/sathyam/media/media_files/2025/11/02/hassan-thikkodi-article-2025-11-02-21-28-48.jpg)
പ്രവാസി തൊഴിലാളികൾക്കിടയിൽ നിലനിൽക്കുന്ന മാനസിക പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന്നതിനായി ഗൾഫിലെ സംഘടനകൾ രംഗത്ത് വരണം. സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.
പ്രവാസി തൊഴിലാളികൾ അനുഭവിക്കുന്ന അന്യവൽക്കരണം, ഏകാന്തത, ഭയം, വൈകാരിക അഭാവം, ലൈംഗികതയിലെ പ്രയാസങ്ങൾ, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, എന്നിവയുടെ തോത് പഠനം ആഴത്തിൽ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
മന്ത്രിമാരുടെയും രാക്ഷ്ട്രീയക്കാരുടെയും ഓരോ ഗൾഫ് യാത്രയും ഗൾഫ് മലയാളിയുടെ മനസ്സ് പഠിക്കാൻ വിനിയോഗിക്കണം. മലയാളികൾ നടത്തുന്ന അവിടത്തെ വലിയ ഹോസ്പിറ്റലുകളുമായി ചേർന്ന് ഒരു മാനസികാരോഗ്യ ചികിത്സാ സഹായം സൗജന്യമായി “നോർക്ക കെയർ” തരപ്പെടുത്തണം.
ഗൾഫുമായുള്ള കേരളത്തിന്റെ ബന്ധം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പതിറ്റാണ്ടുകളായി, ദശലക്ഷക്കണക്കിന് മലയാളികൾ ഗൾഫിൽ ജോലി ചെയ്യുകയും അവരുടെ പണമയക്കൽ വഴി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം ഗൾഫ് രാക്ഷ്ട്രത്തലവന്മാരുമായും മലയാളി വ്യവസായ പ്രമുഖരുമായും കേരള രാക്ഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അതുകൊണ്ടാണല്ലോ വിദേശത്തുള്ള പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് കേരളം ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ദർശനം മുഖ്യമന്ത്രിയുടെ സന്ദർശനം അടിവരയിടുന്നതും.
നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുന്നതിലൂടെയും, വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെയും, പ്രവാസി സമൂഹവുമായി ഇടപഴകുന്നതിലൂടെയും, തുടർച്ചയായ സഹകരണത്തിന് ഈ സന്ദർശനം ശക്തമായ ഒരു മാതൃക സൃഷ്ടിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/02/pinarai-vijayan-qatar-visit-2025-11-02-20-52-34.jpg)
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ അന്താരാഷ്ട്ര സഹകരണ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദുമായി വിദേശകാര്യ മന്ത്രാലയത്തിൽ കൂടിക്കാഴ്ച നടത്തുന്നു
സാംസ്കാരിക സമ്പന്നത, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, തന്ത്രപരമായ പങ്കാളിത്തം എന്നിവ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര സഹകരണത്തിനുള്ള ഒരു കേന്ദ്രമായി കേരളത്തിന് മാറാനുള്ള സാധ്യതയും ഇത്തരം സന്ദർശനങ്ങൾ എടുത്തുകാണിക്കുന്നു.
ഈ സന്ദർശനത്തിന്റെ ഫലങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, അവിടുത്തെ ജനങ്ങൾക്കും, പ്രത്യേകിച്ച് ഗൾഫിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഗുണം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
/filters:format(webp)/sathyam/media/media_files/2025/11/02/pinarai-vijayan-bahrain-visit-2025-11-02-20-53-56.jpg)
മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം
ഈ ആഴത്തിലുള്ള ബന്ധത്തന്റെ അടിസ്ഥാനത്തിലാണ് കേരള മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും രാക്ഷ്ട്രീക്കാരും പതിവായി ഗൾഫ് സന്ദർശിക്കുന്നത്.
