/sathyam/media/media_files/2025/06/24/hassan-thikodi-article-5-2025-06-24-17-39-19.jpg)
ലണ്ടൻ നഗരത്തിലെത്തുന്നവർ ബ്രിട്ടീഷ് ലൈബ്രററി കാണാതെ പോകരുത്. നിങ്ങൾ എഴുത്തുകാരനോ, വായനക്കാരനോ, കലാകാരനോ സാമൂഹ്യ പ്രവർത്തകനോ ആവണമെന്നില്ല, പക്ഷെ ഈ വായനശാല ഒന്നൊന്നര മാറ്റാണ്.
ഏതൊരു സാധാരണക്കാരനും കണ്ടാസ്വദിക്കാനും പഠിക്കാനും പാകത്തിലാണ് ഇതിന്റെ രൂപകൽപ്പനയും ആന്തരിക പ്രവർത്തനങ്ങളും. അറിവിന്റെ ഒരു മഹാലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും കയറിയിരുന്നു വായിക്കാനുള്ള ഒരു വിസ്മയ വായനശാല.
ലോകത്തിലെ ഏറ്റവും വലിയ ലൈബ്രററിയാണിത്. യുനൈറ്റഡ് കിംഡം (യു.കെ) കൂടാതെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ ഭാഷകളിൽ നിന്നുമായി ഏകദേശം ഇരുനൂറ് ദശലക്ഷം സാഹിത്യ-സാഹിത്യേതര കൃതികളുടെ ശേഖരം ഇവിടെയുണ്ട്.
അതിൽ 1,39,50,000 പൗരാണിക/ആനുകാലിക പുസ്തകംങ്ങളും 8,24,101 സീരിയൽ ടൈറ്റിലുകളും, 3,51,116 കയ്യെഴുത്തുപ്രതികളും 82,66,276 ഫിലാറ്റലികളും (സ്റ്റാമ്പ് ശേഖരം) 43,47,505 cartographic (ഭൂപടങ്ങൾ നിർമിക്കുന്ന കലയും ശാസ്ത്രവും) അറുപതുലക്ഷം ശബ്ദ രേഖകളും കൂടാതെ മുവ്വായിരം വർഷങ്ങൾ പഴക്കമുള്ള ഇതര ശേഖരങ്ങളും ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ്.
(ബ്രിട്ടീഷ് ലൈബ്രറിയുടെ ഏരിയൽ വ്യൂ)
വാർവിക്കിൽനിന്നും ഒന്നര മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താണ് ലണ്ടനിലെ “യൂസ്റ്റിൻ” എന്ന വിമാനത്താവള സമാനമായ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. നേരത്തെ പറഞ്ഞറീച്ചതിനാൽ എന്നെ കാത്ത് കോഴിക്കോട്ടുകാരൻ പി.എം. നാസ്സർ അവിടെ ഉണ്ടായിരുന്നു.
1988-മുതൽ ഇവിടെ സ്ഥിരം താമസമാക്കിയ ഒരു ഇന്ത്യൻ-ബ്രിട്ടീഷ് പൗരനാണദ്ദേഹം. ഏകദേശം ഇരുപത്തഞ്ചോ മുപ്പതോ വർഷങ്ങൾക്കുമുമ്പ് ഞാൻ ഇവിടെ വന്നപ്പോൾ നസ്സർക്കയെ കണ്ടിരുന്ന ചെറിയ ഒരോർമ്മ മനസ്സിൽ സൂക്ഷിച്ചിരുന്നു.
എങ്കിലും പ്രയാസമില്ലാതെ സ്റ്റേഷനിലെ തിരക്കിൽ ഞങ്ങൾ തമ്മിൽ തിരിച്ചറിഞ്ഞു. മൂന്നു പതിറ്റാണ്ടിന്റെ സ്നേഹമശ്രിതമായ ആശ്ലേഷണങ്ങൾ.
എല്ലായിടത്തും നാസ്സർക്കയുണ്ട്
ലണ്ടനിൽ സന്ദർശകരായെത്തുന്ന മലബാറിലെ ഒട്ടുമിക്ക മനുഷ്യരും നാസർക്കയുടെ സഹായം തേടാറുണ്ട്, അതിൽ രാക്ഷ്ട്രീയക്കാരുണ്ട്, മതമേധാവികളുണ്ട്, എഴുത്തുകാരുണ്ട് ഒപ്പം കച്ചവടക്കാരും.
എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും വഴിക്കാട്ടിയാവാനും നാസർക്ക ഉണ്ടാവും. കൂടാതെ ലണ്ടനിൽ നടക്കുന്ന മലയാളികളുടെ എല്ലാ കലാ-സംസ്‌കാരിക വേദികളിലും നാസർക്കായുടെ സാന്നിധ്യം സുനിശ്ചിതമാണ്.
1984-ൽ ഞാൻ ഇവിടെ വന്നപ്പോൾ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണറായ ഡോ: വി.എ.സെയ്ദ് മുഹമ്മദിനെ സന്ദർശിച്ചശേഷമുള്ള അഭിമുഖം അന്ന് ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
അക്കാലത്ത് തന്നെ ഇവിടെ മുപ്പതോളം മലയാളി സംഘടനകൾ ഉണ്ടായിരുന്നതായി ഞാനതിൽ എഴുതി. “ഉഷസ്സ്” എന്ന ഒരു മലയാളം മാസികയും അക്കാലത്ത് ഇവിടുന്ന് പ്രസിദ്ധീകരിച്ചിരുന്നു.
മലയാളി സംഘടനകൾ
സ്വാതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ ഹൈക്കമീഷണറായി നിയമിക്കപ്പെട്ട വി.ആർ. കൃഷ്ണ മേനോന്റെ (1947-1952) കാലത്താണ് MAUK (എംഎയുകെ) പുനർനാമം ചെയ്യപ്പെട്ടത്.
അതേവരെ 1930 മുതൽ അദ്ദേഹത്തിന്റെതന്നെ തണലിൽ പ്രവർത്തിച്ച കേരള സമാജം എന്ന പേരിലായിരുന്നു ഇവിടത്തെ മലയാളികൂട്ടായ്മയുടെ പ്രവർത്തനം. പിന്നീട് 1987 “എംഎയുകെ” ഒരു ട്രസ്റ്റ് ആയി രെജിസ്റ്റർ ചെയ്യുകയും “കേരള ഹൌസ്”എന്ന പേരിൽ ബ്രിട്ടീഷ് മലയാളികളുടെ ആസ്ഥാനം ലണ്ടനിലെ ഈസ്റ്റ്ഹാമിൽ സ്ഥാപിക്കുകയും ചെയ്തു.
ഇവിടെ വരുന്ന മലയാളിയുടെ ആശാകേന്ദ്രമായി തലയെടുപ്പോടെ അഭിമാനത്തിന്റെ ചിഹ്നമായി കേരള ഹൌസ് പ്രവർത്തിക്കുന്നു.
(വി.കെ.കൃഷ്ണ മേനോൻ)
“എംഎയുകെ” ലണ്ടനിലെത്തിയ ആദിമ മലയാളികളുടെ ചരിത്രരേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. അതിനായി ഹ്രസ്വകാല ഗവേഷകരെ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് ഇതിനകം ചെയ്തുകഴിഞ്ഞു.
മലയാളി അസോസിയേഷൻ ഓഫ് ദി യുകെയുടെ ചരിത്രത്തിലേക്കും അതിന്റെ രൂപീകരണത്തിലേക്കും അന്വേഷണാൽമകമായി തിരച്ചിൽ നടത്തി വസ്തുതകൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് ഗവേഷകരെ ആവശ്യമുണ്ട്. ഈ ഹ്രസ്വകാല പ്രോജക്ടിന്റെ സാരഥ്യം ഏറ്റെടുക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകുന്നതായിരിക്കും.
എംഎയുകെയുടെ വെബ്‌സൈറ്റിൽ ഇതിന്റെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പക്ഷെ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ച കാലം മുതൽ ഇവിടെ മലയാളിയും വന്നിരിക്കാം, അവരുടെ വംശ പരമ്പരയും മലയാളിയുടെ ജന്മവാസനയായ കലാ-സാംസ്‌കാരിക പരമ്പര്യത്തെയും കണ്ടെത്താനുള്ള എംഎയുകെയുടെ സംരംഭം വിജയിക്കട്ടെ.
