/sathyam/media/media_files/2025/06/11/uULgjSqZ1PcHFEnoNnwr.jpg)
ഷെയ്ക്‌സ്പിയറുടെ വീടിന്റെ കവാടത്തിൽ ഒരു വയസ്സായ മരമുണ്ട്. ആ പടുകിഴവൻ മരം ഞങ്ങളോട് പറയുന്നുണ്ടായിരുന്നു: “എന്റെ ശിഖരത്തിലോ ഇലകളിലോ നിങ്ങളാരും തൊടരുത്, എനിക്ക് വയസ്സായി….നന്ദി”
നാനൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ആ കിഴവൻ മരത്തിലെഴുതിവെച്ച വാക്കുകൾ കാണാതെ സന്ദർശർക്ക് വീട്ടിനകത്ത് കയറാൻ കഴിയില്ല. ഒറ്റത്തവണ പത്തിലധികം പേരെ വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ സെക്യൂരിറ്റി വളരെ പ്രയാസപ്പെട്ടു. അതുകൊണ്ടുതന്നെ പുറത്തു നീണ്ട ക്യൂ ഉണ്ടായിരുന്നു.
/sathyam/media/media_files/2025/06/11/8lZhQ9idux2xx6CtBzIv.jpg)
ഷെയ്‌സ്‌പിയറുടെ വീടിന്റെ മുറ്റം
അത്രയൊന്നും ഉയരമില്ലാത്ത ഉമ്മറ വാതിലിലൂടെ തലയല്പം കുനിച്ചാണ് ഞാൻ കടന്നത്. അക്കാലത്തെ ഏറ്റവും വലിയ വീടുകളിലൊന്നായിരുന്നു അത്.
ബ്രിട്ടനിലെ ലതർവ്യാപാരിയായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും ഭൂവുടമയായിരുന്ന മേരി ആർഡനിന്റെയും മൂന്നാമത്തെ മകനായാണ് വില്യം ഷേക്സ്പിയർ ജനിച്ചത്.
ജുവാൻ, ജൂഡിത് എന്നീ രണ്ടു സഹോദരിമാരായിരുന്നു ഷേക്സ്പിയറിനുണ്ടായിരുന്നത്. അവരെക്കൂടാതെ ഗിൽബെർട്, റിച്ചാർഡ്, എഡ്മണ്ട് എന്നീ സഹോദരന്മാരും അദ്ദേഹത്തിന്റെ ഇളയവരായിട്ടുണ്ടായിരുന്നു.
തന്റെ പിതാവിന്റെ പ്രതാപവും കച്ചവടത്തകർച്ചയും നേരിട്ടനുഭവിച്ചറിഞ്ഞ ഷേക്സ്പിയർ, മനുഷ്യജീവിതത്തിലെ സ്ങ്കീർണാവസ്ഥകളെ പലപ്പോഴും നിർവചിച്ചത് അതിശയകരമായ ഭാഷ കൊണ്ടായിരുന്നു.
വീട്ടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാണുന്ന ലിവിങ് റൂമിന്റെ ഒരറ്റത്തിരുന്നാണ് ഷെയ്‌സ്‌പിയർ തന്റെ രചനകൾ നടത്തിയിരുന്നത്.
പക്ഷിത്തൂവൽ മഷികുപ്പിയിൽ മുക്കിയാണ് അക്കാലത്തെ എഴുത്തുകളെല്ലാം. രചനയുടെ മേശമേൽ മഷി മാഞ്ഞുപോയ കടലാസുകളും പക്ഷി തൂവലുകളും അതെപടി കാണാം.
/sathyam/media/media_files/2025/06/11/sol7Lez2EsCKRJgey8G3.jpg)
ഷെയ്‌സ്‌പിയറുടെ എഴുത്തുമുറി
/sathyam/media/media_files/2025/06/11/MhjRByl0E9J4PuOClt8M.jpg)
ഷെയ്‌സ്‌പിയർ ഉപയോഗിച്ച ഡൈനിങ് ടേബിൾ
ലിവിങ് റൂമിനപ്പുറം ചെറിയ അടുക്കളയും അതിനടുത്ത് ഒരു ഡൈനിങ് മേശയും ഉണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്ന ചെറിയ മുറിയുടെ ഇടുങ്ങിയ മരക്കോണിയിലൂടെ കയറിയാൽ മുകളിലെത്തും. അവിടെ ഷെയ്ക്‌സ്പിയറെ പ്രസവിച്ച കട്ടിലും അതിനടുത്തുതന്നെ ഷേക്സ്പിയറേ താരാട്ടുപാടി ഉറക്കിയ കൊച്ചു മരത്തൊട്ടിലും കാണാം.
