യുദ്ധത്തിലേക്ക് ഇനി എത്ര സമയം ? ബാബ വംഗയുടെ പ്രവചനങ്ങളും ഇറാൻ-അമേരിക്കൻ പോർവിളികളും. ആഗോള ആശങ്ക ഉയർത്തി എപ്‌സ്റ്റീൻ ഫയൽ വിവാദവും. ലോകം വിനാശത്തിന്റെ മുനമ്പിലോ ? – ഹസ്സൻ തിക്കോടി എഴുതുന്നു

New Update
hassan thikkodi article war

പ്രവചനങ്ങൾക്ക് ഡിജിറ്റൽ യുഗത്തിൽ പ്രസക്തിയില്ലെങ്കിലും ബൾഗേറിയയിൽ ജനിച്ച നിഗൂഢവാദിയായ (മിസ്റ്റിക്ക്) “ബാബ വംഗ” 2026-നെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. 

Advertisment

അവയിൽ ഏറ്റവും പ്രധാനം അനതിവിദൂരഭാവിയിൽ  ആഗോളാടിസ്ഥാനത്തിൽ ഒരു വലിയ യുദ്ധം നടക്കും.  പ്രധാന ലോകശക്തികൾ ഉൾപ്പെടുന്ന ഒരു മഹായുദ്ധമായിരിക്കും അത്.

കൂടാതെ ധാരാളം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ഗ്രഹത്തിന്റെ 7-8% വരെ ബാധിക്കുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങൾ എല്ലാം ബാബ വംഗ യുടെ പ്രവചനത്തിൽ പറയുന്നു. 

സത്യവും ധർമ്മവും നേർത്തില്ലാതാവുന്ന, പാപങ്ങളും കലഹങ്ങളും വർദ്ധിക്കുന്ന പുരാണങ്ങളിൽ പറഞ്ഞ കലിയുഗത്തിന്റെ വരവ് വിളിച്ചോതുന്നതാണോ  നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 


കഴിഞ്ഞുപോയ ഓരോ യുഗത്തിലും ദുഷ്ട ശക്തികൾ  വിനാശകാരിയായ ലോകത്തെ ഭീഷണിപ്പെടുത്തികൊണ്ടിരുന്നു. അതിന്റെ അവസാന ഭീഷണിയാണോ ഈ കലിയുഗാന്ത്യം.


അങ്ങനെ ഭീഷണിപ്പെടുത്താനായി ഏതെങ്കിലും ഒരു ഭരണാധികാരി ലോകത്തിലെവിടെയോ ജനിച്ചിട്ടുണ്ടാകും. 

ആ ദുഷ്ട ഭരണാധികാരിയെ കീഴ്‌പ്പെടുത്തി ധർമം പുനഃസ്ഥാപിക്കാൻ ഇനിയുമൊരു ദൈവദൂതൻ അവതരിക്കുവാനുള്ള സാധ്യത വളരേ കുറവാണ്. പുരാണത്തിൽ വിശ്വസിക്കുന്നവർക്ക് കൽക്കിയുടെ വരവ് ഇനിയും പ്രതീക്ഷക്ക് വക നൽകുന്നു.

baba vanga

 ബാബ വംഗയുടെ പ്രതിമ


1911-ൽ ജനിച്ച ബാബ വംഗക്ക് 12-വയസ്സുള്ളപ്പോഴുണ്ടായ ഒരു ചുഴലിക്കാറ്റിൽ കാഴ്ച നഷ്ട്ടപ്പെട്ടന്നും അതിനുശേഷം തനിക്ക് ഭാവി കാണാനും പ്രവചിക്കാനുമുള്ള കഴിവ് സിദ്ധിച്ചതെന്നും അവർ സ്വയം വിശ്വസിക്കുകയും തുടർന്ന് ധാരാളം അനുയായികളെ സൃഷ്ടിക്കാനും സാധിച്ചു. 


പ്രവചനങ്ങളുടെ കൃത്യത അംഗീകരിച്ച അനുയായികൾ അവരെ “ബാൽക്കൻസിലെ നോസ്ട്രഡാമസ്” എന്ന് വിളിക്കപ്പെട്ടു.

പ്രവചനങ്ങൾ ഫലിക്കുമോ 

പ്രവചനം എന്തോ ആയിരിക്കട്ടെ, ലോകം ഒരു മഹായുദ്ധത്തിന്റെ പടിവാതിൽക്കലാണെന്ന അശുഭകരമായ വാർത്തകൾ  ദിനേന വന്നുകൊണ്ടിരിക്കുന്നു. 

ഫിബ്രവരി 26-ന് വ്യാഴാഴ്ച ജനീവയിൽ നടക്കുന്ന അവസാനവട്ട നയതന്ത്ര ചർച്ച വിജയിക്കണമെന്ന പ്രാർത്ഥനയിലാണ് ലോകം. 


എൺപതിലെത്തിയ വൃദ്ധനായ ഒരു ഭരണാധികാരിയുടെ ധിക്കാര പരമായ നീക്കത്തിനിടയിൽ അദ്ദേഹത്തിന്റെ നാവിൻ തുമ്പിൽനിന്നും വരാനിരിക്കുന്ന വാക്കുകളെ കാതോർത്തിരിക്കുകയാണ് ഇറാനു ചുറ്റും വിന്യസിപ്പിച്ച അമേരിക്കയുടെ സൈനികർ. 


ഒരുപക്ഷെ, ലോകം ഒരു വിനാശത്തിലേക്ക് പോവരുതേ എന്ന് അവരും മനസ്സിൽ മന്ത്രിക്കുന്നുണ്ടാവും. പ്രവചനാതീതമായ ആ ഉത്തരവ് ട്രംപിന്റെ നാവിൽ നിന്നും വരാതിരിക്കട്ടെ.

ഇറാനെ ശിക്ഷിക്കുന്നതെന്തിന് ? 

മിഡിൽ ഈസ്റ്റിലെ കരയിലും കടലിലും അമേരിക്കൻ സൈനിക നീക്കങ്ങൾ മനസ്സാക്ഷിയുള്ള ലോകജനതയുടെ ഉറക്കം കെടുത്തുന്നു. 

എബ്രഹാം ലിങ്കൺ എന്ന പടുകൂറ്റൻ യുദ്ധക്കപ്പലിന്റെ പ്രവേശനത്തോടെ ഗൾഫ്‌മേഖല അതീവ സങ്കീർണമായ ഒരു യുദ്ധ ഭീഷണിയുടെ മുനമ്പിൽ നിൽക്കുകയാണ്. 


ആഗോള പോലീസ് ചമയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്ക് നമ്മൾ മുഖവിലക്കെടുത്താൽ ഇറാനെതിരെ സൈനിക നടപടിയെടുക്കാനുള്ള സമയത്തിന്റെ ക്ലോക്ക് അദ്ദേഹത്തിന്റെ കയ്യിൽ കറങ്ങുകയാണ്. 