ഓണത്തിന്റെ തയ്യാറെടുപ്പിൽ
അതോടൊപ്പം 1970-മുതൽ ഇടതടവില്ലാതെ എല്ലാവർഷവും വിപുലമായി ആഘോഷിക്കുന്ന ഓണത്തിന്റെ ഫ്ലായറുകളും എംഎയുകെ ഇപ്പോൾ തന്നെ പുറത്തിറക്കിയിട്ടുണ്ട്. “എംഎയുകെ”യെ കൂടാതെ മറ്റനേകം ചെറുതും വലുതുമായ മലയാളി സംഘടനകൾ യുകെയിൽ പ്രവർത്തിക്കുന്നു.
കോഴിക്കോട്ടെ കുറ്റിച്ചിറക്കാർക്ക് “തെക്കേപ്പുറം” എന്നപേരിൽ അവരുടേതായ പ്രാദേശിക കൂട്ടായ്മകളുണ്ട്. കെ.എം.സി.സിക്കുമുണ്ട് ലണ്ടനിൽ സാന്നിധ്യം. വേൾഡ് മലയാളി കൌൺസിൽ (WMC) ന്റെ രൂപീകരണവും ഇവിടെ വെച്ചാണെന്നാണ് അറിയാൻ കഴിഞ്ഞത്. 2017-ൽ നടന്ന “കേരളോത്സവം” അതി ഗംഭീര്യമായി ഇവിടെ ആഘോഷിക്കപ്പെട്ടിരുന്നു.
എം.എൻ. കാരശ്ശേരി കുടുംബസമേതം ലണ്ടനിൽ ഉണ്ടെന്ന വിവരം നാസ്സർക്കയാണ് എന്നോട് പറഞ്ഞത്. ഞാൻ ലണ്ടനിൽ വരുന്ന ദിവസം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “എങ്കിൽ നമുക്കൊന്ന് കൂടാം, ഞാൻ അതിനുള്ള ഏർപ്പാട് ചെയ്യാം”. ലണ്ടനിലെ തണുപ്പ് അല്പം മാറി ചൂടിലേക്ക് പ്രവേശിക്കുന്ന ആദ്യവാരം തന്നെ നാസ്സാർകായുടെ അതിമനോഹരമായ പുത്തൻ ഫ്ലാറ്റിൽ ഞങ്ങൾ ഒത്തുകൂടി.
(ലേഖകൻ ഹസ്സൻ തിക്കോടി, എം.എൻ.കാരശ്ശേരി)
ദീർഘനേരം കാരശ്ശേരിയുമായി സംസാരിച്ചു, അദ്ദേഹത്തിന്റെ കുവൈറ്റ് സന്ദർശന വേളയിൽ കുവൈറ്റിൽ എന്റെ വീട്ടിൽ വന്നതും, കുവൈറ്റ്ടൈസും അതിന്റെ ബിസിനസ്സ് എഡിറ്ററായിരുന്ന കാരശ്ശേരിയുടെ കൂടെ പഠിച്ച കെ.പി മോഹനെയും ഓർത്തെടുത്തു.
നാസ്സർക്കയുടെ കുടുംബത്തിന്റെ വകയായി തനി കോഴിക്കോടൻ വിഭവങ്ങളുടെ ചായ സൽക്കാരവും കൂടി ആയപ്പോൾ ലണ്ടനിലെ ആ വൈകുന്നേരം മറക്കാനാവാത്ത ഒരനുഭവമായി.
കാരശ്ശേരി മാഷ് ബ്രിട്ടീഷ് ലൈബ്രറിയിൽ
രാവിലെ ഞാൻ ബ്രിട്ടീഷ് ലൈബ്രററി സന്ദർശിച്ച വിവരം പറഞ്ഞപ്പോഴാണറിയുന്നത് കാരശ്ശേരി മാഷ് അവിടെ രണ്ടുമാസത്തോളം ഗവേഷകനായി പ്രവർത്തിച്ചിരുന്നെന്ന്. പക്ഷെ അന്നത്തെ ലൈബ്രറി പുതുക്കിപണിത ശേഷം അദ്ദേഹം അവിടെ പോയിട്ടില്ല.