എന്നാൽ ഈ യാത്രകൾ കേരളത്തിന്റെ വ്യാവസായിക സാംമ്പത്തിക രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തിയോ അതോ ഇത്തരം സന്ദർശങ്ങൾ വെറും ജലരേഖകളായി മാറുകയാണോ എന്ന ചർച്ചകൾ എല്ലാകാലത്തും ഗൾഫ് മലയാളികളികളിലും കേരളത്തിലും സജീവമായിട്ടുണ്ട്.
നേതാക്കന്മാരുടെ ഇത്തരം യാത്രകൾ സാമ്പത്തികവും സാമൂഹികവുമായ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നതായിട്ടുണ്ടോ ? സമുചിതമായ ബഹുമാനത്തോടെയും കേരളത്തനിമയുള്ള ആഘോഷത്തോടെയുമാണ് ഗൾഫ് മലയാളികൾ മുഖ്യമന്ത്രിയടക്കമുള്ള രാക്ഷ്ട്രീയക്കാർക്ക് ഗൾഫിൽ സ്വീകരണമൊരുക്കുന്നത്.
പ്രവാസിയുടെ ക്ഷേമയാത്രകൾ
2016 ൽ അധികാരമേറ്റതിനുശേഷം കേരള മുഖ്യമന്ത്രി നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട് - ആർടിഐ / മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് 25–26 വിദേശ യാത്രകളാണ് (2016–2025) നടത്തിയിട്ടുള്ളത്. ഇതിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ നിരവധിയാണ്. (യുഎഇയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും)
മുൻകാല കേരള മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും ഗൾഫ് രാജ്യങ്ങളിലേക്ക് ആവർത്തിച്ച് യാത്ര ചെയ്തിട്ടുണ്ട് (ഡയസ്പോറ പരിപാടികൾ, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ/നിയമന പ്രവർത്തനങ്ങൾ നോർക്കാ പ്രവർത്തനം, മലയാളികളുടെ സ്ഥപന ഉത്ഘാടനങ്ങൾ, ഓണാഘോഷങ്ങൾ എന്നിവയ്ക്കായി).
എന്നാൽ വർഷങ്ങളായി നടത്തിയ ഓരോ മന്ത്രിമാരുടെയും യാത്രകൾകൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും വലിയ ഗുണമുണ്ടായതായി കേരളം അനുഭവിച്ചിട്ടില്ല, പ്രത്യേകിച്ച് പൊതുമേഖലയിൽ. എന്നാൽ ഭീമമായ തുക ഖജനാവിൽനിന്നും പോയിട്ടുണ്ട്.
ഗൾഫ് മലയാളികൾ ഓരോ വർഷവും കോടിക്കണക്കിന് രൂപ നാട്ടിലേക്ക് അയയ്ക്കുന്നു. അതുമൂലം കേരളത്തിന്റെ ജിഡിപിയുടെ ഏകദേശം 20–25% വളർച്ചക്ക് ഗൾഫ് മലയാളിയുടെ ഈ സംഭാവന നിമിത്തമായി എന്നകാര്യത്തിൽ തർക്കമില്ല. ഈ ഫണ്ടുകളാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ കെട്ടുറപ്പിന് കരണമായിട്ടുളളത്.
ഗൾഫ് മലയാളികളുടെ കുടുംബങ്ങളെ പട്ടിണിയിൽനിന്നകറ്റിയതും, അവരുടെ വീടുകളും മറ്റു കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടത്തിയതും നാട്ടിലേക്കെത്തുന്ന ഗൾഫ് പണം കൊണ്ടാണ്.
ആയതിനാൽത്തന്നെ ഗൾഫ് തൊഴിൽ വിപണികളിലോ കുടിയേറ്റ നയങ്ങളിലോ ഉണ്ടാകുന്ന ഏതൊരു മാറ്റവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. തൊണ്ണൂറുകളിലെ കുവൈറ്റ്-ഇറാക്ക് യുദ്ധവും കോവിഡ് കാലത്തെ തിരിച്ചുവരവും കേരളത്തിനേൽപ്പിച്ച സാമ്പത്തിക മാന്ദ്യം ചില്ലറയൊന്നുമല്ല.