/sathyam/media/media_files/2025/06/11/8Wqrafc1ciJ9TZPCngHN.jpg)
/sathyam/media/media_files/2025/06/11/uLYEgFV8abFg6ZkIcKV9.jpg)
ഷെയ്‌സ്‌പിയറെ പ്രസവിച്ച കട്ടിലും ഉറക്കിയ തൊട്ടിലും
ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തും, അഭിനേതാവും കവിയുമായിരുന്നു വില്യം ഷേക്സ്പിയർ. ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി ലോക സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്.
/sathyam/media/media_files/2025/06/11/CiXxudkmGCGMcfFcIYYM.jpg)
ഷെയ്ക്‌സ്പിയറുടെ വീടിന്റെ പുറകുവശം
ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല, എങ്കിലും മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം.
ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്.
നാടക ടിക്കറ്റുകൾ കിട്ടാനില്ല
ഇവിടത്തെ തിയേറ്ററുകളിൽ ഷെയ്‌സ്‌പിയറുടെ നാടകങ്ങൾ പലപ്പോഴായി പ്രദർശിപ്പിക്കാറുണ്ട്. മെയ് അവസാനം ഞാനിവിടെ എത്തിയെങ്കിലും ജൂൺ അഞ്ചിന് അവതരിപ്പിക്കുന്ന “മാക്ബെത്തിന്റെ” ടിക്കറ്റുകളെല്ലാം വിറ്റു കഴിഞ്ഞിരുന്നു.
അടുത്ത നാടക പ്രദർശനം ആഗസ്റ് രണ്ടിനാണ് “വെനീസിലെ കച്ചവടക്കാരൻ” (മർച്ചന്റ് ഓഫ് വെനീസ്) അതിന്റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റിരിക്കുന്നതായാണ് അറിഞ്ഞത്.
ഒക്ടോബറിന് മുമ്പ് റോമിയോ ആൻഡ് ജൂലിയറ്റും, ഹാംലറ്റും തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. നാടകം കളിക്കുന്ന അറിയിപ്പ് വന്നയുടനെതന്നെ ടിക്കറ്റുകൾ വിറ്റഴിക്കുന്നതിനാൽ സ്പോട് ബുക്കിംഗ് കിട്ടില്ല.
വലിയ തിയേറ്ററുകളിലാണ് നാടകം അവതരിപ്പിക്കുന്നത്. ഒരു ടിക്കറ്റിനായി മാസങ്ങൾ കാത്തിരിക്കണം. നാനൂറ് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ നാടകങ്ങൾ ലോകമനുഷ്യരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്നും പ്രചുരപ്രചാരമാണ് ഷേക്സ്പിയറുടെ നാടകങ്ങൾ.
പത്തൊൻപതാം നൂറ്റാണ്ടുമുതലാണ് ഷെയ്‌സ്‌പിയർ പ്രശസ്തിയിലേക്കുയരുന്നത്. ജീവിത കാലത്തുതന്നെ ഏവരാലും ബഹുമാനിക്കപ്പെട്ടിരുന്നെങ്കിലും ലോക സാഹിത്യത്തിലെ അത്ഭുതപ്രതിഭയായി അംഗീകരിക്കപെട്ടത് മരണശേഷമാണ്.
ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ചാൻസലിൽ ആണ്. 1623 മുൻപായി ആ പള്ളിയുടെ കിഴക്കേ ഭിത്തിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമകൂടി ഉൾപ്പെട്ട ഒരു സ്മാരകം പണിതിരുന്നു.
വിഷ്വപ്രസിദ്ധ സാഹിത്യകാരനായി അറിയപ്പെട്ടിരുന്ന വില്യം ഷെയ്ക്‌സ്പിയർ മനുഷ്യന്റെ വികാരത്തിന്റെയും സംഘട്ടനത്തിന്റെയും വ്യാപ്തി അവതരിപ്പിക്കുന്ന കൃതികൾ രചിക്കപ്പെട്ടതോടെ ലോകമെമ്പാടും വായിക്കപ്പെട്ടു.