ആധുനികവൽക്കരിക്കപ്പെട്ട ലൈബ്രറിയുടെ പുതിയ മുഖം എന്തൊക്കെയാണെന്ന് ഞാൻ വിവരിച്ചു. എന്റെ കുവൈറ്റ് വാസനാളിൽ അവിടത്തെ ബ്രിട്ടീഷ് എംബസിയുമായിചേർന്ന് ബ്രിട്ടീഷ് ലൈബ്രറിയിൽ എനിക്ക് അംഗത്വമുണ്ടായിരുന്നു. ഇറാഖ് അധിനിവേശത്തിന് ശേഷം അതടച്ചു. ഇപ്പോൾ പ്രവർത്തിക്കുന്നോ എന്നറിയില്ല.
സത്യത്തിൽ ബ്രിട്ടീഷ് ലൈബ്രറി കാണുക എന്റെ യാത്രയുടെ ഭാഗമായിരുന്നില്ല. നാസ്സർക്കയെ കണ്ടപാടെ അദ്ദേഹം എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത് അവിടേക്കാണ്. അന്ന് അവിടെ ആഗോള ബുക്ഫെയർ നടക്കുകയാണ്. എഴുത്തുകാരനായ എന്നെ അവിടെ എത്തിക്കുക നാസർക്കായുടെ ഒരു നിർബന്ധമായിരുന്നു.
1997-ലാണ് ഇന്ന് കാണുന്ന ബ്രിട്ടീഷ് ലൈബ്രറി സ്ഥാപിതമായത്. ആർകിടെക് “കോളിൻ സെന്റ് ജോൺ വിത്സനും” അദ്ധേഹത്തിന്റെ ഭാര്യ “എം.ജെ.ലോങ്ങും” കൂടിച്ചേർന്നാണ് ആറ് നിലകളുള്ള മനോഹരമായ ഈ കെട്ടിടം രൂപകൽപന ചെയ്തത്.
1998-ൽ എലിസബത്ത് രാഞ്ജി II ലോകത്തിന്റെ അഭിമാനമായ അറിവിന്റെ കേന്ദ്രം ജനങ്ങൾക്കായി തുറന്നുകൊടുത്തു. അതേവരെ ബ്ലൂംസ്ബറിയിൽ പ്രവർത്തിച്ച പഴയ ബ്രിട്ടീഷ് ലൈബ്രററി മൊത്തമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.
“വില്യം ഡാൽറിംപിളിസ്”
ഏറെ തിരക്കുള്ള സമയത്താണ് ഞങ്ങൾ ബ്രിട്ടീഷ് ലൈബ്രറിയിൽ കയറിച്ചെല്ലുന്നത്. അവിടെ ഒന്ന് കറങ്ങിയശേഷം ഞങ്ങൾ കോൺഫ്രൻസ് ഹാളിന്നടുത്തേക്ക് വന്നു.
അവിടം അപ്പോൾ ആഗോള ബുക്ക് ഫെസ്റ്റിന്റെ അവസാന ലാപ്പിലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരും വായനക്കാരും തമ്മിൽ സംവദിക്കുകയും അവരുടെ ബുക്കുകൾ വാങ്ങുന്ന തിരക്കിലുമായിരുന്നു.
ഒരു പാട് ഇന്ത്യൻ എഴുത്തുകാരെയും ബ്രിട്ടീഷ്-അയർലണ്ടിൽ നിന്നുള്ളവരും അവിടെ ഉണ്ടായിരുന്നു. എത്ര തിരഞ്ഞിട്ടും മലയാളി എഴുത്തുകാരെ ആരെയും അവിടെ കണ്ടില്ല.
ഒരുപക്ഷെ, ബുക്ഫെസ്റ്റിന്റെ അവസാന ദിനമായതിനാൽ അവരൊക്കെ സ്ഥലം വിട്ടിരിക്കുമെന്ന് കരുതിയപ്പോഴാണ് അവിചാരിതമായി ഒരു മലയാളി വായനക്കാരനെ കാണുന്നത്. അദ്ദേഹം “വില്യം ഡാൽറിംപിൾ” എന്ന എഴുത്തുകാരനെ പരതുകയായിരുന്നു.