എല്ലാം അറിയുന്നവർ
ഇത് നല്ലവണ്ണം അറിയാവുന്നത് നമ്മുടെ രാക്ഷ്ട്രീയ നേതൃത്വത്തിനാണെന്ന കാര്യത്തിൽ സംശയമില്ല. സാമ്പത്തിക സ്ഥിരതയ്ക്കും വളർച്ചയ്ക്കും ഗൾഫ് രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം നിലനിർത്തേണ്ടത് അവരുടെകൂടി ആവശ്യമായി വന്നിരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/02/gulf-2025-11-02-20-58-21.jpg)
ആയതിനാൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ള നമ്മുടെ നേതാക്കൾക്ക് ഗൾഫ് പര്യടനം ഔദ്യോഗികമായി ഒരു സാംസ്കാരിക-പ്രവാസി സമൂഹത്തെ ബന്ധപ്പെടാനുള്ള ദൗത്യമായിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആഭ്യന്തരമായും അന്തർദേശീയമായും രാഷ്ട്രീയ പ്രാധാന്യം ഇതിനുണ്ടാകുമെന്ന് മലയാളികൾ പ്രതീക്ഷിക്കുന്നു.
ബഹ്‌റൈനിലും ഒമാനിലും ഖത്തറിലും
മുഖ്യമന്ത്രിയുടെ സന്ദർശനം ഏറെക്കുറെ ഗംഭീരമായിരുന്നു. തുടർന്നുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അടുത്തവാരത്തിൽ തുടക്കമിടും. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഇടപെടലുകൾ കേരളത്തിന്റെ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, എൻആർകെയുടെ ക്ഷേമം വളർത്തുന്നതിലും മേഖലയിലെ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ ആകർഷിക്കുന്നതാണ്.
മലയാളിയുടെ നിക്ഷേപങ്ങൾ
മുമ്പൊരിക്കൽ ദുബായ്/യുഎഇ മേഖല സന്ദർശിച്ചപ്പോൾ (എക്സ്പോ 2020 ദുബായിൽ) മുഖ്യമന്ത്രി മുതിർന്ന യുഎഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ലോജിസ്റ്റിക്സ്, ഭക്ഷണം, ഗതാഗതം, ഊർജ്ജം എന്നിവയിലെ നിക്ഷേപ അവസരങ്ങൾ എടുത്തുകാണിക്കുകയും ചെയ്തു.
അന്ന് ഏകദേശം 300 കോടി രൂപയുടെ നിക്ഷേപ പ്രതിജ്ഞകളിൽ ധാരണയുണ്ടായെങ്കിലും കാര്യമായ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിയില്ല എന്ന സത്യം സർക്കാർ ഡാറ്റകളിൽ നിന്നും അറിയാൻ കഴിഞ്ഞു. ഐടി മേഖലയിലെ വലിയ ഒരു നിക്ഷേപം മരവിപ്പിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.
2024 ജൂണിൽ ഗൾഫ് തുറമുഖങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന കപ്പലുകൾ പ്രവർത്തിപ്പിക്കാനുള്ള സാധ്യത ഉൾപ്പെടെ ഗൾഫിലെ മലയാളികൾക്കായി ഒരു കർമ്മ പദ്ധതി മുഖ്യമന്ത്രി വിശദീകരിച്ചു. പക്ഷെ പിന്നീട് യാതൊരനക്കവും അതേകുറിച്ചുണ്ടായിട്ടില്ല.
ഒടുവിൽ ഭരണമവസാനിക്കാൻ മാസങ്ങൾ
ബാക്കിനിൽക്കെ ഒരിക്കൽക്കൂടി (2025 ഒക്ടോബർ-നവംബർ) ഗൾഫ് പര്യടനത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഈ രാജ്യങ്ങളിലെ പ്രവാസി മലയാളി സമൂഹത്തിലേക്കുള്ള ഒരു സമ്പർകത്തിന് കൂടുതൽ കരുത്താർജ്ജിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഓരോയാത്രയും എന്ന് നാം വിലയിരുത്തേണ്ടത്.