അന്ത്യശാസനം 

ട്രംപ്-ഇറാനിയൻ അധികാരികൾക്ക് പലതവണ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇറാൻ തങ്ങളുടെ ആണവ പദ്ധതി അവസാനിപ്പിക്കണമെന്നും, ഇസ്രായേലിലേക്ക് എത്താൻ കഴിയുന്ന മിസൈലുകൾ നിർമ്മിക്കുന്നത് നിർത്തണമെന്നും മേഖലയിലെ ഹിസബുള്ളാ ഹൂദികൾ എന്നിവർക്കുള്ള എല്ലാ പിന്തുണയും നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു - ഇത് ഒരു മുന്നറിയിപ്പാണ് ഇറാൻ അനുസരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഫിബ്രവരി 26-ലെ അന്തിമ ചർച്ചയിൽ തീരുമാനിക്കപ്പെടും. 


നയതന്ത്രം പരാജയപ്പെട്ടാൽ  ട്രംപിന്റെ ബോംബറുകൾ വർഷിക്കുന്ന കാഴ്ചക്ക് ലോകം സാക്ഷിയാവേണ്ടി വരുമോ? അതോ കുറ്റകരമായ മൗനത്തിൽ കഴിയുന്ന ലോക നേതാക്കൾ ആ നിശ്ശബ്ദതയെ ഭേദിച്ച് ലോകത്തെ സമാധാനത്തിലേക്ക് നയിക്കുമോ ?


us fighter ship

 യുഎസ്സ് എസ്സ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ

മിഡിൽ ഈസ്റ്റിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്സ് തങ്ങളുടെ സൈനിക സാന്നിധ്യം ഗണ്യമായി ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഖത്തർ അടക്കമുള്ള ഗൾഫിലെ അമേരിക്കൻ മിലിട്ടറി ബേസിൽ നിന്നും അമേരിക്കൻ പൗര സന്നാഹങ്ങൾ മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുന്നു. 


തങ്ങളുടെ രാജ്യത്തുനിന്നും ഇറാനെ ആക്രമിക്കരുതെന്ന മുന്നറിയിപ്പുകൾ അറബ്-ഗൾഫ് രാജ്യങ്ങൾ ആവർത്തിക്കുമ്പോഴും ട്രംപ് തന്റെ ദൗത്യവുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഒരു തരം ഭയപ്പെടുത്തുന്ന നിശ്ശബദ്ധത്തിൽ അറബ് നേതാക്കളും മൗനികളാവുന്നു.


യുഎസ്എസ് എബ്രഹാം ലിങ്കണും, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും ഉൾപ്പെടെ രണ്ട് വിമാനവാഹിനിക്കപ്പൽ ഈ മേഖലയിൽ  നങ്കൂരമിട്ടിട്ട് മാസങ്ങൾ ഏറെയായി. 

ഇത്തരം യുദ്ധ സന്നാഹങ്ങൾ ഒരുക്കാൻ ട്രംപിനോട് ഏതെങ്കിലും രാഷ്ട്രത്തലവന്മാർ പറഞ്ഞതായി ആരും ഇതേവരെ അവകാശപ്പെട്ടിട്ടില്ല. എന്നിട്ടും അമേരിക്ക എല്ലാ സന്നാഹങ്ങളും എത്തിച്ചു. ആരും അമേരിക്കയോട് ഒന്നും ചോദിച്ചില്ല. 


2003-ലെ ഇറാഖ് അധിനിവേശത്തിനുശേഷം അവിടെയുള്ള ഏറ്റവും വലിയ യുഎസ് വ്യോമ, നാവിക ശക്തി ശേഖരണമാണിത്. ഒപ്പം അറേബ്യൻ കടൽ, പേർഷ്യൻ ഗൾഫ്, കിഴക്കൻ മെഡിറ്ററേനിയൻ എന്നിവിടങ്ങളിൽ നൂറുകണക്കിന് യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. 


150-ലധികം സൈനിക കാർഗോ വിമാനങ്ങൾ യുദ്ധോപകരണങ്ങൾ,  ആശുപത്രികൾ എന്നിവയും സജ്ജമായിക്കഴിഞ്ഞു.

മൂന്നാം ഗൾഫ് യുദ്ധം 

ഇതൊരു മൂന്നാം ഗൾഫ് യുദ്ധമായി മാറുമോ ? ഇറാഖിലെ ഭരണാധികാരി സദ്ദാം ഹുസൈൻ മറ്റൊരു പരമാധികാര രാജ്യമായ കുവൈത്തിനെ 1990-ൽ അധിനിവേശം നടത്തിയതുമുതൽ ആരംഭിച്ചതായിരുന്നു ഒന്നാം ഗൾഫ് യുദ്ധം. 

അന്ന് 1990 ആഗസ്ത് രണ്ടിന്റെ അർദ്ധരാത്രി എന്റെയും കാളരാത്രിയായിരുന്നു. ആ രാത്രിയിലാണ് എന്നെ ഇറാഖി പട്ടാളം പിടിച്ചുകൊണ്ടുപോയി ബന്ദിയാക്കപ്പെട്ടത്.

ameriacn tanks in kuwait war

കുവൈറ്റ് യുദ്ധത്തിൽ അമേരിക്കയുടെ പീരങ്കികൾ

തുടർന്നുള്ള മാസങ്ങളിൽ യുഎസ് സൈന്യം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസം അവിടെ നടത്തി. 


നവംബർ പകുതിയോടെ യുഎസിന് ഗൾഫിൽ 2,40,000-ത്തിലധികം സൈനികരും മറ്റു നാടുകളിൽനിന്നായി 2,00,000 സൈനികരും ഉണ്ടായിരുന്നു, യുണൈറ്റഡ് കിംഗ്ഡം 25,000-ത്തിലധികം സൈനികരെയും ഈജിപ്ത് 20,000-ഉം ഫ്രാൻസ് 5,500-ഉം പേരെ അയച്ചു. 


കാനഡ, സിറിയ, ബംഗ്ലാദേശ്, മൊറോക്കോ എന്നിവയുൾപ്പെടെ ഏകദേശം 25 രാജ്യങ്ങൾ “ഓപ്പറേഷൻ ഡെസേർട്ട് ഷീൽഡ്” എന്ന് നാമകരണം ചെയ്യപ്പെട്ട സൈനിക സജ്ജീകരണത്തിനായി സൈനികരെയും ആയുധങ്ങളെയും മരുഭൂവിൽ എത്തിച്ചു.