അങ്ങനെ ആ മലയാളി യുവാവ് “വില്യം ഡാൽറിംപിളിന്റെ” പുസ്‌തകവുമായി അദ്ദേഹത്തിന്റെ കയ്യൊപ്പിനായി സമീപിച്ചപ്പോൾ ഞാനും ഒപ്പം കൂടി. The Golden Road എന്ന പുസ്തകത്തിന്റെ രചയിതാവ് വളരെ തിരക്കിലായിരുന്നു.
മലയാളി യുവാവ് കയ്യിലുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഒപ്പ് വാങ്ങിയശേഷം ഞങ്ങൾ ഒരല്പം സംസാരിച്ചു. ഇന്ത്യക്കാരായ ഞങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും സ്നേഹവും ഒന്നുരണ്ട് വാക്കിൽ ഒതുക്കി.
ഇന്ത്യയെ ഇഷ്ടപ്പെടുന്ന ഒരു നല്ല മനുഷ്യ സ്നേഹിയാണദ്ദേഹം. പ്രാചീന ഭാരതം ലോകത്തിന് നൽകിയ സംഭാവനകളെ കണ്ടെത്തുകയായിരുന്നു സ്വർണ്ണ വഴിയിലൂടെ അദ്ധേഹം വിവരിച്ചത്.
ഇന്ത്യയുടെ പൗരാണിക ചരിത്രം പഠിച്ചെഴുതിയ സ്‌കോട്ടിഷ് എഴുത്തുകാരനായിരുന്നു വില്യം ഡാൽറിംപിളിൾ. പത്തൊമ്പതാം വയസ്സിൽ കൂട്ടുകാരുമൊത്ത് ഡൽഹിയിലെത്തിയ വില്യം ഒരു ബസ്സ് യാത്രയിലാണ് ഇന്ത്യയുടെ പൗരാണിക ചരിത്രം അറിയാൻ കൗതുകം തോന്നുന്നത്.
പിന്നീട് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഒരു പാട് രേഖകൾ പഠിക്കുകയും ഇന്ത്യയുടെ പൗരാണിക ചിത്രം തന്റെ വായനക്കാരിലേക്കെത്തിക്കണമെന്നുള്ള വെമ്പലിൽ ഡൽഹിയിലെത്തി മൂന്നു മാസം താമസിച്ചു.
ഇന്ത്യയുടെ പലഭാഗങ്ങളും എഴുത്തിന്റെ ഭാഗമായി സന്ദർശിക്കുകയും ചെയ്തു. 2024-ലാണ് ഈ പുസ്തകം പൂർത്തിയാക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയിൽ അത് പ്രദർശിപ്പിക്കുന്നതും.
(തിരക്കിൽ ഒരൊപ്പ് “വില്യം ഡാൽറിംപിളിസ്” ബുക്കിൽ ഒപ്പു വെക്കുന്നു)
ഈ കൂടിക്കാഴ്ച തികച്ചും അവിചാരിതമായിരുന്നു, അറിയാത്ത എഴുത്തുകാരനെ ഒട്ടും പരിചയമില്ലാത്ത ലണ്ടനിൽ ജോലിചെയ്യുന്ന ഒരു യുവ മലയാളിയോടൊപ്പം കാണുക, ഇന്ത്യയുടെ പൗരാണികതയിൽ ആകൃഷ്ടനായ ഒരു വിദേശി എഴുത്തുകാരനെ പരിചയപ്പെടുക, ബെസ്റ്റ് സെല്ലെർ ആയ ആ പുസ്തകം അവിടെ വിൽക്കപ്പെടുകയും അത് വാങ്ങി എഴുത്തുകാരന്റെ ഒപ്പ് സ്പോട്ടിൽതന്നെ വാങ്ങിക്കുക.
എല്ലാം ഒരു പത്തു മിനുട്ടിനുള്ളിൽ സംഭവിച്ചു. നാസിർക്ക എന്നെ ബ്രിട്ടീഷ് ലൈബ്രററി കാണുവാൻ അവിടെ കൊണ്ടുപോയില്ലായിരുന്നെങ്കിൽ ഈ അപൂർവ നിമിഷം എനിക്ക് നഷ്ടമായേനെ.