പക്ഷെ, ഈ യാത്രകളിലൊന്നിലും ഗൾഫ് മലയാളിയുടെ മനസ്സ് വായിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ആർഭാടവും ആഘോഷപൂരിതവുമായ പോക്കുവരവുകൾ എന്നതിലുപരി ഇത്തരം യാത്രകളുടെ ഫലങ്ങൾ ഗൾഫ് മലയാളികളിൽ എത്തിയിട്ടില്ല.
ഗൾഫ് മലയാളിയുടെ പ്രശ്നങ്ങൾ
ഇത് ഒരു പ്രവാസി-ഇടപഴകൽ മാത്രമായി കണ്ടാൽ മതിയോ? അതോ ഗൾഫിലെ പരശ്ശതം മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമോ? ഗൾഫ് മലയാളിയുടെ എക്കാലത്തെയും കാതലായ വിമാനയാത്രാ പ്രശ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അതിനായി “എയർ കേരള” എന്ന ഒരു വിമാനകമ്പനിക്കുകൂടി സർക്കാർ വിഭാവനം ചെയ്തു. എന്നാൽ ഒടുവിൽ കേട്ടത് ആ പേരും കമ്പനിയുടെ ലോഗോയും മറ്റൊരു മലയാളി വിലക്കെടുത്തു എന്നതാണ്. അതും ഇതേവരെ പറക്കാനാവാത്തവിധം കുരുക്കിലാണെന്നാണറിയുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/02/air-kerala-2025-11-02-20-59-48.jpg)
അതേസമയം കേരളത്തിൽ നിന്ന് മറ്റൊരു സ്വകാര്യ വിമാനകമ്പനികൂടി പിറവിയെടുത്തിരുന്നു. “അൽഹിന്ദ് എയർ”. പക്ഷെ അതും ആകാശച്ചെരുവിലേക്ക് പറന്നുയരാനായിട്ടില്ലെന്നാണ് കേൾക്കുന്നത്.
കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ ഐര്പോർട്ടിന് അഞ്ചുവര്ഷമായിട്ടും വിദേശ വിമാനകമ്പനികൾക്കിറങ്ങാൻ അനുമതി ലഭിച്ചിട്ടില്ല. സാങ്കേതികമായി “പോയിന്റ് ഓഫ് കാൾ” നൽകാത്തതിന്റെ സാംഗ്യത്യം തീർക്കാനാവാത്തത് കേരള സർക്കാരിന്റെ കഴിവുകേടോ കേന്ദ്ര സർക്കാരിന്റെ പിടിവാശിയോ ?
/filters:format(webp)/sathyam/media/media_files/2025/11/02/kannur-airport-2025-11-02-21-01-30.jpg)
നിക്ഷേപാധിഷ്ഠിതമായി കണക്കാക്കിയ നിരവധി വിദേശ യാത്രകൾ (കണക്കനുസരിച്ച് ഏകദേശം 9 വർഷത്തിനിടെ 25 രാജ്യങ്ങൾ) ഉണ്ടായിരുന്നിട്ടും, ആ സന്ദർശനങ്ങളുടെ നേരിട്ടുള്ള ഫലമായി സംസ്ഥാന വ്യവസായ സ്ഥാപനം (കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ, കെഎസ്ഐഡിസി) ഒരു ധാരണാപത്രവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഒരു വിവരാവകാശ നിയമത്തിൽ വെളിപ്പെടുത്തിയാതായി അറിയുന്നത് എത്ര ദു:ഖകാരമാണ്. പിന്നെ ഇത്തരം സന്ദർശങ്ങൾകൊണ്ട് പ്രവാസികൾക്ക് എന്ത് നേട്ടമുണ്ടായി എന്നത് പ്രവാസികൾ തന്നെ വിലയിരുത്തട്ടെ.