1990 നവംബർ 29-ന് യുഎൻ സുരക്ഷാ കൗൺസിൽ 678 എന്ന പ്രമേയം 2-നെതിരെ എതിരെ  12 വോട്ടിന് പാസാക്കി. 1991 ജനുവരി 15-നകം ഇറാഖികൾ കുവൈത്ത് വിട്ടിട്ടില്ലെങ്കിൽ ബലപ്രയോഗം അനുവദിച്ചു. അന്ന് ക്യൂബയും യെമനും മാത്രമാണ് പ്രമേയത്തിനെതിരെ വോട്ട് ചെയ്തത്, ചൈന വിട്ടുനിന്നു. 

fighter jets at kuwait

 കുവൈറ്റിൽ ബോംബ് വർഷിച്ച യുദ്ധ വിമാനങ്ങൾ 

1950-ൽ ദക്ഷിണ കൊറിയയ്‌ക്കെതിരായ പ്രകോപനമില്ലാത്ത ആക്രമണത്തിന് ശേഷം ഉത്തരകൊറിയയ്‌ക്കെതിരായ സൈനിക നടപടിക്ക് സുരക്ഷാ കൗൺസിൽ അംഗീകാരം നൽകിയതിനുശേഷം, ബലപ്രയോഗത്തിന് യുഎൻ അംഗീകാരം നൽകിയ ആദ്യത്തെ യുഎൻ നടപടിയായിരുന്നു ഇത്. 


ഈ പ്രമേയം നിലവിൽ വന്നതോടെ ഇറാഖി സൈന്യത്തെ സമയബന്ധിതമായി പിൻവലിക്കുന്നതിലൂടെ സമാധാനപരമായ ഒരു ഒത്തുതീർപ്പിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനായി സദ്ദാമുമായി ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ അമേരിക്ക വാഗ്ദാനം ചെയ്തു.


ഓപ്പറേഷൻ ഡിസേർട്ട് സ്റ്റോം

പക്ഷെ നടന്നത് മറ്റൊന്നായിരുന്നു. സഖ്യസേനയുടെ സൈനിക നേതൃത്വത്തിൽ ഓപ്പറേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിന്റെ രണ്ട് ഘട്ടങ്ങൾ. 

ഒന്ന് സഖ്യസേനയുടെ വ്യോമാക്രമണവും (ജനുവരി 17-മുതൽ ഫെബ്രുവരി 24 വരെയും  1991) മറ്റൊന്ന് ഓപ്പറേഷൻ ഡെസേർട്ട് സാബർ (ഫെബ്രുവരി 24–28) എന്ന് വിളിക്കപ്പെടുന്ന ഒരു കര ആക്രമണവുമായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. 


തുടർന്ന് വ്യോമാക്രമണവും തുടങ്ങി. ഒടുവിൽ ഇറാഖി സൈന്യം കുവൈറ്റിൽ നിന്നും ഓടിപ്പോകുമ്പോൾ കുവൈറ്റിലെ അക്ഷയഖനിയായ എഴുനൂറോളം എണ്ണക്കിണറുകൾ ബോംബിട്ട് നശിപ്പിച്ചതോടെ കുവൈറ്റിൽ തീനാളങ്ങളും പുകയും പടർന്നു.


oil wells distroyed at the end of kuwait war

 കുവൈറ്റ് യുദ്ധാവസാനം കത്തിച്ച 700-ഓളം എണ്ണക്കിണറുകൾ

കൂട്ട നശീകരണായുധങ്ങൾ 


ഇറാഖിന്റെ കൈവശം കൂട്ട നശീകരണ ആയുധങ്ങൾ ഉണ്ടെന്നായിരുന്നു സഖ്യകക്ഷികളുടെ അടുത്ത ആരോപണം. 


അവ കണ്ടെത്തി സദ്ദാം ഹുസൈനെ ഭരണത്തിൽനിന്നും നിഷ്കാസനം ചെയ്താലേ ഗൾഫിൽ ശാശ്വത സമാധാനം ഉണ്ടാവുമെന്നും ഗൾഫ് ഭരണാധികാരികളെയും ലോകത്തെയും അറിയിച്ചുകൊണ്ടിരുന്നു. 

അതോടെ ഇറാഖിന്റെ  രഹസ്യ ആണവായുധ പദ്ധതി ഇല്ലാതാക്കാനുള്ള പ്രവർത്തനം അമേരിക്ക ആരംഭിച്ചു. 

ഗൾഫ് യുദ്ധത്തെ തുടർന്ന് (1990–91) അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഈ സ്ഥലം പരിശോധിച്ചുതുടങ്ങി. അവർ ഇറാഖിനുമേൽ ഉപാധികൾ വെച്ചു. 


കുവൈറ്റിന്റെ പരമാധികാരം ഇറാഖ് അംഗീകരിക്കുകയും എല്ലാ കൂട്ട നശീകരണ ആയുധങ്ങളും - അതായത്, ആണവ, ജൈവ, രാസവസ്തുക്കൾ - 90 മൈൽ (150 കിലോമീറ്റർ) കവിയുന്ന പരിധിയുള്ള എല്ലാ മിസൈലുകളും ഉപേക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു സമാധാന വ്യവസ്ഥകൾ. 


പൂർണ്ണമായി ഈ വ്യവസ്ഥകൾ അംഗീകരിക്കും വരെ സാമ്പത്തിക ഉപരോധങ്ങൾ തുടരാനും തീരുമാനിച്ചു.

എല്ലാ നിയമവിരുദ്ധ ആയുധങ്ങളും നശിപ്പിക്കപ്പെട്ടുവെന്ന് യുഎൻ പരിശോധകർ ഉറപ്പാക്കാൻ ശ്രമിച്ചു. 

പരിശോധകരുമായി  സഹകരിക്കുന്നതിൽ ഇറാഖ് പരാജയപ്പെട്ടതോടെ 1998-ൽ ഒരു ചെറിയ ശത്രുത യുദ്ധം പുനരാരംഭിക്കുന്നതിലേക്കു നയിച്ചു. അതായിരുന്നു ഓപ്പറേഷൻ ഡെസേർട്ട് ഫോക്സ്. അതിനുശേഷം ഇറാഖ് പരിശോധകരെ തങ്ങളുടെ രാജ്യത്തേക്ക് വീണ്ടും അയയ്ക്കാൻ വിസമ്മതിച്ചു. 


ഇറാഖി സേനയും യുഎസ്, ബ്രിട്ടീഷ് വിമാനങ്ങളും തമ്മിൽ നോസോൺ മേഖലകളിൽ പതിവായി വെടിവയ്പ്പുകൾ തുടർന്നു. 2002-ൽ ആയുധ പരിശോധകരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു പുതിയ യുഎൻ പ്രമേയം അമേരിക്ക സ്പോൺസർ ചെയ്തു. 


അങ്ങനെ അവർ നവംബറിൽ ഇറാഖിൽ വീണ്ടും പ്രവേശിച്ചു. എന്നിരുന്നാലും, ഇറാഖ് പരിശോധനകളുമായി എത്രത്തോളം സഹകരിച്ചുവെന്നതിൽ യുഎൻ സുരക്ഷാ കൗൺസിലിലെ അംഗരാജ്യങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു.

2003 മാർച്ച് 17-ന് ഇറാഖിന്റെ അതിർത്തിയിൽ സൈന്യത്തെ കൂട്ടത്തോടെ വിന്യസിക്കാൻ തുടങ്ങിയ അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും കൂടുതൽ ചർച്ചകളിൽ നിന്ന് പിന്മാറി. 