ലൈബ്രറിയിൽ
ഏറെ വിപുലമായ സാങ്കേതിക സജ്ജീകരണത്തോടെയാണ് ഈ വായനശാല പ്രവർത്തിക്കുന്നത്. റോബോട്ടുകൾ നിയന്ത്രിക്കുന്ന പുസ്തക അലമാരകൾ, വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും പ്രത്യേകമായ ഇരിപ്പടങ്ങൾ, അവരുടെ പഠനത്തിനാവശ്യമായ സാങ്കേതിക യന്ത്രവൽകൃത ഉപകരണങ്ങൾ, ഡിജിറ്റൽവരിക്കപ്പെട്ട വായനയുടെയും പഠനത്തിന്റെയും റൂമുകൾക്ക് പുറമെ വിശാലമായ കോൺഫ്രൻസ് ഹാളുകൾ.
അവിടെ നിശ്ചിത ഇടവേളകളിൽ നടക്കുന്ന സെമിനാറുകൾ എന്നിവ ബ്രിട്ടീഷ് ലൈബ്രറിയുടെ പ്രത്യേകതകളിൽ ചിലത് മാത്രമാണ്.
(ലൈബ്രറിയിലെ വായനാ മുറി)
എന്നാൽ 2023 ഒക്ടോബർ 28-നു ലൈബ്രറിയുടെ എല്ലാ സംവിധാനങ്ങളും പൊടുന്നനെ നിലച്ചു. അപ്രതീക്ഷിതമായ ഒരു സൈബർ അറ്റാക്ക് അവരുടെ സാങ്കേതികമികവിനേറ്റ കനത്ത ആഘാതമായിരുന്നു. പിന്നീട് ഒരു വർഷമെടുത്താണ് എല്ലാം പുനഃസ്ഥാപിക്കാനായത്. അതും പഴയപടിയിൽ എത്തിച്ചേരാൻ 2025 ഏപ്രിൽ വരെ കാത്തിരുന്നു.
എല്ലാം ഡിജിറ്റലാക്കി മാറ്റിയതോടെ ഏകദേശം അഞ്ചു ദശലക്ഷം സൈറ്റുകളിൽ നിന്നായി ഒരു ബില്യൻ വെബ് പേജുകളുടെ ശേഖരം ഇന്നവിടെയുണ്ട്.
വിവരണാതീതമായ ഒരുപാട് സൗകര്യങ്ങളുടെ കൂമ്പാരമാണ് ഈ ലൈബ്രറി. 18,19 നൂറ്റാണ്ടുകളിലെ നാല് ദശലക്ഷം ലോക പത്രങ്ങളുടെ ഡിജിറ്റൽ ശേഖരം, 2010-ൽ ആരംഭിച്ച ബിസിനസ് സ്റ്റഡി പോർട്ടൽ, സംഗീതം, നാടകം , സാഹിത്യം എന്നിനങ്ങളിൽ നിന്നും 1,85,000 ടേപ്പുകൾ, ഷേക്സ്പിയർ മുതലുള്ളവരുടെ ചരിത്രങ്ങളും നാടകങ്ങളും, സർ ഐസക് ന്യൂട്ടന്റെ 32 വർഷത്തെ കെയിംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പഠിത്തവും ഗവേഷണങ്ങളും പ്രഭാഷണങ്ങളും വിഷ്വലൈസ് ചെയ്ത കാഴ്ചകൾ. അങ്ങനെ ഒരുപാട് ചരിത്രത്തിന്റെ അവശേഷിപ്പുകൾ ബ്രിട്ടീഷ് ലൈബ്രററിയുടെ പ്രത്യേകതകളിൽ ചിലത് മാത്രം.
ഇംഗ്ളീഷ് ഇല്ലാത്ത ഇന്ത്യ:
ഈ ലേഖനം എഴുതുമ്പോൾ അവിചാരിതമായാണ് നാട്ടിൽ നിന്നുള്ള ഒരു വാർത്ത എന്റെ ശ്രദ്ധയിൽ പെടുന്നത്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത്ഷാ ഏതോ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെ “ഇംഗ്ളീഷ് ഇല്ലാത്ത ഒരിന്ത്യ” അനതിവിദൂര ഭാവിയിൽ ഉണ്ടാവുമെന്നാണ് സൂചിക്കപ്പെട്ടത്.