ലോകപ്രശസ്ത എഴുത്തുകാരിൽ പലരും വില്യം ഷേക്സ്പിയറുടെ ജന്മവീട് സന്ദർശകരായി അവിടെ എത്തിയിട്ടുണ്ട്. 1834-ലാണ് ചാൾസ് ഡിക്കെൻസ് ഈ വീട്ടിൽ എത്തിയത്. ജോൺ കീറ്സ്, വാൾട്ടർ സ്‌കോട്, ഡനറ്റ് ഗബ്രീൽ റോസിറ്റി, ഹെന്ററി മില്ലർ, വില്യൻ സാറൊയൻ ഈ പ്രശസ്ത എഴുത്തുകാരിൽ ചിലർ മാത്രം.
/sathyam/media/media_files/2025/06/11/xSS4CcEct7aafzmer44M.jpg)
ചാൾസ് ഡിക്കെൻസ് വന്ന വർഷം രേഖപ്പെടുത്തിയ ഫലകം
രവീന്ദ്രനാഥ് ടാഗോറും ഷേക്‌സ്‌പിയറും
ഇന്ത്യയുടെ എക്കാലത്തെയും മഹാകവിയായിരുന്ന രവീന്ദ്രനാഥ് ടാഗോറിന്റെ ഒരു വലിയ പ്രതിമ ഷേക്സ്പിയറുടെ വീട്ടുമുറ്റത്തു കണ്ടതോടെ എന്റെ കൗതുകം ഏറിവന്നു. ഞങ്ങൾ അതിനരികിലേക്ക് നീങ്ങി. പ്രതിമക്കരികിൽ ഇന്ത്യുടെ പതാകയടക്കം കൊത്തിവെച്ച ഒരു അപൂർവ ഫലകവും ഉണ്ടായിരുന്നു.
/sathyam/media/media_files/2025/06/11/zoa7UXGI8kdEPJ7OWBB7.jpg)
പ്രതിമക്കരികിൽ ലേഖകൻ ഹസ്സൻ തിക്കോടി
വില്യം ഷേക്സ്പിയറുടെ മുന്നൂറാം ചാരമവാര്ഷികത്തിൽ ലോകമാദരിക്കുന്ന മഹാകവിയും നാടകകൃത്തുമായ ഷേക്സ്പിയറിനെകുറിച്ച് ടാഗോർ എഴുതിയ കവിത വായിക്കാനിടയായ അന്നത്തെ നമ്മുടെ ഇന്ത്യൻ ഹൈക്കമീഷണർ ഡോ: എം.എൽ.സിഗാവി ഷേക്സ്പിയറുടെ ജന്മവീട് സന്ദര്ശിച്ചശേഷം ബ്രിടീഷ് അധികാരികളെ ടാഗോറിന്റെ കവിതയുടെ പൊരുൾ അവതരിപ്പിച്ചു.
ലോകത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിക്കാത്ത ആദരവ് നൽകി 1916-ൽ ഇന്ത്യൻ മഹാകവിയുടെ ഒരു പ്രതിമ ലോകസാഹിത്യകാരനും ബ്രിട്ടീഷ്കവിപ്പട്ടം ലഭിച്ച “വില്യം ഷേക്സ്പിയറുടെ വീട്ടു വളപ്പിൽ സ്ഥാപിച്ചത് രോമാഞ്ചത്തോടെ മാത്രമേ ഏതൊരു ഇന്ത്യക്കാരനും അനുഭവിക്കാനാവൂ.
/sathyam/media/media_files/2025/06/11/b3Jg5d2sZnOTCUWm1SB4.jpg)
ഷേക്സ്പിയറുടെ ജനനത്തെകുറിച്ചുള്ള കൃത്യമായ രേഖകളൊന്നും ഇല്ലെങ്കിലും കണ്ടെടുത്ത രേഖകൾ സൂചിപ്പിക്കുന്നത് 1564-ഏപ്രിൽ 26-ന് സ്ട്രാറ്ഫോഡിലെ ഹോളി ട്രിനിറ്റി പള്ളിയിൽ വില്യം ഷേക്സ്പിയർ മതാചാരപ്രകാരമുള്ള മാമോദിസ മുങ്ങി എന്നതാണ്.
ആയതിനാൽ 1564 ഏപ്രിൽ 23-ന്നാണ് അദ്ധേഹം ജനിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ദാരുണമായ പ്രണയകഥയായ റോമിയോ ആൻഡ് ജൂലിയറ്റ് ഒഴികെ ഷേക്സ്പിയറുടെ ആദ്യ നാടകങ്ങൾ കൂടുതലും ചരിത്രങ്ങളിലൂന്നിയ തീമുകളായിരുന്നു.