യുഎൻ അംഗീകാരം തേടാതെ യു.എസ്. പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് 48 മണിക്കൂറിനുള്ളിൽ സദ്ദാം അധികാരത്തിൽ നിന്ന് രാജിവച്ച് ഇറാഖ് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചു. അല്ലെങ്കിൽ യുദ്ധം തുടങ്ങുമെന്ന് ഭീഷണിയും മുഴക്കി.


സദ്ദാമിനെ ഇല്ലാതാക്കിയ യുദ്ധം

സദ്ദാം ഇറാഖ് വിട്ടാലും അവിടത്തെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് അമേരിക്കയും-ബ്രിട്ടനും ഗൾഫിലെ ഭരണാധികാരികളെ അറിയിച്ചു. 

പ്രദേശത്ത് സ്ഥിരമായ സമാധാനം വേണമെങ്കിൽ ഇറാഖിലെ കൂട്ട നശീകരണ ആയുധങ്ങൾ നശിപ്പിക്കപ്പെടണം. അതിന് യുഎസ്ന്റെ  സ്ഥിരമായ സൈന്യ സാന്നിധ്യം ആവശ്യമായി വന്നേക്കാം എന്ന് ബുഷ് അഭിപ്രായപ്പെട്ടു.


സദ്ദാം പോകാൻ വിസമ്മതിച്ചപ്പോൾ, യുഎസും സഖ്യസേനയും മാർച്ച് 20 ന് ഇറാഖിൽ ആക്രമണം അഴിച്ചുവിട്ടു, അങ്ങനെ രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചു - അന്ന് ലക്ഷ്യം ഇറാഖും സദ്ദാം ഹുസൈനുമായിരുന്നു. 


പിന്നീട് സദ്ദാം പിടിക്കപ്പെടുകയും തൂക്കിലേറ്റുകയും ചെയ്തു. പക്ഷെ സഖ്യസേന ആരോപിച്ചപോലെ  ഇറാഖിന്റെ മണ്ണിൽനിന്നും യാതൊരു നശീകരണായുധങ്ങളും അവർക്ക് കണ്ടെത്താനായില്ല. അതൊരു പച്ചക്കള്ളമായിരുന്നെന്ന് പിന്നീട് അവർതന്നെ വെളിപ്പെടുത്തി.

ഇനി മൂന്നാം ഗൾഫ് യുദ്ധം  

ട്രംപിന്റെ ഒരു ഉത്തരവിനായി സൈന്യം കാത്തിരിക്കുകയാണ്. ഒമാനിലും, ജനീവയിലും, സൗദി അറേബിയയിലും രണ്ടു രാജ്യങ്ങളുടെയും പ്രതിനിധികൾ ഒരു സൈനിക നീക്കം ഇല്ലാതാക്കാനുള്ള നയതന്ത്ര ചർച്ചകൾ ഒരു ഭാഗത്ത് നിരന്തരമായി  നടത്തുണ്ട്. 

എന്നാൽ ഇറാനിയൻ ആണവ, മിസൈൽ, കമാൻഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ലക്ഷ്യമിട്ടുള്ള സുസ്ഥിരവും ആഴ്ചകൾ നീണ്ടുനിൽക്കുന്നതുമായ വ്യോമാക്രമണമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.


ആക്രമണം നടന്നാൽ റഷ്യയും ചൈനയും ഇറാന്റെ ഭാഗത്ത് ചേർന്നേക്കാവുന്ന സാദ്ധ്യതകൾ ഏറെയാണ്. അതെ സമയം അമേരിക്ക ഇസ്രായേലുമായോ മറ്റ് പ്രാദേശിക പങ്കാളികളുമായോ സമാനമായ സഖ്യ സഹകരണമോ സമാന്തര നടപടിയോ ആയിരിക്കും ലക്ഷ്യം വെക്കുക.


യുദ്ധം നീണ്ടുപോയാൽ തീർന്നുപോയേക്കാവുന്ന യുദ്ധോപകരണ സ്റ്റോക്കുകളും ദീർഘകാല ഫൈറ്റിനുള്ള സഖ്യകക്ഷികളുടെ പിന്തുണയുടെ അഭാവവും ഉൾപ്പെടെയുള്ള പ്രധാന പ്രവർത്തന അപകടസാധ്യതകളെക്കുറിച്ച് യുഎസ് സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇറാനെതിരായ വലിയ തോതിലുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ പ്രധാന അന്താരാഷ്ട്ര സഖ്യവും ഒത്തുചേർന്നിട്ടില്ല, ചില യുഎസ് സഖ്യകക്ഷികൾ ബേസ് ആക്‌സസ് നിരസിച്ചതൊഴിച്ചാൽ.

സമ്മർദ്ദ തന്ത്രം 


ട്രംപ് ഭരണകൂടത്തിന്റെ സമീപനം പരമാവധി സമ്മർദ്ദതന്ത്രം ഉപയോഗിക്കുക എന്നതാണ്.  ഇറാന്റെ ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുക, മിസൈൽ ശേഖരം ഇല്ലായ്മചെയ്യുക എന്നതാണ് പ്രഥമലക്ഷ്യം. 


അമേരിക്കയുടെ ഇഷ്ടക്കാരനായ ഇസ്രായേലിലേക്ക് ആണവായുധങ്ങൾ പിന്തുടരാനുള്ള ടെഹ്‌റാന്റെ കഴിവ് കുറയ്ക്കുക ഇസ്രായേലിന് ഭീഷണിയായി ഒരു രാജ്യം ഭൂമുഖത്ത് ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം. അല്ലാതെ ഭരണമാറ്റം തൽകാലം യുഎസ് അജണ്ടയിൽ ഇല്ല. 
 
അതിനാൽ ട്രംപ് ഭരണകൂടത്തിന്റെ സമീപനം പരമാവധി സമ്മർദ്ദ നയതന്ത്രവും ഉപയോഗപ്പെടുത്തുക എന്നതാണ്. പക്ഷെ, ട്രംപിന്റെ നാളിതുവരെയുള്ള അപ്രതീക്ഷിത നടപടികൾ ഒരു വിനാശത്തിലേക്ക് ലോകത്തെ നയിക്കുമെന്നുള്ള ഭയം എല്ലാവരിലും ഉണ്ട്. 


തീരുവയിൽ അമേരിക്കൻ സുപ്രീം കോടതിയെയും തനിക്കെതിരെ വിധിപറഞ്ഞ ജഡ്ജിമാരെയും പരസ്യമായി വിമർശിച്ച ഭരണാധികാരിക്ക് സ്വന്തം നിലനിൽപ്പ് മാത്രമാണ് ആധാരം. 