ഇന്ത്യയുടെ സത്വംതന്നെ ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷകളിലാണ്. അവയുടെ പൈതൃകം വീണ്ടെടുക്കുന്ന ഒരു കാലത്തിനായി ഇന്നത്തെ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വാർത്ത കേൾക്കുന്നതിന് തൊട്ടുമുമ്പേ ഞാൻ ബ്രിട്ടീഷ് ലൈബ്രറിയിലെ ഭാഷാ വിഭാഗത്തിലെ ഇഗ്ളീഷ് ഭാഷയുടെ ഉത്ഭവത്തിന്റെ ചരിത്രം പരതുകയായിരുന്നു.
ഇംഗ്ളീഷ് ഭാഷയുടെ ഉത്ഭവം സൂചിപ്പിക്കുന്ന ഏതാനും രേഖകൾ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് ഏഴാം നൂറ്റാണ്ടിലാണ് ഒരു സംസാരഭാഷയായി തുടങ്ങുന്നത്. പശ്ച്യാത്യ-ജർമേനിക് ഭാഷ വിഭാഗത്തിൽ പെടുന്ന ഈ ഭാഷ കാലക്രമത്തിൽ ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയായും കണക്കാക്കപെട്ടിരുന്നു.
ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന ഇംഗ്ളീഷ് ഭാഷ ആധുനിക യുഗത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കച്ചവട ഭാഷകൂടിയാണ്. കമ്പ്യൂട്ടർ കോഡിങ്, രാജ്യാന്തര കച്ചവടം, ഉന്നത വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ഐ.ടി. മേഖലകൾ എന്നിവയിൽ ഏറ്റവും മുൻപന്തിയിൽ എത്തിച്ചേർന്നതാണ് ഇംഗ്ളീഷ് ഭാഷ.
ലൈബ്രറിയിൽ സൂക്ഷിച്ച Beowulf Manuscript പരിശോധിച്ചാൽ പഴയ ഇംഗ്ളീഷിന്റെ രൂപം മനസ്സിലാക്കാൻ കഴിയും. ആംഗ്ലോ-സാക്സൺ സംസ്കാരത്തിന്റെ ഭാഗമായി ഏഴാം നൂറ്റാണ്ടിൽ കൈകാര്യം ചെയ്തിരുന്നതായി കണക്കാക്കപ്പെടുന്നു.
Beowulf ഒരു കവിത രൂപത്തിൽ പഴയ ഇംഗ്ളീഷ് സാഹിത്യത്തിൽ അറിയപ്പെട്ടിരുന്നതായും അലക്‌സാണ്ടറുടെയും അരിസ്റ്റോട്ടിലിന്റെയും കത്തുകളിൽ ഈ ഭാഷ ഉപയോഗിച്ചിരുന്നതായും നമുക്ക് കണ്ടെത്താനാവും.
ഇംഗ്ളീഷ് ഭാഷയുടെ പുരാരേഖകൾ 1755-ലെ ഇംഗ്ളീഷ് ഭാഷ തർജമകൾ, ഷേക്സ്പിയറുടെ കാലത്ത് ഇംഗ്ളീഷ് ഭാഷയിൽ കൊണ്ടുവന്ന കാതലായ മാറ്റങ്ങൾ എല്ലാം ഡിജിറ്റലായും, കയ്യെഴുത്തായും ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തിൽ കാണാം.
ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാതെ ഇന്ത്യയിൽ ജീവിക്കാൻ പറ്റുമോ എന്നാണെങ്കിൽ “പറ്റും” എന്നാണ് എന്റെ ഭാഷ്യം. നൂറ്റിനാല്പത് കോടി ജനങ്ങളിൽ എത്ര ശതമാനം ആളുകൾ ഇന്ത്യയിൽ ഇംഗ്ളീഷ് കൈകാര്യം ചെയ്യുന്നുണ്ട്, പക്ഷെ അതിന് പരിമിതികൾ ഏറെയാണ്. പ്രത്യേകിച്ച് ഇന്നത്തെ ആഗോളവത്കരിക്കപ്പെട്ട ജീവിത സാഹചര്യങ്ങളിൽ.