കേരള മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഒന്നിലധികം ലക്ഷ്യങ്ങളുണ്ട്: പ്രവാസി ക്ഷേമം (പ്രത്യേകിച്ച് ഗൾഫ് മലയാളികൾ), സംസ്ഥാന ബ്രാൻഡിംഗ്/നിക്ഷേപ വ്യാപനം, അന്താരാഷ്ട്ര ഇടപെടൽ.
ചില നിക്ഷേപ പ്രതിജ്ഞകൾ, ക്ഷേമ സംരംഭങ്ങൾ എന്നിവയ്ക്ക് വ്യക്തമായ ഫലങ്ങളുണ്ട്, പക്ഷേ ഈ വിദേശ സന്ദർശനങ്ങളിൽ പലതും വലിയതും മൂർത്തവുമായ നിക്ഷേപങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ബന്ധം ദുർബലമാണെന്ന് തന്നെ പറയാം. പറഞ്ഞു പെരുപ്പിച്ച വലിയ വ്യവസായങ്ങൾ എന്തുകൊണ്ടോ കേരള മണ്ണിൽ മുളച്ചില്ല.
മലയാളിയുടെ മാനസിക പ്രശ്നങ്ങൾ
ഇന്നത്തെ (എക്കാലത്തെയും) ഗൾഫ് മലയാളിയുടെ പ്രശ്നം വിമാന നിരക്കോ, വ്യവസായമോ, കസ്റ്റംസിന്റെ പിടിച്ചുപറിയോ, സ്വർണ്ണം കടത്തലോ ആയിരുന്നില്ല. ഗൾഫ്കാരൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദമാണ്.
അറിഞ്ഞോ അറിയാതെയോ ഓരോ ഗൾഫ് മലയാളിയും അകപ്പെട്ടുകൊണ്ടിരിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് നാളിതുവരെ നമ്മുടെ സർക്കാർ ഒരു പഠനവും തയ്യാറാക്കിയിട്ടില്ല.
അവരുടെ മാനസിക ക്ഷേമത്തിനായി ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. നോർക്കയിലൂടെയോ മറ്റേതെങ്കിലും ഏജൻസിയിലൂടെയോ യാതൊരു പരിഹാര്യവും കണ്ടെത്താൻ സർക്കാർ മിനക്കെട്ടിട്ടുമില്ല.
/filters:format(webp)/sathyam/media/media_files/2025/11/02/gulf-malayalee-2025-11-02-21-02-59.jpg)
വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫിൽ അധിവസിക്കുന്ന പ്രവാസികൾ ഒരു പുതിയ രാജ്യത്ത് ജീവിതം നയിക്കുമ്പോൾ സവിശേഷമായ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നത് സ്വാഭാവികം മാത്രമാണ്.
മാനസിക ക്ലേശങ്ങൾക്ക് കാരണമാകുന്ന സാംസ്കാരിക, സാമൂഹിക, സാമ്പത്തിക ഘടകങ്ങളുടെ സങ്കീർണ്ണമായ പരസ്പര ബന്ധത്തിൽ നിന്നാണ് ഈ വെല്ലുവിളികൾ ഉടലെടുക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് കുടുംബ പിന്തുണയുടെ അഭാവമാണ്. ഇന്ത്യയിലെയും കേരളത്തിലെയും പരമ്പരാഗതമായി ഇഴചേർന്ന സമൂഹങ്ങളിൽ, ഒരു വ്യക്തിയുടെ വൈകാരിക ക്ഷേമത്തിൽ കുടുംബം നിർണായക പങ്ക് വഹിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/02/gulf-malayalee-2-2025-11-02-21-06-17.jpg)
പുതിയ സംസ്കാരങ്ങൾ, പരിസ്ഥിതികൾ, ജീവിതശൈലികൾ എന്നിവയുമായി പൊരുത്തപ്പെടുന്നത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. എത്തിച്ചേരുന്ന നാട്ടിലെ ഭാഷയും ഭക്ഷണവും ചിലരിൽ പ്രശനങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച അൺസ്‌കിൽഡ് തൊഴിലാളികളിൽ.