ഇറാന്റെ നിലപാടും പ്രതികരണവും

നയതന്ത്രത്തിൽ ഏർപ്പെടുമ്പോൾ തന്നെ ഏറ്റുമുട്ടലിന് തയ്യാറാണെന്ന് ഇറാൻ സൂചന നൽകിയിരിക്കുന്നു. ഏതെങ്കിലും യുഎസ് ആക്രമണത്തിന് കടുത്ത പ്രതികാരം ഉണ്ടാകുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകുകയും പ്രാദേശിക സംഘർഷം തുടരുമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 

റഷ്യയുമായുള്ള സംയുക്ത അഭ്യാസങ്ങൾ ഉൾപ്പെടെയുള്ള ഇറാന്റെ സൈനികാഭ്യാസങ്ങൾ പ്രതിരോധത്തിനും തന്ത്രപരമായ സന്ദേശത്തിനും വേണ്ടിയുള്ളതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇറാൻ വിപുലമായ ആയുധ കരാറുകൾ (ഉദാഹരണത്തിന് ചൈനയുമായി) ഉണ്ടാക്കിയിട്ടുണ്ട്.

യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ

തുറന്ന സംഘർഷം ആരംഭിച്ചിട്ടില്ലെങ്കിലും, ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു: ഒരു ഹ്രസ്വകാല ശിക്ഷാ നടപടിയേക്കാൾ നീണ്ടുനിൽക്കുന്ന, ഒന്നിലധികം ആഴ്ചകളോ മാസങ്ങളോ  നീണ്ടുനിൽക്കുന്ന യുദ്ധമായിരിക്കും. 


ആറാഴ്ച കൊണ്ട് അവസാനിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാരംഭിച്ച യുക്രയിൻ യുദ്ധം ഇന്നേക്ക് നാലുവർഷം പൂർത്തിയാകുന്നു. ട്രംപ് അധികാരത്തിൽ വന്നാൽ ആദ്യം അവസാനിപ്പിക്കുക യുക്രൈൻ യുദ്ധമായിരിക്കുമെന്ന വീര വാദങ്ങളെല്ലാം നിഷ്ഫലമായ കാഴ്‌ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.


ഇറാഖ്, സിറിയ, യെമൻ, ലെബനൻ എന്നിവിടങ്ങളിലെ ഇറാൻ സഖ്യസേനകളും പ്രോക്സി സേനകളും ഉൾപ്പെടുന്ന സാധ്യതയുള്ള പ്രാദേശിക സഃഖ്യം വിപുലവും സുരക്ഷിതവുമാണ്. 

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോൾ ആഗോള എണ്ണ വിപണിയിലെ വില വർദ്ധനവ് ലോകത്തെ ആകമാനം ബാധിക്കും. 

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുടനീളമുള്ള യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഭീഷണി സ്വാഭാവികം. 


ഇറാന്റെ ആദ്യ ആക്രമണം അമേരിക്കയുടെ എംബസ്സികളെയും അവരുടെ ഗൾഫിലെ സൈനിക താവളങ്ങളെയുമായിരിക്കും. കൂടാതെ ഇന്ത്യ അടക്കമുള്ള രാജ്യക്കാരെ ഒഴിപ്പിക്കുക എന്ന ക്ഷിപ്രയാസകരമായ ദൗദ്യം മറ്റൊരു അഭയാർത്ഥി പ്രവാഹത്തെ ലോകം കാണേണ്ടിവരും. 


ഇറാനിൽ പഠിക്കുന്ന രണ്ടായിരത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികളോട് രാജ്യം വിടാൻ ഇന്ത്യൻ എംബസ്സി ഇതിനകം അറിയിച്ചു കഴിഞ്ഞു.

ലോകം നിശ്ശബ്ദ പ്രാർത്ഥനയിൽ 

യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, പക്ഷേ ഇരുപക്ഷവും സൈനിക സംഘർഷത്തിനുള്ള സാധ്യതയ്ക്കായി തയ്യാറെടുക്കുകയാണ്. 


യുഎസ് സൈനിക നിലപാട് ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്, ഒരു സുസ്ഥിരമായ പ്രചാരണത്തിനുള്ള തയ്യാറെടുപ്പുകൾ അവർ തുടങ്ങിക്കഴിഞ്ഞു. 


എന്നാൽ സമാന്തരമായി തുടരുന്ന നയതന്ത്രം ഒരു തുറന്ന യുദ്ധത്തെ ഒഴിവാക്കിയേക്കാം എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈ ചലനാത്മകമായ സാഹചര്യം ലോകത്തെ മൊത്തം പ്രത്യേകിച്ച ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്തും. 

ഫിബ്രവരിയിലെ ഈ വ്യാഴഴ്ച വളരെ നിർണായകമാണ്. നാളെ നടക്കുന്ന നയതന്ത്രനീക്കങ്ങൾ  വേഗത്തിൽ യുദ്ധം ഒഴിവാക്കാനുള്ള വഴി തുറക്കട്ടെയെന്ന് നമുക്കാശിക്കാം.

വെനിസ്വെലയൻ മാതൃക 

വെനിസ്വെലയിലെ ഭരണാധികാരിയെ ഒറ്റ രാത്രിയിലെ ഓപ്പറേഷനിലൂടെ പിടിച്ചുകൊണ്ടുവന്നപോലെ ഇറാൻ ഭരണാധികാരിയെ നിഷ്കാസനം ചെയ്യാൻ ഏതായാലും അമേരിക്ക തയ്യാറാവില്ല.  


അമേരിക്കയുടെ ഒരു വലിയ പടതന്നെ ഇറാനിലേക്ക് പോയാലും അവർ അതിനെ ചെറുത്തു തോൽപ്പിക്കും. വെനിസ്വേലയെപ്പോലെ അത് സാധ്യമാക്കാനുള്ള  അമേരിക്കയുടെ മോഹം ഏതായാലും ഇറാനിൽ നടക്കില്ലന്ന് അമേരിക്കക്ക് അറിയാം. 


ഇസ്രായേൽ നഗരങ്ങളെ ആക്രമിക്കാനും വിശാലമായ മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താനുമുള്ള ഇറാന്റെ കഴിവ് അതിനെ വെനിസ്വേലയേക്കാൾ വളരെ അപകടകരമായ ഒരു എതിരാളിയെയാണ് തങ്ങൾ നേരിടുന്നതെന്ന ബോധം അമേരിക്കക്കുണ്ട്. 

ഉപരോധങ്ങൾ തുടരുന്ന രാജ്യം 

അതുകൊണ്ടാണ് ട്രംപും അദ്ദേഹത്തിന്റെ ഉന്നത സഹായികളും സൈനിക നടപടിയുടെ ഭീഷണികളിൽ നിന്ന് കരകയറണോ വേണ്ടയോ എന്ന് ഇപ്പോഴും ആലോചിക്കുന്നത്. എന്നാൽ  വർഷങ്ങളായി തുടരുന്ന ഉപരോധങ്ങൾ ഇറാനെ കൂടുതൽ അസ്ഥിരതയിലേക്ക് നയിക്കും. 