ഷേക്സ്പിയർ തന്റെ ആദ്യ ഘട്ടത്തിൽ നിരവധി ഹാസ്യ നാടകങ്ങളും എഴുതിയിട്ടുണ്ട്. എന്നാൽ തന്റെ ഇരട്ടക്കുട്ടികളിൽ ഒരാൾ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചതോടെ ഷേക്സ്പിയർ തന്റെ എഴുത്തുലോകത്തുനിന്നും അന്തർമുഖനായിരുന്നു.
നീണ്ട എട്ടു വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം തന്റെ രചനകൾ പുറത്തുവിടുന്നത്. എ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം, മർച്ചന്റ് ഓഫ് വെനീസ്, മച്ഛ് അഡോ എബൌട്ട് നത്തിങ്, എസ് യു ലൈക് ഇറ്റ് എന്നിവ ആ കാലത്തേ സൃഷ്ടികളാണ്.
1600-ന് ശേഷമുള്ള സമയത്താണ് ഹാംലെറ്റ്, ഒഥല്ലോ, കിംഗ് ലിയാർ, മാക്ബത്ത് എന്നിവ എഴുതിയത്. ഷേക്സ്പിയറുടെ അവസാന ഘട്ടത്തിൽ സന്തോഷ-സന്താപ മിശ്രിതമായ നാടകങ്ങളും എഴുതി.
ദ വിൻഡീസ് ട്രെയിൻ, ദ ടെമ്പസ്റ് എന്നിവ അത്തരം നാടകങ്ങളായിരുന്നു. 1616 ഏപ്രിൽ 26-ന് ഷേക്സ്പിയർ മരിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പിൻഗാമികളായി ഷേക്സ്പിയർ കുടുംബത്തിൽ ആരും അവശേഷിക്കുന്നില്ല.
യുനെസ്കോയുടെ ഓർമകളുടെ ലോകത്തിൽ ഷേക്സ്പിയർ
സ്ട്രാറ്ഫോഡിലെ ആവോൺ നദിക്കു മുകളിൽ സ്ഥിതിചെയ്യുന്ന ഷേക്സ്പിയറുടെ ലോകം യുനെസ്കോയുടെ സാഹിത്യ ലോകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഷേക്സ്പിയറുടെ നാടും, വീടും, തെരുവും എല്ലാ യുനെസ്കോയുടെ ഓർമകളുടെ ലോകത്ത് (UNESCO’s MEMORY of the World programme) ഇടം പിടിച്ചിരിക്കുന്നു.
ഷേക്സ്പിയറുടെ ജീവിതം, രചനകൾ, നാടകങ്ങൾ, അഭിനയം, കവിതകൾ, വിൽപത്രം, വിവാഹം, കുട്ടികൾ എല്ലാം യുനെസ്കോയുടെ ഓർമ്മകളുടെ ലോകത്ത് ശേഖരിക്കപ്പെട്ടിരിക്കുന്നു.
ഷേക്സ്പിയറുടെ ജന്മനാട്ടിൽ രൂപീകൃതമായ Shakspeare Birthplace Trust and Education എന്ന സമിതിയും യുനസ്കോയും യോജിച്ചുകൊണ്ടാണ് ഷേക്സ്പിയറുടെ പൈതൃകം നിലനിർത്താനായി പ്രവർത്തിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ ലോകസാഹിത്യത്തെ മഹാനായ എഴുത്തുകാരനിലൂടെ പരിചയപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് യുനെസ്കോ ഏറ്റെടുത്തിരിക്കുന്നത്.
/sathyam/media/media_files/2025/06/11/uDqqMi0uxgHj1LSBgqHo.jpg)
സ്വന്തം കൈപ്പടയിൽ ഷേക്സ്പിയറുടെ എഴുത്തുകൾ
ഷേക്സ്പിയർ അദ്ധേഹത്തിന്റെ എല്ലാ രചനകളും സ്വന്തം കൈകൊണ്ടെഴുതിയതാണ്. പേപ്പറിൽ മഷിമുക്കി എഴുതിയവയെല്ലാം യുനെസ്കോയുടെ ശേഖരത്തിൽ വരുംതലമുറക്കായി സൂക്ഷിച്ചിരിക്കുന്നു.