(വിവിധ ഭാഷാ ലാബ്)
ഇരുപത്തിരണ്ടോളം ഭാഷകളും നൂറായിരം ഉപഭാഷകളും ഉള്ള ഇന്ത്യയിൽ ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്തില്ലെങ്കിൽ തെറ്റൊന്നുമില്ല. പ്രാദേശികമായ നിത്യ ജീവിതത്തിൽ അതൊരു വെല്ലുവിളിയായി കാണേണ്ടതുമില്ല. വിദ്യാഭാസവും, കച്ചവടവും, സർക്കാർ വിനിമയങ്ങളും പ്രാദേശിക ഭാഷയിൽ കൈകാര്യം ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല.
പക്ഷെ അത് അവിടെ മാത്രം ഒതുക്കാൻ പുതു തലമുറക്കാവുമോ എന്നതിലാണ് പ്രശ്നം. പ്രാദേശിക ഭാഷകൾ മാത്രം ഉപയോഗിച്ചു് ആധുനിക കാലത്ത് ജീവിക്കാനാവില്ല. ലോകത്തിന്റെ വൈവിധ്യമാർന്ന വാതിലുകൾ തുറക്കണമെങ്കിൽ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം കൂടിയേ തീരൂ. ഭാവി തലമുറ ഭാഷയുടെ അനിവാര്യത തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ല.
(സ്ട്രാറ്ഫോഡ് റയിൽവേ സ്റ്റേഷൻ-ഒളിമ്പിക് നഗരത്തിലേക്കുള്ള കവാടം, നാസർക്കയോടൊപ്പം ലേഖകൻ)
എല്ലാം കണ്ടു തീർന്നപ്പോൾ നാസർക്ക എന്നെ യാത്രയാക്കാനുള്ള തിടുക്കമായി. ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്രെയിൻ കയറി വേണം ഞാൻ വന്നിറങ്ങിയ യൂസ്റ്റിൻ സ്റ്റേഷനിലിത്താൻ. സ്ട്രാറ്ഫോഡ് സ്റ്റേഷനിൽ നിന്നും ഞാൻ യൂസ്റ്റിനിലേക്ക് യാത്രയാകും. അവിടുന്ന് മറ്റൊരു ട്രെയിനിൽ കോവെന്ററിയിലേക്ക്.
സ്റ്റേഷനിൽ എത്തിയപ്പോൾ നാസർക്കായുടെ ബാഗിൽ സൂക്ഷിച്ച ചിക്കീറ്റാ പഴം തന്നുകൊണ്ടു പറഞ്ഞു “ഇനി നമ്മൾ കാണും വരെ എന്റെ ഓർമ്മക്കായി ഹസ്സൻ ഈ പഴം കഴിക്കൂ”. മധുരമുള്ള ആ പഴത്തിനു നാസർക്കായുടെ സ്നേഹത്തിന്റെ ഇരട്ടി മധുരമുള്ളതായി തോന്നി. അവന്തി വെസ്റ്റ് കോസ്റ്റ് ട്രെയിൻ ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്.
സ്വകാര്യകമ്പനിക്ക് ഷെയറുള്ള ട്രെയിനുകളാണധികവും. വണ്ടി നീങ്ങിയതോടെ നാസർക്കായുടെ രൂപവും മാഞ്ഞില്ലാതായി. പുറകോട്ടുപോകുന്ന പ്രകൃതിയെ നോക്കി പച്ചപ്പുള്ള സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കയ്യിലിരുന്ന പുസ്തകത്തിൽ കണ്ണ് നട്ടിരുന്നു.
ട്രയിനിലെ കച്ചവട ബോഗി തുറന്നതായ അറിയിപ്പ് വന്നതോടെ യാത്രക്കാർ സ്നാക്സുകളും, കോഫിയും വാങ്ങാനായി കമ്പാർട്മെന്റുകളിലൂടെ നടന്നു കൊണ്ടിരുന്നു. എന്റെ യാത്ര അവസാനിക്കാൻ ഒരുമണിക്കൂർ പത്ത് മിനുട്ട് വേണം. (തുടരും)
-ഹസ്സന്‍ തിക്കോടി (Phone: 9747883300, email: hassanbatha@gmail.com)