ഇപ്പോഴിതാ ഇറാനിലെ സർവകശാലകളിലെ വിദ്യാർത്ഥികൾ ഇറാൻ ഭരണാധികാരികൾക്കെതിരെ ആഭ്യന്തര കലാപവുമായി പുറപ്പെട്ടിരിക്കുന്നു. അവിടെ ഉപരോധം കാരണം സാധാരണ ജനങ്ങൾ അസ്വസ്ഥരാണ്  അവർ മെച്ചപ്പെട്ട ജീവിതത്തിനായി കൊതിക്കുന്നു. 

ലോകത്തുള്ള മറ്റു മനുഷ്യരെ പോലെ ജീവിക്കാനുള്ള ആർത്തിയും ആവേശവും അവരെ തെരുവുകളിൽ കലാപവുമായി എത്തിച്ചിരിക്കുന്നു. 


വ്യാപാര നിയന്ത്രണങ്ങൾ മറികടക്കാൻ ചൈന, റഷ്യ തുടങ്ങിയ യുഎസ് എതിരാളികളെ ആശ്രയിക്കുന്ന ഭരണകൂടത്തിൽ അവർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതിന്റെ സൂചനയാണ് ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രക്ഷോപം. ജനുവരിയിൽ ആരംഭിച്ച  ചെറിയ ബഹുജന പ്രതിഷേധങ്ങൾ ഇന്ന് നാടുമുഴുവൻ വ്യാപിക്കുകയാണ്. 


ഇത് ഇറാന് ആഭ്യന്തരമായി ദുർബലപെടുത്തുന്നുണ്ട്.  സഹായം എത്തിക്കാനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെ നീക്കം ചെയ്യാനുമുള്ള ട്രംപ് വാഗ്ദാനം പാലിക്കുമെന്ന് യുവാക്കളായ ആയിരക്കണക്കിന്  ഇറാനികൾ ആഗ്രഹിക്കുന്നു. 

iranian street

 ആഭ്യന്തര കലാപത്തിൽ നശിച്ച ഒരു ഇറാനിയൻ തെരുവ്

എന്നാൽ വെനിസ്വേലയ്ക്ക് കഴിയാത്ത വിധത്തിൽ നാശനഷ്ടങ്ങൾ വരുത്താൻ ഇറാന് ധാരാളം കഴിവുണ്ട്. ടെഹ്‌റാൻ ഇപ്പോൾ സൈനികമായി ദുർബലമായി കാണപ്പെടുന്നു. സിറിയയിലെ അസദ് ഭരണകൂടം തകർന്നു. ഹമാസും ഹിസ്ബുള്ളയും പോലുള്ള മറ്റ് പ്രാദേശിക സഖ്യകക്ഷികൾ പൂർണമായും തകർന്നു. 


കഴിഞ്ഞ ജൂണിൽ ഇസ്രായേലും യുഎസും നടത്തിയ ബോംബാക്രമണങ്ങൾ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഉൽ‌പാദന ലൈനുകൾക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആണവ ശേഖരത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കുകയും ചെയ്തു. എന്നാലും ഇറാനിയൻ നേതൃത്വം തിരിച്ചടിക്കാൻ ദൃഢനിശ്ചയം ചെയ്ത് കഴിഞ്ഞു.


യുഎസ് തങ്ങളെ ആക്രമിച്ചാൽ ഈ മേഖലയിൽ ഒരു സമഗ്ര യുദ്ധമാക്കി മാറ്റാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ സൂചന നൽകിയിട്ടുണ്ട്. ടൈംസ് ഇസ്രായേൽ അതീവ ജാഗ്രതയിലാണ്, ഇറാൻ വളരെക്കാലമായി പിന്തുണച്ചിരുന്ന ഇറാഖിലെ ഷിയാ മിലിഷ്യകൾ ഇറാന്റെ സഹായത്തിന് വരുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. 

ഈ "രക്തസാക്ഷി സേനകൾ" മരണം വരെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ഇറാഖിലെ യുഎസ് സേനയുമായി ഏറ്റുമുട്ടലുകൾ ആരംഭിക്കുകയും രാജ്യത്തെ ഗണ്യമായി അസ്ഥിരപ്പെടുത്തുകയും ചെയ്തേക്കാം. 

protest in iran

ഇറാനിലെ തെരുവ് പ്രകടനം

യെമനിലെ ഹൂത്തികളും പോരാട്ടത്തിൽ പങ്കുചേരാം. ഇറാന്റെ മാസ്റ്റർപീസായ ലോക വ്യാപാരത്തിനുള്ള ഒരു പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ അവർ യുഎസ് കപ്പലുകളെ ലക്ഷ്യം വച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും അടിയന്തര ഭീഷണി ഇറാന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളിൽ നിന്നാണ്. 


അവർക്ക് 2,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും, ഇത് മിഡിൽ ഈസ്റ്റിനെ മുഴുവൻ കത്തിച്ചാമ്പലാക്കാൻ സാധ്യതയുണ്ട്. ആക്രമിച്ചാൽ, ഇസ്രായേലിനെയും മേഖലയിലെ യുഎസ് സൈനികരെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


മരിക്കാൻ ഒട്ടും മടിയില്ലാത്ത ശാരീരിക ശക്തിയും മനസ്സാന്നിധ്യവുമുള്ള ധീര ജവാന്മാരാണ് ഇറാന്റെ ഏറ്റവും വലിയ കരുത്ത്.

കഴിഞ്ഞ ജൂണിൽ കുറച്ച് ഇറാനിയൻ മിസൈലുകൾ മാത്രമേ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ മറികടന്നുട്ടുള്ളൂ. പക്ഷേ രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം ഇസ്രായേലിന് ഇന്റർസെപ്റ്ററുകളുടെ എണ്ണം വളരെ കുറവാണ്. 

ഇറാനിൽ നിന്നും  വരുന്ന മിസൈലുകളെ തകർക്കാൻ അന്തരീക്ഷത്തിലേക്ക് തൊടുത്തുവിടുന്ന മിസൈലുകൾ വളരെ കുറവായിരിക്കുന്നു.  

ഇറാനിയൻ പ്രത്യാക്രമണത്തിന് ഇസ്രായേലിലെ വലിയ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. 


“500, 700, 900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വലിയ പ്രഹരം സൃഷ്ട്ടിക്കും. ഇത് വർഷിച്ചാൽ അവർക്ക് ഇസ്രയേയിലെ പല തെരുവുകളും മുഴുവനായി  നശിപ്പിക്കാൻ കഴിയും.


അമേരിക്കയെ അലട്ടുന്ന പ്രശ്നങ്ങൾ 

ഇതെല്ലാം ട്രംപിനെ അലട്ടുന്ന സങ്കീർണ്ണമായ ചോദ്യങ്ങളാണ്. കണക്കുകൂട്ടൽ തെറ്റാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ട്രംപിന്റെ അഭിമാന പ്രശ്നമായി മാറിയാൽ ഒരു മഹാ യുദ്ധത്തിന് സമാനമായി മാറും. 