ലോകത്തിലെ മഹാന്മാരായ എഴുത്തുകാരുടെയും ഗ്രന്ഥകർത്താക്കളുടെയും പഴയകാല രചനകൾ, ഈജിപ്തിൽ നിന്നും കിട്ടിയ ഖുർആൻ അടക്കം യുനെസ്കോയുടെ ഓർമ്മകളുടെ ലോകത്ത് രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഷേക്സ്പിയറുടെ ഏറ്റവും വിലപ്പെട്ട തൊണ്ണൂറോളം കയ്യെഴുത്തു പ്രതികൾ ഇതിനകം യുനെസ്കോയുടെ ഖജനാവിൽ സൂക്ഷിച്ചിരിക്കുന്നുണ്ട്. ഇതിൽ ആറ് രേഖകൾ ഷേക്സ്പിയറുടെ ട്രസ്റ്റിൽ നിന്നും ബാക്കി 84 ശേഖരങ്ങൾ ബ്രിട്ടീഷ് നാഷണൽ പുരാവസ്തു കേന്ദ്രത്തിൽ നിന്നും, ആംസ് കോളേജിൽ നിന്നും, ബ്രിടീഷ് ലൈബ്രറികളിൽ നിന്നുമാണ് യുനെസ്കോ കരസ്ഥമാക്കിയത്.
ഷേക്സ്പിയറുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന്മുമ്പേ ആ വലിയ വളപ്പിലൊരുക്കിയ ഒരു പുസ്തകശാലയിലേക്കാണ് ഞങ്ങൾ പോയത്. അവിടെ ഷേക്സ്പിയറുടേതായും, അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് പലരാലും എഴുതപ്പെട്ട ആയിരക്കണക്കിന് പുസ്തകങ്ങൾ വിൽപ്പനക്കുണ്ട്. അതോടൊപ്പം ഓർമ്മകൾ അയവിറക്കാനായി ഒരുപാട് സോവനീറുകളും ഉണ്ടവിടെ.
/sathyam/media/media_files/2025/06/11/YFqLMC5PS73ke67rSiah.jpg)
സ്റ്റേറ്റ്ഫോഡ് അപ്പോൺ ആവോൺ തെരുവിലെ ഷേക്സ്പിയരുടെ അതികായിക പ്രതിമ
പുറത്ത്, തെരുവിൽ തണുത്ത സൂര്യന്റെ നിഴലിൽ ഇരൂന്നു സൊറപറയുന്നവർ. അവിടെയും ഇവിടെയുമായി ധാരാളം കോഫീ ഷോപ്പുകൾ, ലഖു ഭക്ഷണശാലകൾ.
അവിടെ കൂടിയിരുന്നവർ ഇത്തിരിമുമ്പേ കണ്ട വീടിന്റെയും, എഴുത്തിന്റെയും, നാടകത്തിന്റെയും ഓർമ്മകൾ അയവിറക്കുന്നു. പല നാട്ടുകാരുണ്ട്, പലഭാഷക്കാരുണ്ട്, വേഷക്കാരുമുണ്ട്.
നാനൂറ് കൊല്ലങ്ങൾക്ക്മുമ്പ് ഈ തെരവുകൾ ഇങ്ങനെ ആയിരുന്നില്ല. ആവോൺ നദിയുടെ മറുകരയിലൂടെ ജീവിച്ച ഒരു മനുഷ്യൻ ലോകസാഹിത്യത്തിൽ എക്കാലത്തും വായിക്കപ്പെടുന്ന, പഠിപ്പിക്കപ്പെടുന്ന, അഭിനയിക്കപ്പെടുന്ന കൃതികളുടെ ആചാര്യനായിതീർന്നതെങ്ങനെയെന്ന് അവരിൽ പലരും സ്വയം ചോദിച്ചു.
അവരിൽ ഓരോരുത്തതും അവരവരുടെതായ ഭാവനയിൽ ആ കവിയുടെ, എഴുത്തുകാരന്റെ, നാടകകൃത്തിന്റെ, നടന്റെ അതിലുപരി ഒരു ഭർത്താവിന്റെ, സഹോദരന്റെ, പിതാവിന്റെ, മനുഷ്യ ബന്ധങ്ങളുടെ കഥകളെഴുതിയ, ലൈഫ് ഈസ് എ വാക്കിങ് ഷാഡോ എന്ന് ലോകത്തോട് പറഞ്ഞ മഹാന്റെ ചിത്രങ്ങൾ മനസ്സിൽ മെനെഞ്ഞെടുക്കുകയായിരുന്നു. (തുടരും).
-ഹസ്സൻ തിക്കോടി (Ph:9747883300, email: hassanbatha@gmail.com)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us