മാനസിക വെല്ലുവിളികൾ:
പ്രവാസികൾ വ്യത്യസ്തമായ മാനസികാരോഗ്യ വെല്ലുവിളികളെ നേരിടുന്നത് ഒരു പരമമായ സത്യമാണ്. തന്റെ മാനസിക പ്രശ്നങ്ങൾ ആരുമായും പങ്കുവെക്കാതാവുമ്പോൾ സാവകാശം അത് സങ്കീർണമാവുന്നു. ക്രമേണ താൻ പോലുമറിയാതെ അവർ ഒരു മാനസിക രോഗത്തിന്നടിമയാകുന്നു.
/filters:format(webp)/sathyam/media/media_files/2025/11/02/mental-stress-2025-11-02-21-07-56.jpg)
സാംസ്കാരിക ആഘാതം, ഏകാന്തത, സ്ഥാനഭ്രംശം, സ്ഥലമാറ്റം തുടങ്ങിയ ഘടകങ്ങൾ കാരണം കേരളത്തിൽനിന്നുള്ള പ്രവാസികൾ വിഷാദം, ഉത്കണ്ഠ,പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) തുടങ്ങിയ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നു.
തൊഴിൽ വിപണിയിലെ ചൂഷണം, മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധക്കുറവ്, പ്രശ്നങ്ങളെ സധൈര്യം നേരിടാനോ, പ്രശ്ന പരിഹാരത്തിനായി മാനസികാരോഗ്യ വിദഗ്ധരെ കണ്ടെത്താനോ കഴിയാതാവുക തുടങ്ങിയ പ്രത്യേക വെല്ലുവിളികളാണ് പ്രവാസികൾ നേരിടുന്നത്.
കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക വെല്ലുവിളികൾ തൊഴിൽ വിപണിയിലെ ദുർബലതകളാണ്. കുടിയേറ്റ തൊഴിലാളികൾ ചൂഷണവും അസ്ഥിരമായ തൊഴിൽ സാഹചര്യങ്ങളും നേരിടുന്നു. ഇത് സമ്മർദ്ദത്തിനും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
/filters:format(webp)/sathyam/media/media_files/2025/11/02/ptsd-2025-11-02-21-10-56.jpg)
പുതിയ സംസ്കാരങ്ങൾ, പരിസ്ഥിതികൾ, ജീവിതശൈലികൾ എന്നിവയുമായി പൊരുത്തപ്പെടുന്നത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകലെയാണെന്ന തോന്നൽ ഏകാന്തതയ്ക്കും സ്വന്തമല്ലെന്ന തോന്നലിനും കാരണമാകും.
ഹോസ്റ്റ് ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കുടിയേറ്റക്കാരിലും അന്താരാഷ്ട്ര വിദ്യാർത്ഥികളിലും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/02/stress-2025-11-02-21-12-06.jpg)
സഹായത്തിലേക്കുള്ള പരിമിതമായ പ്രവേശനം:
പല കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ ആതിഥേയ രാജ്യങ്ങളിലോ അവർ വീട്ടിലേക്ക് മടങ്ങുമ്പോഴോ മാനസികാരോഗ്യ സേവനങ്ങളും പിന്തുണാ ശൃംഖലകളും ലഭ്യമല്ല.
പ്രവാസലോകത്തെ ഏറ്റവും വലിയ വെല്ലുവിളികൾ മാനസികാരോഗ്യ പ്രൊഫഷണലുകളുടെ അഭാവമാണ്. സ്വന്തം നാട്ടിലാണെങ്കിൽ ഏതെങ്കിലും ആശുപത്രിയിൽപോയി ഒരു സാധാരണ ഡോക്റ്ററോട് തന്നെ അലട്ടുന്ന പ്രശ്നങ്ങൾ പങ്കുവെക്കാവുന്നതാണ്. ആ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്.