ഇറാനിയൻ നേതൃത്വത്തെ നീക്കം ചെയ്യുകയാണോ അതോ രാജ്യത്തിന്റെ മിസൈലുകൾ ഇസ്രായേലിൽ എത്താൻ കഴിയില്ലെന്ന് ഉറപ്പാക്കുകയാണോ അതോ രാജ്യത്തിന്റെ ആണവ പദ്ധതിയിലെ ജോലി പൂർത്തിയാക്കുകയാണോ എന്ന് ട്രംപ് ചിന്തിച്ചുണ്ടാവില്ല. 

സൈനിക നടപടി ചിലപ്പോൾ വിപരീതഫലം കണ്ടേക്കാം. ഇറാന്റെ കയ്യിൽ ആണവായുധങ്ങൾ ഉണ്ടോ ഇല്ലയോ എന്ന സംശയം ഇന്നും ഒരു സമസ്യയാണ്.

യുദ്ധം എപ്‌സ്റ്റീൻ ഫയലുകൾ കത്തിക്കുമോ ?

മിഡിൽ ഈസ്റ്റിൽ യുദ്ധ കാഹളം മുഴങ്ങുമ്പോൾ ലോകത്തിലെ പലനേതാക്കളും കച്ചവടക്കാരും രാജകൊട്ടാരത്തിലെ സന്തതികളും ജെഫ്രി എപ്‌സ്റ്റീൻ എന്ന കുപ്രസിദ്ധ കുറ്റവാളിയെ ഭയപ്പെടുന്നു. 


ബ്രിട്ടനിലെ രാജകുമാരനടക്കം ചോദ്യം ചെയ്യപ്പെട്ടു വരികയാണ്. ട്രംപിന്റെ പേരും ആ ഫയലുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തിനു മുമ്പിൽ വളരെ വിലപ്പെട്ട പല മഹാമാൻമാരും നാണംകെട്ടുകൊണ്ടിരിക്കുന്ന വാർത്തകളാണ് എപ്‌സ്റ്റീൻ ഫയലിലൂടെ നാം കേട്ടുകൊണ്ടിരിക്കുന്നത്. 


കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റിനുമായി ബന്ധപ്പെട്ടവരുടെ പേരുകൾ അങ്ങാടിപ്പാട്ടായി അനാവരണം ചെയ്തിരിക്കുകയാണ്. മൂന്നു ദശലക്ഷം പേജുകളും, 1,80,000 ഫോട്ടോകളും 2000 വീഡിയോകളും ഇതിനകം അമേരിക്കയിലെ കോടതികൾ പുറത്തുവിട്ടിരിക്കുന്നത്. 

ജെഫ്രി എപ്സ്റ്റീന്റെ പ്രായപൂർത്തിയാകാത്ത ലൈംഗിക കടത്ത് ഓപ്പറേഷനെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്തതും അപകടസാധ്യതയുള്ളതുമായ അന്വേഷണവും “മിയാമി ഹെറാൾഡിനു” വേണ്ടി നടത്തിയ സ്ഫോടനാത്മകമായ റിപ്പോർട്ടിംഗും അദ്ദേഹത്തെ സംരക്ഷിച്ച ശക്തരായ ആളുകളെയും തകർന്ന വ്യവസ്ഥയെയും തുറന്നുകാട്ടിക്കൊണ്ടും ഒടുവിൽ അദ്ദേഹത്തെ നീതിപീഠത്തിലേക്ക് കൊണ്ടുവന്നതും നിർഭയ പത്രപ്രവർത്തക ജൂലി കെ. ബ്രൗൺ ആയിരുന്നു.

വർഷങ്ങളോളം കോടീശ്വരനായ ജെഫ്രി എപ്സ്റ്റീന്റെ കൗമാരക്കാരായ പെൺകുട്ടികളോടുള്ള അഭിനിവേശം ഫ്ലോറിഡയിലെ പാം ബീച്ചിലെയും മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലെയും ഉന്നത സമൂഹത്തിൽ പരസ്യമായ ഒരു രഹസ്യമായിരുന്നു. 


പ്രായപൂർത്തിയാകാത്തവരിൽ നിന്ന് വേശ്യാവൃത്തിക്ക് ശ്രമിച്ചതിന് 2008-ൽ കുറ്റം ചുമത്തപ്പെട്ട എപ്സ്റ്റീനോട് കേട്ടുകേൾവിയില്ലാത്ത ഇളവ് നൽകി അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാനുള്ള നിബന്ധനകൾ നിർദ്ദേശിച്ചു.


ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പരാജയങ്ങളെ മാധ്യമങ്ങൾ അവഗണിച്ചു, എപ്സ്റ്റീന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളും ആരോപണങ്ങൾ തള്ളിക്കളഞ്ഞു. 

എന്നാൽ 2017-ൽ എപ്സ്റ്റീന്റെ കുറ്റസമ്മത കരാർ അംഗീകരിച്ച യുഎസ് അറ്റോർണി അലക്സാണ്ടർ അക്കോസ്റ്റയെ പ്രസിഡന്റ് ട്രംപ് ലേബർ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ, റിപ്പോർട്ടർ ജൂലി കെ. ബ്രൗൺ ചോദ്യങ്ങൾ ചോദിക്കാൻ നിർബന്ധിതയായി.

അങ്ങനെ അറിയപ്പെടുന്ന ഒരു കഥയ്ക്ക് പുതിയൊരു മാനം നൽകാൻ തനിക്ക് കഴിയുമൊ എന്ന് അവർ സംശയിച്ചിരുന്നെങ്കിലും, ഇരകളെ സ്വയം കണ്ടെത്തുക എന്നതായിരിന്നു തന്റെ ലക്ഷ്യമെന്ന് ബ്രൗൺ തീരുമാനിച്ചു.


ആയിരക്കണക്കിന് കോർട്ട് രേഖകൾ മറച്ചുവെച്ചും, രാജ്യമെമ്പാടും സഞ്ചരിച്ചും, ബുദ്ധിമുട്ടുള്ളതും ചിലപ്പോൾ അപകടകരവുമായ സാഹചര്യങ്ങളിൽ വിവരങ്ങൾ തേടിയും ബ്രൗൺ ഡസൻ കണക്കിന് എപ്സ്റ്റീന്റെ ഇരകളെ കണ്ടെത്തി. 


ഇപ്പോൾ അവർ അനുഭവിച്ച ആഘാതത്തിനും അപമാനത്തിനും ശേഷം ജീവിതം വീണ്ടെടുക്കാൻ പാടുപെടുന്ന യുവതികൾ.

മിയാമി ഹെറാൾഡിൽ പ്രസിദ്ധീകരിച്ച ബ്രൗണിന്റെ മൂന്ന് ഭാഗങ്ങളുള്ള പരമ്പര ദശാബ്ദത്തിലെ ഏറ്റവും സ്ഫോടനാത്മകമായ വാർത്തകളിൽ ഒന്നായിരുന്നു. 

