അവർ തങ്ങളുടെ ഭൂമി ഉപേക്ഷിക്കുകയല്ല, സുരക്ഷിതമായി വീട്ടിലേക്ക് പോകാൻ കഴിയുന്ന ദിവസം കഴിയും എന്ന പ്രതീക്ഷയിലാണവർ പോകുന്നത്. 

ഈ യുദ്ധം അവസാനിക്കുമോ ? 

യുദ്ധം അവസാനിക്കാൻ ഒരു  മാന്ത്രിക ബട്ടണും ആരുടേയും കൈകളിലില്ല. ഉള്ളവരാവട്ടെ അത് ഉപയോഗിക്കില്ലെന്ന് ശാട്യം പിടിക്കുന്നു. അറബ് ഐക്യം അസാധ്യമാണെന്ന് അവരും കരുതുന്നു. 


അങ്ങനെ നിസ്സഹായതയിൽ നിസ്സഹായരായി ലോകം നോക്കുകുത്തിയായിത്തീരുമ്പോൾ ആധുനിക ലോകത്ത് എഴുപത്തിനായിരത്തിലധികം മനുഷ്യർ മരിച്ചുവീണ ഭൂമിയായി ഗസ്സ മാറുന്നു. 


പക്ഷേ മുൻകാല അനുഭവവും അന്താരാഷ്ട്ര നിയമവും മുമ്പത്തെ വെടിനിർത്തൽ ചർച്ചകളും ഉടനെ പുറനാരംഭിക്കാൻ ഒരു അവസാന ശ്രമം കൂടി നടത്തിക്കൂടെ?. എവിടെയാണ് നിങ്ങളുടെ (നേതാക്കന്മാരുടെ) നിസ്സഹായത ? 

ഒരു യാഥാർത്ഥ്യബോധ്യത്തോടെ ഒന്നിലധികം ഘട്ടങ്ങളുള്ളതുമായ സമീപനത്തിലേക്ക് ലോക നേതാക്കൾ താമസംവിനാ കൂടിച്ചേരണം. പരിഹരിക്കേണ്ട പ്രധാന തടസ്സങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംക്ഷിപ്തവും പ്രായോഗികവുമായ റോഡ്മാപ്പ്, ഹ്രസ്വകാല വെടിനിർത്തൽ നടപടികൾ, ഇടക്കാല നടപടികൾ, ദീർഘകാല രാഷ്ട്രീയ പരിഹാരങ്ങൾ എന്നീകാര്യങ്ങൾ ഒട്ടും വൈകാതെ കണ്ടെത്തുക. ഗസ്സയെ ഈ നരകത്തിൽ നിന്നും രക്ഷിക്കുക.

- ഹസ്സൻ തിക്കോടി (Phone:9747883300, email: hassanbatha@gmail.com)

Advertisment