പക്ഷെ ഗൾഫിലോ മറ്റു വിദേശ രാജ്യങ്ങളിലോ യദേഷ്ടം കയറിചെല്ലാവുന്ന സ്ഥലമല്ല അവിടത്തെ ആതുരാലയങ്ങൾ. മുൻകൂട്ടി ആപ്പോയിന്മെന്റ് വാങ്ങി വേണം ഒരു സാധാരണ ജി.പി ഡോക്ടറെപോലും കാണാൻ. അതും ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് മാത്രം.
/filters:format(webp)/sathyam/media/media_files/2025/11/02/doctor-consultation-2025-11-02-21-13-35.jpg)
ലോകാരോഗ്യ സംഘടനയുടെ (WHO) ശുപാർശകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ പ്രതിശീർഷ സൈക്യാട്രിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറവാണ്. ഉള്ളവരിൽത്തന്നെ പ്രവാസികൾക്ക് അപ്രാപ്യമായവരും. ഇത് ആളുകൾക്ക് മതിയായ മാനസികാരോഗ്യ പരിചരണം ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
എങ്ങനെ പരിഹരിക്കും
ഈ വെല്ലുവിളികൾ അഭിസംബോധന ചെയ്യാൻ പ്രവാസി സംഘടനകൾ മുന്നോട്ട് വരേണ്ടത് വളരെ അത്യാവശ്യമാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അവരിൽ കൗൺസിലിംഗ് നടത്തി ജീവിതത്തെ തിരിച്ചുകൊണ്ടുവരാനും ശ്രമിക്കണം.
പ്രത്യേകിച്ച് കുടിയേറ്റക്കാർ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ കമ്മ്യൂണിറ്റികളിൽ മാനസികാരോഗ്യ പ്രൊഫഷണലുകളുടെയും സേവനങ്ങളുടെയും ലഭ്യത വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഓൻലൈൻ കൗണ്‍സിലിംഗ്
ഒരു പക്ഷെ, ഗൾഫിൽ പ്രത്യകിച്ഛ് പ്രവാസികൾക്ക് അവിടത്തെ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ പ്രയാസമാണെങ്കിൽ ഓൺലൈൻ തറാപ്പികൾ തരപ്പെടുത്താവുന്നതാണ്.
ഓൺലൈൻ തെറാപ്പികൽ ഇപ്പോൾ നാട്ടിൽ ലഭ്യമാണ്.
ഗ്രൂപ്പ് തെറാപ്പി സെഷനുകൾ സുഗമമാക്കും, അവിടെ വ്യക്തികൾക്ക് സമാന അനുഭവങ്ങളും വെല്ലുവിളികളും പങ്കിടുന്ന മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയും. ഈ സമൂഹബോധം വളരെയധികം ആശ്വാസകരവും ശാക്തീകരണകരവുമാണ്.
/filters:format(webp)/sathyam/media/media_files/2025/11/02/stress-2-2025-11-02-21-15-40.jpg)
ഒന്നിലധികം സാംസ്കാരിക സ്വത്വങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ, മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ എന്നിവയിലൂടെ ഗൾഫിലെ പ്രവാസികൾ വ്യത്യസ്തമായ മാനസികാരോഗ്യ വെല്ലുവിളികളെ നേരിടുന്നവരാണല്ലോ. ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ഓൺലൈൻ തെറാപ്പി ഒരു വിലപ്പെട്ട ഉപകരണമായി മാറിയിട്ടുണ്ട്.
അത് വേണ്ടത്ര ഉപയോഗിച്ച് സാംസ്കാരികമായി സൗകര്യപ്രദവുമായ മാനസികാരോഗ്യ പിന്തുണ തേടാവുന്നതാണ്. ഓൺലൈൻ തെറാപ്പി സ്വീകരിക്കുന്നതിലൂടെ, ഗൾഫിലെ പ്രവാസികൾക്ക് സഹായം തേടുന്നതിൽ നിന്ന് തടയുന്ന തടസ്സങ്ങൾ നീക്കി മെച്ചപ്പെട്ട ക്ഷേമത്തിലേക്കും വൈകാരിക പ്രതിരോധത്തിലേക്കും ഒരു യാത്ര ആരംഭിക്കാനും കഴിയും.