എപ്സ്റ്റീൻ വർഷങ്ങളോളം ശിക്ഷാനടപടികളില്ലാതെ ഒരു ആഗോള ലൈംഗിക കടത്ത് പിരമിഡ് പദ്ധതി നടത്തിയതും, പലപ്പോഴും തകർന്ന വീടുകളിൽ നിന്നുള്ള ദുർബലരായ കൗമാരക്കാരെ ലക്ഷ്യമിട്ട് പിന്നീട് അവരെ റിക്രൂട്ടർമാരാക്കി മാറ്റിയതും എങ്ങനെയെന്ന് വെളിപ്പെടുത്തി. 


ഈ പ്രതിഷേധം എപ്സ്റ്റീന്റെ അറസ്റ്റിലേക്കും, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിന്റെ തിരോധാനത്തിലേക്കും ഒടുവിൽ അറസ്റ്റിലേക്കും, അക്കോസ്റ്റയുടെ രാജിയിലേക്കും നയിച്ചു.


ന്യൂയോർക്ക് സിറ്റിയിലെ ഒരു ജയിൽ മുറിയിൽ ധനകാര്യ വിദഗ്ദ്ധന്റെ നിഗൂഢമായ ആത്മഹത്യ, അദ്ദേഹം ശവക്കുഴിയിലേക്ക് കൊണ്ടുപോയ രഹസ്യങ്ങളെക്കുറിച്ചുള്ള വന്യമായ ഊഹാപോഹങ്ങൾക്ക് കാരണമായി - അദ്ദേഹത്തിന്റെ മരണം മനഃപൂർവമാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ എന്നത് ഇന്നും വെളിവായിട്ടില്ല. 

ജെഫ്രി എപ്‌സ്റ്റീന്റെ ജീവിത കഥ 

കോളേജ് പഠനം ഉപേക്ഷിച്ചയാളിൽ നിന്ന് രാജ്യത്തെ ഏറ്റവും വിജയകരമായ ധനകാര്യ വിദഗ്ദ്ധരിൽ ഒരാളായി എപ്സ്റ്റീന്റെ വളർന്നതിന്റെ കഥ ജൂലി ബ്രോൺ അതി വിദഗ്ധമായി വിവരിക്കുന്നു.  

ഡൊണാൾഡ് ട്രംപ്, പ്രിൻസ് ആൻഡ്രൂ, ബിൽ ക്ലിന്റൺ എന്നിവരുൾപ്പെടെ അദ്ദേഹത്തിന്റെ കൂട്ടാളികൾ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. 

preveersion of justice

 ബ്രൗണിന്റെ യഥാർത്ഥ അവാർഡ് നേടിയ പരമ്പരയെ അടിസ്ഥാനമാക്കിയാണ് “പെർവേർഷൻ ഓഫ് ജസ്റ്റിസ്” (PERVESION OF JUSTICE) എഴുതിയത്.  സത്യത്തിന്റെ ശക്തി ഒരു ജേര്ണലിസ്റ്റിന്റെ  റിപ്പോർട്ടിംഗിന്റെ മൂല്യം വരച്ചുകാട്ടുന്നു. 


ഈ നൂറ്റാണ്ടിലെ ഏറ്റവും പുതിയ ഈ പുസ്തകം. ആധുനിക ലോകത്ത് ഇത്രയും ശക്തമായ, ലോകത്തിലെ അപ്പോസ്തലരെന്നഭിമാനിക്കുന്ന മഹാന്മാരുടെ അധികാരപ്രമത്തമായ ലൈംഗിക വീരപരാക്രമണങ്ങൾ ലോകത്തിനുമുമ്പിൽ തുറന്നുകാട്ടിയ ജൂലി ബ്രൗണിനെ ലോകം  എക്കാലത്തും ആദരിക്കപ്പെടും.  


പുരുഷന്മാരുടെ ആഴത്തിലുള്ള അഴിമതിയെയും കാമത്തെയും തുറന്നെഴുതിയ ഒരു സ്ത്രീയുടെ സ്ഥിരോത്സാഹം ധീരമായ മാധ്യമ പ്രവർത്തനത്തിന്റെ മകുടോദാഹരണമാണ്.

വിവിധ രാജ്യങ്ങളിൽ നിന്നും പ്രായപൂർത്തികയാകാത്ത കൊച്ചു മിടുക്കികളായ പെൺകുട്ടികളെ ലൈംഗിക വൈകൃതങ്ങൾക്കായി ഇറക്കുമതി ചെയ്ത ജെഫ്രി എപ്‌സ്റ്റീൻ അവരെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നേതാക്കന്മാർക്കും വ്യവസായികൾക്കും എന്തിനധികം രാജകുമാരന്മാർക്കുപോലും കാഴ്‌ച വെക്കുകയും കൂട്ടികൊടുക്കുകയൂം ചെയ്യുന്ന ജെഫ്രി എപ്‌സ്റ്റീനിന്റെ ഫയലുകൾ ലോകത്തിലില്ലായിടത്തും ഇതിനകം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. പെർവെർഷൻ ഓഫ് ജസ്റ്റിസ് എന്ന ജൂലി ബ്രൗണിന്റെ പുസ്തകം ഇന്ന് ലോക പ്രശസ്തമായിക്കഴിഞ്ഞു. 

കാണാമറയത്ത് ആരൊക്കെയുണ്ടെന്ന് ഇനിയും ബാക്കിയുള്ള ഫയലുകളിൽ കണ്ടെന്നുവരാം. ഏറ്റവും ഹീനമായ വൃത്തികെട്ട അധാർമിക സദാചാരം എല്ലാ സീമകളെയും കടത്തിവെട്ടിയ ഒരു പുതു ചരിത്രം നാം കണ്ടുകൊണ്ടിരിക്കുകയാണ്. 


നാം വിശ്വസിക്കുന്ന, ആദരിക്കുന്ന നമ്മുടെ നേതാക്കന്മാരുടെ/വ്യവസായികളുടെ കുത്തഴിഞ്ഞ ജീവിതകഥകൾ ഇതൊക്കെയാണന്നറിയുമ്പോൾ ലജ്ജിച്ച് തല താഴ്ത്തുകയെ നിർവാഹമുള്ളൂ.   


ഇറാനെതിരെയുള്ള അമേരിക്കയുടെ യുദ്ധം ഒരുപക്ഷെ, എപ്‌സ്റ്റീൻ ഫയലുകളെ കത്തിചാമ്പലാക്കിയേക്കാം. ലോകത്തെ യുദ്ധത്തിലേക്ക് തള്ളിവിട്ടാൽ രക്ഷപ്പെടുന്നത് പതിനായിരക്കണക്കിന് ലോകപ്രമുഖരുടെ മാനമാണെന്ന് നമുക്ക് വായിച്ചെടുക്കാം.

-ഹസ്സന്‍ തിക്കോടി(Phone: 9747883300 - email: hassanbatha@gmail.com)

Advertisment