സഹായം തേടുന്നത് ശക്തിയുടെ അടയാളമാണെന്ന് ഓർമ്മിക്കുക, ഓൺലൈൻ തെറാപ്പിയുടെ പിന്തുണയോടെ, വ്യക്തികൾക്ക് അവരുടെ വേരുകളുമായി ബന്ധം പുലർത്തിക്കൊണ്ട് അവരുടെ പുതിയ ഇടങ്ങളിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശം കണ്ടെത്താൻ കഴിയും.
ഗൾഫിലെ പ്രവാസി തൊഴിലാളികളുടെ മാനസിക പ്രശ്നങ്ങൾ:
ഗൾഫിൽ കുടിയേറിയ പ്രവാസികളെക്കുറിച്ച് കാര്യപ്രസക്തമായ ഒരു പഠനം നാളിതുവരെ കേരള സർക്കാരോ, സ്വാകാര്യ ആരോഗ്യ പ്രവർത്തകരോ തയ്യാറാക്കിയതായി എന്റെ അറിവിൽ ഇല്ല. ഗൾഫിലെ അറിയപ്പെടുന്ന മലയാളികളുടെ ഹോസ്പിറ്റലുകൾപോലും നാളിതുവരെ ഗൾഫ് മലയാളിയുടെ മാനസിക പ്രശ്ങ്ങൾ പഠിക്കാൻ മുന്നോട്ട് വന്നിട്ടില്ല.
ഗൾഫ് മലയാളികളെ കറവപ്പശുക്കളാക്കുന്ന പ്രവണതയാണ് എല്ലാ സർക്കാരുകളും അവിടത്തെ ആരോഗ്യ പ്രവർത്തകരും ചെയ്യുന്നത്. വലിയ കോളിളക്കത്തോടെ ആഘോഷിക്കുന്ന ലോകകേരള സഭയിൽ പോലും പ്രവാസികളുടെ മാനസിക പ്രശ്നങ്ങൾ ചർച്ചയാവുന്നില്ല.
ഗൾഫിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ തിരിച്ചറിയുന്നതിലും വിശകലനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അവരുടെ ശാരീരിക മാനസിക പ്രയാസങ്ങൾ കണ്ടെത്തും വിധത്തിൽ ഇത്തരം പഠനം പരിശോധിക്കേണ്ടിയിരിക്കുന്നു.
ഈ മേഖലയിലെ വിവിധ സിദ്ധാന്തങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സൈദ്ധാന്തിക ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാവണം ഈ പഠനം.
പ്രവാസി തൊഴിലാളികൾക്കിടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനുമായി ഗൾഫിലെ സംഘടനകൾ രംഗത്ത് വരണം.
സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. പ്രവാസി തൊഴിലാളികൾ അനുഭവിക്കുന്ന അന്യവൽക്കരണം, ഏകാന്തത, ഭയം, വൈകാരിക അഭാവം, ലൈംഗിക പ്രശ്നങ്ങൾ, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ തോത് പഠനം ആഴത്തിൽ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
മന്ത്രിമാരുടെയും രാക്ഷ്ട്രീയക്കാരുടെയും ഓരോ ഗൾഫ് യാത്രയും ഗൾഫ് മലയാളിയുടെ മനസ്സ് പഠിക്കാൻ വിനിയോഗിക്കണം. മലയാളികൾ നടത്തുന്ന അവിടത്തെ വലിയ ഹോസ്പിറ്റലുകളുമായി ചേർന്ന് ഒരു മാനസികാരോഗ്യ ചികിത്സാ സഹായം സൗജന്യമായി “നോർക്ക കെയർ” തരപ്പെടുത്തണം.
-ഹസ്സൻ തിക്കോടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us